കോഴിക്കോട് | “തണലറ്റവർക്ക് തുണയാകുക’ ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന സാന്ത്വനവാരത്തിന് തുടക്കമായി. ഈ മാസം ഏഴ് വരെയാണ് ഈ വർഷത്തെ സാന്ത്വനവാരം. സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്്മദുൽ കബീർ രിഫാഈ തങ്ങളുടെ വഫാത് മാസത്തിലാണ് വിവിധ സാന്ത്വന, സേവന പ്രവർത്തനങ്ങൾ നടത്തിവരാറുള്ളത്. തിരുവസന്തം 1500ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സാന്ത്വനവാരത്തിൽ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. സാന്ത്വന പ്രവർത്തനങ്ങൾ ജീവിത സംസ്‌കാരമായി വളർത്താൻ പ്രചോദനം നൽകുകയാണ് സാന്ത്വനവാരം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.വാരത്തിന്റെ ഭാഗമായി സർക്കാർ ആശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, പകൽവീടുകൾ, റിഹാബിലിറ്റേഷൻ സെന്ററുകൾ, വൃദ്ധസദനങ്ങൾ, കുഷ്ഠരോഗ ആശുപത്രികൾ തുടങ്ങിയവ സന്ദർശിച്ച് ആവശ്യമായ സേവനങ്ങൾ ചെയ്യും. രോഗീ സന്ദർശനം, പ്രവർത്തകർക്ക് മയ്യിത് പരിപാലന പരിശീലനം, അവശരെ കേൾക്കുക, വിധവകൾ, അനാഥ, അഗതികൾ എന്നിവർക്ക് ഭക്ഷണം, വസ്ത്രം എന്നിവ നൽകൽ, രോഗികൾക്ക് മെഡിക്കൽ സഹായം, രിഫാഈ മൗലിദ് മജ്്ലിസ്, ഇദ്ഖാലു സുറൂർ എന്നീ പരിപാടികൾ നടക്കും. നഗരങ്ങളിൽ ബസ് സ്റ്റാൻഡ്, റെയിൽവേ പരിസരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സാന്ത്വനമേകും.സാന്ത്വനവാരാചരണത്തോടനുബന്ധിച്ച് ഈ മാസം അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്‌കാരിക നേതാക്കളുടെയും സംഗമത്തിൽ ഒരു കോടിയോളം രൂപയുടെ ഈ വർഷത്തെ മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ വിതരണം നടക്കും.