ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ ഇരുന്ന വയോധികനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ചു. ഷാജഹാന്‍പൂരിലെ മദ്‌നാപൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് നുന്‍ഹുകു ജാതവ് എന്ന 70കാരനു മര്‍ദനമേറ്റത്. ക്ഷേത്രത്തില്‍ നിന്നു പോകാനുള്ള ആവശ്യം വൃദ്ധന്‍ അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ചെരുപ്പൂരി അടിക്കുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്തത്. വൃദ്ധനെ കൈത്തോക്ക് ചൂണ്ടി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഭയന്നുപോയ ജാതവ്, ഭാര്യയോടൊപ്പം മദ്നാപൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയും പരാതി നല്‍കുകയും ചെയ്തു. തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ജാതവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മദ്നാപൂരില്‍ ജാതി അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.