തിരുവനന്തപുരം| കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ ചരിത്രപരമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്: രാജ്യം കണ്ട ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്തെ അതിദരിദ്രരായി കണ്ടെത്തിയ മുഴുവൻ ആളുകളെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്നാണ് സർക്കാരിന്റെ അവകാശവാദം. ഇതോടെ, ആഗോളതലത്തിൽ, ചൈനയ്ക്ക് ശേഷം ഇത്രയും സമഗ്രമായി ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന രണ്ടാമത്തെ പ്രദേശമായി കേരളം മാറിയതായും സർക്കാർ പറയുന്നു.അതിദരിദ്രർ: ആരാണവർ?സാധാരണ ശേഷികളുടെ അഭാവത്തെയാണ് ദാരിദ്ര്യം എന്ന് നിർവചിക്കുന്നതെങ്കിൽ, അതിതീവ്രമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ് അതിദരിദ്രർ. ഇവരെ തിരിച്ചറിയാൻ നാല് പ്രധാന ഘടകങ്ങളാണ് മാനദണ്ഡമാക്കിയത്: ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നിവ.പരിമിതമായ വരുമാനം വെച്ച് മുന്നോട്ടുപോകാൻ ദരിദ്രർക്ക് കഴിയുമെങ്കിലും, അതിദരിദ്രർക്ക് സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും വലിയ പിന്തുണയില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പോലും കഴിയാത്തതിനാൽ ഇവർക്ക് തൊഴിലുറപ്പ്, റേഷൻ, പാർപ്പിട പദ്ധതികൾ പോലുള്ള നിലവിലുള്ള ദാരിദ്ര്യ നിർമ്മാർജന പദ്ധതികളുടെ പ്രയോജനം പോലും പലപ്പോഴും ലഭിക്കാറില്ല.പദ്ധതിയുടെ ആസൂത്രണംരണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. 2021 ജൂലൈയിൽ തന്നെ ഇതിനായുള്ള സർവേ നടപടികൾ ആരംഭിച്ചു. മുൻമാതൃകകളില്ലാതിരുന്നതിനാൽ, തൃശ്ശൂരിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്, വയനാട്ടിലെ തിരുനെല്ലി എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ പൈലറ്റ് പ്രോജക്റ്റ് നടത്തി. ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കിയത്.അതിദരിദ്രരെ കണ്ടെത്തിയ രീതിഭക്ഷണം, വാസസ്ഥലം, വരുമാനം, ആരോഗ്യം എന്നീ നാല് ഘടകങ്ങളുടെ അഭാവം മാനദണ്ഡമാക്കി. ഇതിനായി മൊബൈൽ ആപ്പ് ഉപയോഗിച്ചു. വാർഡ് തല സമിതികളും സന്നദ്ധ പ്രവർത്തകരും പ്രവർത്തിച്ചു. നാല് ലക്ഷത്തിലേറെ പേർക്ക് പരിശീലനം നൽകി. ഇവർ കണ്ടെത്തിയ കുടുംബങ്ങളെ ബ്ലോക്ക് തല ഉദ്യോഗസ്ഥർ പുനഃപരിശോധന നടത്തി, തുടർന്ന് വാർഡ്/ഗ്രാമസഭകൾ അംഗീകരിച്ചു.സർവേയുടെ ഭാഗമായി 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെയാണ് സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയത്. മലപ്പുറം (13.4%), തിരുവനന്തപുരം (11.4%) ജില്ലകളിലാണ് ഏറ്റവും കൂടുതൽ അതിദരിദ്രരുള്ളത്. കോട്ടയത്ത് ഏറ്റവും കുറവും ആലപ്പുഴയിലെ കുമാരപുരം, കാസർഗോഡെ കള്ളാർ പഞ്ചായത്തുകളിൽ ആരുമില്ലെന്നും കണ്ടെത്തി. തെരുവിൽ അലഞ്ഞുതിരിയുന്നവരും കടത്തിണ്ണകളിൽ ഉറങ്ങുന്നവരും മുൻപ് പദ്ധതികളിൽ ഉൾപ്പെടാതിരുന്നവരും ഈ പട്ടികയിൽ ഇടം നേടി.