ചെന്നൈ | ഐ പി എസ് പദവി രാജിവെച്ച് ബി ജെ പിയിലെത്തുകയും സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്ത കെ അണ്ണാമലൈയെ ചുറ്റിപ്പറ്റി തമിഴ് രാഷ്ട്രീയത്തിൽ വൻ വിവാദം. അദ്ദേഹം ബി ജെ പി വിട്ട് പുതിയ പാർട്ടി രൂപവത്കരിക്കാൻ പോകുന്നുവെന്ന അഭ്യൂഹം ശക്തമാണ്. എ ഐ എ ഡി എം കെയിലെ പ്രശ്‌നങ്ങളിൽ അണ്ണാമലൈക്ക് കൈയുണ്ടെന്നാണ് മറ്റൊരു ആരോപണം. ഇവയെല്ലാം നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.ബി ജെ പിയിൽ നിൽക്കണമെന്ന് തോന്നിയാൽ നിൽക്കും. പോകണമെന്ന് തോന്നിയാൽ പോകും. രാഷ്ട്രീയമില്ലെങ്കിൽ കൃഷിപ്പണിക്ക് പോകുമെന്നാണ് വെള്ളിയാഴ്ച കോയമ്പത്തൂരിൽ വാർത്താ ലേഖകരോട് സംസാരിക്കവേ അണ്ണാമലൈ പറഞ്ഞത്.തോക്കിൻമുനയിൽ നിർത്തി ഒരാളെയും പാർട്ടിയിൽ ഉറപ്പിച്ച് നിർത്താനാകില്ല. രാഷ്ട്രീയം സ്വമേധയാ സ്വീകരിക്കേണ്ട ഒന്നാണ്. സ്വന്തം പണം ചെലവിട്ടാണ് ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടാണ് രാഷ്ട്രീയത്തിൽ വന്നത്. അല്ലെങ്കിൽ ജോലി കളഞ്ഞ് രാഷ്ട്രീയ പ്രവർത്തകനാകില്ലായിരുന്നു.തമിഴ്‌നാട്ടിൽ സംശുദ്ധ രാഷ്ട്രീയം നൽകാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ബി ജെ പിയിൽ ചേർന്നതും തുടരുന്നതും. തമിഴ്‌നാട്ടിൽ നല്ല രാഷ്ട്രീയം നൽകാൻ ഒരു സഖ്യം ഉയർന്നുവരുമെന്ന പ്രതീക്ഷയോടെ പാർട്ടിക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കും. സമയം വരുമ്പോൾ ഞാൻ തീർച്ചയായും സംസാരിക്കും. ഒരു കർഷക കുടുംബത്തിൽ നിന്ന് വരുന്ന തനിക്ക് പുതിയ പാർട്ടിയുണ്ടാക്കാനുള്ള കഴിവൊന്നുമില്ല. പരിമിതികളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.എ ഐ എ ഡി എം കെ നേതാക്കളുടെ വിമർശങ്ങളെക്കുറിച്ചും അണ്ണമലൈ തുറന്നടിച്ചു. ഞാൻ സംസാരിക്കാൻ തുടങ്ങിയാൽ പലതും പറയും. ഞാൻ ഇതുവരെ എ ഐ എ ഡി എം കെയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, എന്നാൽ അവരുടെ നേതാക്കൾ എന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അമിത് ഷാക്ക് കൊടുത്ത വാക്ക് കാരണമാണ് ഞാൻ സംയമനം പാലിക്കുന്നത്. എന്റെ ക്ഷമക്കും ഒരതിരുണ്ട്’ – ബി ജെ പി മുൻ അധ്യക്ഷൻ കൂട്ടിച്ചേർത്തു.എ ഐ എ ഡി എം കെ നേതാവ് സെങ്കോട്ടയ്യനെ കഴിഞ്ഞ ദിവസം പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് പുറത്താക്കിയിരുന്നു. നേരത്തേ പാർട്ടിയിൽ നിന്ന് പുറത്തുപോയ ഒ പനീർസെൽവം, ടി ടി വി ദിനകരൻ, തുടങ്ങിയവരെ സെങ്കോട്ടയ്യൻ കണ്ടതിന് പിറകേയായിരുന്നു പുറത്താക്കൽ. ഇതടക്കം എ ഐ എ ഡി കെയിലെ പ്രശ്‌നങ്ങളിൽ അണ്ണാമലൈക്ക് പങ്കുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.