ഷാർജ | സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീപിടിത്തങ്ങൾ തടയാനും ലക്ഷ്യമിട്ട് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി എമിറേറ്റിലെ വ്യാവസായിക, വാണിജ്യ മേഖലകളിലും റെസിഡൻഷ്യൽ കെട്ടിടങ്ങളിലും വ്യാപകമായ പരിശോധന ആരംഭിച്ചു. വെയർഹൗസുകൾ, മെയിന്റനൻസ് വർക്ക്ഷോപ്പുകൾ, വാണിജ്യ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ പരിശോധനകളാണ് ഇൻസ്പെക്ഷൻ ടീമുകൾ നടത്തുന്നത്. തീ തടയുന്നതിനുള്ള സംവിധാനങ്ങൾ, അലാറം സംവിധാനങ്ങൾ, ഇലക്ട്രിക്കൽ സുരക്ഷ, തീപ്പിടിക്കുന്ന വസ്തുക്കളുടെ ശരിയായ സംഭരണം എന്നിവ പരിശോധനയുടെ ഭാഗമാണ്.അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ തടയാനുള്ള മുൻകരുതലിന്റെ ഭാഗമാണ് ഇതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസുഫ് ഉബൈദ് ബിൻ ഹർമൂൽ അൽ ശംസി പറഞ്ഞു. പരിശോധനാ പ്രവർത്തനങ്ങളിൽ നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് വേഗത്തിലും കൃത്യതയിലും അപകടസാധ്യതകൾ വിലയിരുത്തുന്നു. സുരക്ഷയുടെയും സന്നദ്ധതയുടെയും സംസ്‌കാരം വളർത്തുന്നതിനായി വിവിധ സാമൂഹിക വിഭാഗങ്ങളെ ലക്ഷ്യമിട്ട് പതിവ് ബോധവത്കരണ പരിപാടികളും വർക്്ഷോപ്പുകളും നടത്തുന്നുവെന്നും അൽ ശംസി കൂട്ടിച്ചേർത്തു.