ദുബൈ | യു എ ഇയിൽ ഇ-പാസ്പോർട്ടിനായി അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഈ ഘട്ടത്തിൽ ബയോമെട്രിക് വിവരങ്ങൾ നൽകേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ മിഷൻ അധികൃതർ. ഒക്ടോബർ 28 മുതൽ ഇ-പാസ്പോർട്ടിന് അപേക്ഷ സ്വീകരിക്കുന്നത് തുടങ്ങിയ സാഹചര്യത്തിലാണ് വിശദീകരണം.അപേക്ഷകർക്ക് അധിക ചാർജുകളൊന്നും ഉണ്ടാകില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എംബസി ചാർജ് ഡി അഫയേഴ്സ് എ അമർനാഥ്, ദുബൈ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ പറഞ്ഞു. പരമ്പരാഗത പാസ്പോർട്ട് സവിശേഷതകളെ അത്യാധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന “അടുത്ത തലമുറ യാത്രാ രേഖ’യായ ഇ-പാസ്പോർട്ട് നേടുന്നതിന് അപേക്ഷാ നടപടികൾ ലളിതമാക്കിയിട്ടുണ്ട്.ഇ-പാസ്പോർട്ട് ചിപ്പിൽ ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കാൻ കഴിയുമെങ്കിലും അപേക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ബയോമെട്രിക് വിവരശേഖരണം തത്കാലം ഉണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു. ഐ സി എ ഒ മാർഗരേഖകൾ പാലിക്കുന്ന ഫോട്ടോ സമർപ്പിക്കേണ്ടത് അപേക്ഷക്ക് നിർബന്ധമാണ്. ബയോമെട്രിക് ഡാറ്റയുടെ ചില ഭാഗങ്ങൾ അപേക്ഷകർ സമർപ്പിക്കുന്ന ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ സി എ ഒ) മാർഗരേഖകൾക്ക് അനുസൃതമായ ഫോട്ടോകളിൽ നിന്ന് ശേഖരിക്കും.പാസ്പോർട്ട് അപേക്ഷാ നടപടികൾ ലളിതമാക്കാൻ പുതിയ ഗ്ലോബൽ പാസ്പോർട്ട് സേവാ പോർട്ടൽ (ജി പി എസ് പി 2.0)യിൽ നിരവധി സവിശേഷതകൾ അവതരിപ്പിച്ചിട്ടുണ്ട്. വിവരങ്ങളിൽ മാറ്റങ്ങളൊന്നുമില്ലെങ്കിൽ പുതുക്കലിന്, പഴയ പാസ്പോർട്ട് റഫറൻസ് നമ്പർ നൽകി രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം വഴി വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ മതി. വിവരങ്ങൾ ഓട്ടോമാറ്റിക്കായി അപേക്ഷാ ഫോമിൽ ഉൾപ്പെടുത്തും. മുഴുവൻ പ്രക്രിയക്കും രണ്ട് മിനിറ്റിൽ താഴെ മാത്രമേ എടുക്കൂ. അപേക്ഷാ നടപടികൾ ലളിതമാക്കിയതിനാൽ ബി എൽ എസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.പാസ്പോർട്ട് അപേക്ഷകളിൽ ചെറിയ തിരുത്തലുകൾ വരുത്തുന്നതിന്, അപേക്ഷകർ ഇനി ബി എൽ എസ് കേന്ദ്രങ്ങളിൽ മുഴുവൻ അപേക്ഷകളും വീണ്ടും ടൈപ്പ് ചെയ്യേണ്ടതില്ല. അധിക ഫീസില്ലാതെ തിരുത്തലുകൾ വരുത്താൻ സാധിക്കും.ഒക്ടോബർ 28ന് ശേഷം ജനിച്ച കുട്ടികളുടെ പാസ്പോർട്ട് അപേക്ഷകളും മറ്റ് അപേക്ഷകരുടെ പാസ്പോർട്ട് പുതുക്കലുകളും പുതിയ പോർട്ടൽ സംവിധാനം വഴിയും ഇ-പാസ്പോർട്ട് ആയിട്ടുമാണ് പ്രോസസ്സ് ചെയ്യുക. അതേസമയം, പഴയ പോർട്ടലിൽ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ഒക്ടോബർ 28-ന് മുമ്പ് അപ്പോയിന്റ‌്മെന്റ്നേടിയ അപേക്ഷകർക്ക് സാധാരണ പാസ്പോർട്ടായിരിക്കും ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകളുള്ളത് യു എ ഇയിലാണെന്നും നയതന്ത്രജ്ഞർ പറഞ്ഞു.