ശൈഖ് സായിദ് റോഡിലൂടെ നാളെ സൈക്കിളോടിക്കാം

Wait 5 sec.

ദുബൈ| ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നഗര ഹൃദയത്തിലൂടെ സൈക്കിളോടിക്കാൻ അവസരം. ദുബൈ റൈഡിന്റെ ആറാമത് എഡിഷനിലാണ് ഈ ആഘോഷ പരിപാടി നടക്കുക. മേഖലയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിംഗ് പരിപാടിയായ ദുബൈ റൈഡ് നാളെയാണ് നടക്കുന്നത്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, ദുബൈ വാട്ടർ കനാൽ, ബുർജ് ഖലീഫ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലൂടെയാണ് സഞ്ചാര പാത. പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ വിഭാഗം ഉൾപ്പെടെ എല്ലാ സൈക്ലിംഗ് പ്രേമികളെയും വിവിധ കഴിവുകളുള്ളവരെയും ഉൾക്കൊള്ളുന്നതിനായി ഒന്നിലധികം റൂട്ടുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.ശൈഖ് സായിദ് റോഡിലൂടെയുള്ള 12 കി.മീ റൂട്ട് ആണ് ഇതിൽ പ്രധാനം. ഡൗൺടൗൺ ദുബൈയിലൂടെയുള്ള 4 കി.മീ ലൂപ് കുടുംബങ്ങളെക്കൂടി ഉൾക്കൊള്ളും. പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ വിഭാഗക്കാർക്കായി ഹാൻഡ് സൈക്കിളുകൾ, ടാൻഡം ബൈക്കുകൾ, അനുയോജ്യമായ സൈക്കിളുകൾ എന്നിവ ഉൾക്കൊള്ളാൻ കഴിയുന്ന പ്രത്യേക പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്.മുൻനിര സൈക്ലിസ്റ്റുകൾക്ക് അവരുടെ പരിധി മറികടക്കാനും ഐതിഹാസികമായ ദുബൈ റൈഡ് റൂട്ടിലൂടെ അതിവേഗ സൈക്ലിംഗ് അനുഭവിക്കാനും അവസരം നൽകുന്ന “ദുബൈ റൈഡ് സ്പീഡ് ലാപ്‌സ്’ 12 കി. മീ. റൂട്ടിലാണ് നടക്കുന്നത്. ഇത് കുറഞ്ഞത് 30 കി. മീ. വേഗത നിലനിർത്താൻ കഴിയുന്ന റേസർ ബൈക്കുകൾ ഉപയോഗിക്കുന്ന മുൻനിര സൈക്ലിസ്റ്റുകൾക്കായി മാത്രമാണ്.റോഡ് അടച്ചിടുംനാളെ പുലർച്ചെ 3.30 മുതൽ 10.30 വരെ ദുബൈയിലെ ചില റോഡുകൾ അടച്ചിടുമെന്ന് ആർ ടി എ അറിയിച്ചു. ശൈഖ് സായിദ് റോഡിൽ ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് മുതൽ അൽ ഹദീഖ റോഡ് ബ്രിഡ്ജ് വരെയുള്ള ഭാഗം, ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൗളിവാർഡിൽ നിന്ന് ഒരു ദിശയിലേക്കുള്ള റോഡ് എന്നിവയാണ് അടച്ചിടുക.ഗതാഗതം സുഗമമാക്കാൻ ബദൽ റൂട്ടുകൾ ഒരുക്കിയിട്ടുണ്ട്. അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ്, സഅബീൽ പാലസ് റോഡ്, അൽ വസൽ റോഡ്, അൽ ഖൈൽ റോഡ്, അൽ അസായൽ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാനാവും.സാലിക് നിരക്കുകൾ പുതുക്കിദുബൈ റൈഡിനോടനുബന്ധിച്ച് നാളെ സാലിക് ടോൾ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ പത്ത് വരെ ആറ് ദിർഹമും വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെ നാല് ദിർഹമും ആണ് ഈടാക്കുക. തിരക്ക് കുറഞ്ഞ സമയങ്ങളായ രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെയും രാത്രി എട്ട് മുതൽ പുലർച്ചെ ഒന്ന് വരെയും നാല് ദിർഹമായിരിക്കും നിരക്ക്.പ്രധാനപ്പെട്ട കമ്മ്യൂണിറ്റി പരിപാടികളിൽ സുഗമമായ ഗതാഗതമുറുക്കാനും റോഡ് ഉപയോക്താക്കൾക്ക് സ്മാർട്ട് മൊബിലിറ്റി അനുഭവം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് സാലിക് കമ്പനി അധികൃതർ വിശദീകരിച്ചു.