ബെംഗളൂരു | ഓഫീസിലെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവിലെ ഡാറ്റ ഡിജിറ്റല്‍ ബേങ്ക് എന്ന കമ്പനിയുടെ ഓഫീസില്‍ ശനിയാഴ്ച രാത്രി 1.30ഓടെയാണ് സംഭവം.ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് ബാബു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സഹപ്രവര്‍ത്തകന്‍ സോമലവന്‍ശി (24) പോലീസില്‍ കീഴടങ്ങി.സിനിമാ ഷൂട്ടിങ് വീഡിയോകള്‍ സൂക്ഷിക്കുന്ന കമ്പനിയുടെ ഓഫീസില്‍ രാത്രി ഷിഫ്റ്റില്‍ ഉണ്ടായിരുന്ന ഇരുവരും തമ്മില്‍ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയായിരുന്നു.തര്‍ക്കം രൂക്ഷമായതോടെ, വിജയവാഡ സ്വദേശിയായ സോമലവന്‍ശി ഓഫീസിലിരുന്ന ഡംബല്‍ എടുത്ത് ഭീമേഷ് ബാബുവിന്റെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭീമേഷ് ബാബു തത്ക്ഷണം മരിച്ചു. സഹപ്രവര്‍ത്തകന്‍ മരിച്ചെന്ന് മനസിലായ പ്രതി അവിടെനിന്ന് നേരെ ഗോവിന്ദരാജ് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.