അബൂദബി | സായിദ് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി അബൂദബി. നിലവിൽ 45 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ടെർമിനൽ എ-യുടെ ശേഷി 65 ദശലക്ഷമായി ഉയർത്താനാണ് പദ്ധതി. അടുത്ത രണ്ട് വർഷത്തിനകം നിർമാണം ആരംഭിക്കുമെന്ന് അബൂദബി എയർപോർട്ട്സിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ എലീന സോർലിനി പറഞ്ഞു. 2032-ഓടെ വിപുലീകരണം പൂർണമാകും.പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിക്കുമെന്നും ക്യൂ സമയം കുറക്കുന്നതിനായി ട്രാൻസിറ്റ് യാത്രക്കാർക്കായി ബയോമെട്രിക്‌സ് ഡാറ്റ ശേഖരിക്കുന്നതിനുള്ള പദ്ധതികളിലും എയർപോർട്ട് ഓപറേറ്റർ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഒമ്പത് ടച്ച് പോയിന്റുകളിൽ അഞ്ചെണ്ണത്തിൽ മുഖം തിരിച്ചറിയലിനെ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനം നടപ്പിലാക്കി. അടുത്ത ഘട്ടം ട്രാൻസ്ഫർ യാത്രക്കാരെ കേന്ദ്രീകരിച്ചായിരിക്കും. അടുത്ത വർഷം ഒമ്പത് ടച്ച്പോയിന്റുകളിലേക്കും പൂർണമായ വിന്യാസം പ്രഖ്യാപിക്കാൻ കഴിയും. ഡാറ്റ ഒരൊറ്റ ഉറവിടത്തിലേക്ക് സംയോജിപ്പിച്ച് ഡിജിറ്റൽ ട്വിൻ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇത് എ ഐ ഉപയോഗിച്ച് പ്രവർത്തനപരമായ തീരുമാനമെടുക്കൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.ഈ വർഷം 32 ദശലക്ഷം മുതൽ 33 ദശലക്ഷം വരെ യാത്രക്കാരെ വിമാനത്താവളം കൈകാര്യം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024-ൽ 29.4 ദശലക്ഷം യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് നിന്നും ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 24 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. 2030-ഓടെ 38 ദശലക്ഷം യാത്രക്കാരെ വഹിക്കാൻ ഇത്തിഹാദ് എയർവേയ്സ് പദ്ധതിയിടുന്നുണ്ട്.