ആറ്റിങ്ങലില്‍ ഹരിത കര്‍മ സേനാംഗങ്ങളായ സ്ത്രീകളെ മര്‍ദിച്ചു; പ്രതി അറസ്റ്റില്‍

Wait 5 sec.

തിരുവനന്തപുരം| ആറ്റിങ്ങലില്‍ ഹരിത കര്‍മ സേനാംഗങ്ങളായ സ്ത്രീകളെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചിറയിന്‍കീഴ് റെയില്‍വേ ഗേറ്റിന് സമീപം മണ്ണാക്കുടി വീട്ടില്‍ രാജു (65) ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ കാട്ടുംപുറം – റോഡില്‍ വച്ചായിരുന്നു സംഭവം. ആറ്റിങ്ങല്‍ തച്ചൂര്‍കുന്ന് സ്വദേശികളായ ലത, രമ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്.ഹരിത കര്‍മസേന അംഗങ്ങള്‍ ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടി പാലസ് റോഡിനു സമീപത്തായി സൂക്ഷിച്ചിരുന്നു. ചാക്കുകെട്ടുകള്‍ തിരികെയെടുക്കാന്‍ എത്തിയപ്പോള്‍ രാജു ചാക്ക് കെട്ടുകള്‍ തുറന്ന് സാധനങ്ങള്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ലതയെയും രമയെയും രാജു ആക്രമിച്ചത്. സംഭവത്തിനുശേഷം രാജു ഇവിടെ നിന്നും രക്ഷപ്പെട്ടു.തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരസഭ ആരോഗ്യവിഭാഗം പോലീസില്‍ പരാതിപ്പെട്ടു. പിന്നാലെ പോലീസ് സിസിടിവി പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ അജയന്റെ നിര്‍ദേശപ്രകാരം എസ് ഐ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.