സമയക്കുറവ് കാരണം രക്തദാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഇനി ആശ്വാസം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’ തിരുവനന്തപുരം സെൻട്രൽ റോട്ടറി ക്ലബ്ബ് സമർപ്പിച്ചു. കേരളപ്പിറവി ദിനത്തിലാണ് ഈ ചലിക്കുന്ന ബ്ലഡ് ബാങ്ക് തലസ്ഥാനത്തിന് കൈമാറിയത്.മന്ത്രി സജി ചെറിയാൻ കവടിയാർ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള തലസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക്, പ്രത്യേകിച്ച് കഴക്കൂട്ടം മേഖലയിലെ അപകട സാഹചര്യങ്ങൾക്കും തീരദേശവാസികൾക്കും ഈ മൊബൈൽ യൂണിറ്റ് വലിയ സഹായമാകും.ALSO READ: കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടി അംഗീകരിച്ച് ഹൈക്കോടതി50 ലക്ഷം രൂപ ചെലവ‍ഴിച്ചാണ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി സഞ്ചരിക്കുന്ന ബ്ലഡ് ബാങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കിട്ട ജീവിതം നയിക്കുന്ന യുവാക്കളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്. യുവജനങ്ങൾ കൂടുതലുള്ള ഐ ടി പാർക്കുകൾ, എൻജിനീയറിങ് കോളജുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി ഈ മൊബൈൽ യൂണിറ്റ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതായിരിക്കും.രക്തദാന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, സമയവും പ്രയത്നവും കുറയ്ക്കാൻ ഇത് സഹായിക്കും. ഒരേസമയത്ത് ഒന്നിലധികം പേർക്ക് രക്തം നൽകാൻ സൗകര്യമുള്ള വാഹനത്തിൽ, ശേഖരിക്കുന്ന രക്തം സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ഉൾപ്പെടെയുള്ള ജീവൻരക്ഷാ സൗകര്യങ്ങളുമുണ്ട്.റോട്ടറി ഇൻ്റർനാഷണലിൻ്റെ ആഗോള റോട്ടറി ഗ്രാൻ്റ് പദ്ധതിയിലൂടെ, സിംഗപ്പൂർ റാഫിൾസ് റോട്ടറി ക്ലബ്ബിൻ്റെ പങ്കാളിത്തത്തോടും റോട്ടറി ഫൗണ്ടേഷൻ്റെ ഗ്രാൻ്റോടും കൂടിയാണ്പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ വെച്ച്, ചലിക്കുന്ന ബ്ലഡ് ബാങ്ക് ഔദ്യോഗിക പദ്ധതി പങ്കാളികളായ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്ക് കൈമാറി.സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് കേണൽ ഡോ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗവർണർ സുരേഷ് മാത്യു പദ്ധതി അവതരിപ്പിച്ചു. മുൻ ഗവർണ്ണർമാരായ സുധി ജബ്ബാർ, ഡോക്ടർ തോമസ് വാവാനീക്കുന്നേൽ , പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പ്രസിഡൻ്റ് ക്യാപ്റ്റൻ പി ആര്‍ കെ കർത്ത, പദ്ധതി ഡയറക്ടർ എ ആര്‍ ഡോൺ തോമസ് അന്തർദേശീയ പങ്കാളി ഫിലിപ്പ് തോലത്ത്, സി എസ്ഐ . മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബ് സെക്രട്ടറി പ്രേം തമ്പി കൃതജ്ഞത പ്രകാശിപ്പിച്ചു.തിരുവനന്തപുരം ജില്ലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും 7510356766, 7510357666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.The post രക്തദാനത്തിൽ നിന്ന് ഇനി പിന്നോട്ടേക്ക് പോകേണ്ട: ആധുനിക സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന ബ്ലഡ് ബാങ്കുമായി റോട്ടറി ക്ലബ് appeared first on Kairali News | Kairali News Live.