നിർമ്മാർജ്ജന വഴികൾഓരോ അതിദരിദ്ര കുടുംബത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട്, അതത് ഫോക്കസ് ഗ്രൂപ്പുകളുടെ കൂടിയാലോചനകളോടെ വ്യക്തിഗത മൈക്രോ മാനേജ്‌മെൻ്റ് പ്ലാനുകൾ തയ്യാറാക്കി. രേഖകൾ ഉറപ്പാക്കലാണ് ആദ്യം ചെയ്തത്. മുൻപ് പദ്ധതികളിൽ നിന്ന് പുറത്തായതിന് പ്രധാന കാരണം രേഖകളുടെ അഭാവമായിരുന്നു. റേഷൻ കാർഡ്, വോട്ടർ ഐ ഡി, ആധാർ, തൊഴിൽ കാർഡുകൾ, കുടുംബശ്രീ അംഗത്വം ഉൾപ്പെടെ 21,263 രേഖകൾ കൈമാറി.ഭക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കിയതാണ് അടുത്ത ഘട്ടം. 20,648 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും കുടുംബശ്രീ ഹോട്ടലുകൾ വഴി പാചകം ചെയ്ത ഭക്ഷണവും ഉറപ്പാക്കി. ആരോഗ്യപ്രശ്‌നമുള്ളവർക്ക് ചികിത്സ ലഭ്യമാക്കി.പാർപ്പിടം, വരുമാനം എന്നിവയിലും ശ്രദ്ധയൂന്നി. 473 കോടി രൂപ ചെലവഴിച്ചാണ് പാർപ്പിട പദ്ധതി നടപ്പാക്കിയത്. ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകി ലൈഫ് പദ്ധതി വഴി വീടുകൾ അനുവദിച്ചു. 11,340 കുടുംബങ്ങളെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി. 5,400-ൽ അധികം പുതിയ വീടുകൾ പൂർത്തിയാക്കുകയോ നിർമ്മിക്കുകയോ ചെയ്തു. 5,522 വീടുകൾ അറ്റകുറ്റപ്പണികൾ നടത്തി. 428 ഏകാംഗ കുടുംബങ്ങളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി. 4,394 കുടുംബങ്ങൾക്ക് വരുമാനം നേടാനുള്ള പദ്ധതികൾ നൽകി.ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ‘ചെക്ക്’, ‘സൂപ്പർചെക്ക്’ എന്നിവ പൂർത്തിയാക്കിയാണ് സംസ്ഥാനതല നേട്ടം ഉറപ്പിച്ചത്. പദ്ധതിക്കായി ഇതുവരെ ആയിരം കോടി രൂപയിലധികം ചെലവഴിച്ചു. ഇപ്പോഴും ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും രണ്ടാഴ്ചയിലൊരിക്കൽ ഈ കുടുംബങ്ങളെ സന്ദർശിച്ച് സഹായങ്ങൾ ഉറപ്പാക്കുന്നുണ്ട്.വിമർശന ശരങ്ങൾഈ നേട്ടം ഒരു തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. മാത്രമല്ല, കേന്ദ്ര സർക്കാർ പദ്ധതികളുടെ സഹായത്തിലാണ് ഈ നേട്ടം കൈവരിച്ചതെന്ന വാദവുമായി ബി ജെ പി സംസ്ഥാന നേതൃത്വവും പ്രഖ്യാപനത്തെ ചോദ്യം ചെയ്യുന്നുണ്ട്.സർക്കാരിൻ്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനെതിരെ സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള ഒരു വിഭാഗം ചോദ്യമുയർത്തി രംഗത്തെത്തി. മഞ്ഞക്കാർഡ് ഉടമകളായ 5.29 ലക്ഷം പേർക്ക് സൗജന്യ അരിയും ഗോതമ്പും (കേന്ദ്രം സൗജന്യമായി നൽകുന്നത്) കിട്ടുമ്പോൾ, അതിദരിദ്രരുടെ എണ്ണം എങ്ങനെ 64,006 ആയി കുറഞ്ഞുവെന്നും ബാക്കിയുള്ളവരുടെ ദാരിദ്ര്യം ഇല്ലാതാക്കിയത് എങ്ങനെ എന്നും ഡോ എം എ ഉമ്മൻ, ഡോ കെ പി കണ്ണൻ, ആർ വി ജി മേനോൻ എന്നിവരുൾപ്പെടെയുള്ളവർ കത്തിലൂടെ സർക്കാരിനോട് ചോദിച്ചു.എന്നാൽ, ദാരിദ്ര്യത്തിൻ്റെയും അതിദാരിദ്ര്യത്തിൻ്റെയും നിർവചനം വ്യക്തമാക്കിയാണ് സർവേ നടത്തിയത് എന്നും ഇതിൻ്റെ മാനദണ്ഡങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നും മന്ത്രി എം ബി രാജേഷ് മറുപടി നൽകി. സർക്കാരിൻ്റെയും പൊതുസമൂഹത്തിൻ്റെയും പങ്കാളിത്തത്തോടെ നടത്തിയ സർവേയെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചോദ്യം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.