ബൈസിക്കിള്‍ കിക്ക് ഏതൊരു ഫുട്ബോളറുടെയും ആഗ്രഹമാണ്. എതിരാളിയുടെ ഗോള്‍മുഖത്തേക്കുള്ള ഇരച്ചുകയറ്റത്തിനിടെ നൊടിയിടയില്‍ ശരീരത്തെ വായുവില്‍ നിര്‍ത്തി ക്വിന്റലടിയിലൂടെ എതിരാളിയുടെ വലയിലേക്കൊരു ഫുള്‍ ഷോട്ട്. വലയുടെ കാവല്‍ക്കാരന്റെ നീരാളിക്കൈകളെ മറികടന്ന് പന്ത് വലയിലെത്തിയാല്‍ പിന്നെ അയാളാണ് അന്നത്തെ ഹീറോ. ഈയൊരു കിക്ക് ക്യാമറക്കണ്ണില്‍ പകര്‍ത്തുന്നവരും ഹീറോകളാകും. ഫോട്ടോഗ്രഫിയും ബൈസിക്കിള്‍ കിക്കും തമ്മിലൊരു ബന്ധമുണ്ട്.ത്രസിപ്പിക്കുന്ന ഫോട്ടോകള്‍ പിറക്കുന്ന നിമിഷവും ബൈസിക്കിള്‍ കിക്കിലേക്ക് ഫുട്ബോളര്‍ പരകായപ്രവേശം നടത്തുന്ന സമയവും സമാനമാണ്. ഒത്തുവന്ന അവസരം മുതലാക്കുകയാണ് രണ്ട് പേരും. അനുവാചകര്‍ ഈ കാഴ്ച കണ്ടാല്‍ അത്ഭുതപ്പെടുമെന്ന് തോന്നുന്ന ഒരു നിമിഷത്തിലാണല്ലൊ മികച്ച ഫോട്ടോകള്‍ പിറക്കുന്നത്. അത്തരമൊരു സന്ദര്‍ഭം പിറക്കുകയാണെന്ന് തോന്നുന്ന നിമിഷത്തില്‍ ഫോക്കസ് തെറ്റാതെ ക്ലിക്ക് ചെയ്യണം. ബൈസിക്കിള്‍ കിക്ക് പോലെ തന്നെ.Read Also: ഓസീസ് ബോളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ മാനം കാത്തത് ഈ താരം; അഭിഷേക് മാജിക്കിന് പിന്നില്‍ ഈ രണ്ട് കാര്യം മാത്രംഫുട്ബോളറുടെ ഫോട്ടോ യാത്രകള്‍ഫുട്ബോളിലെന്ന പോലെ ഫോട്ടോഗ്രഫിയിലും ബൈസിക്കിള്‍ കിക്ക് നടത്തുകയാണ് സി കെ വിനീത്. അദ്ദേഹത്തിന്റെ വൈല്‍ഡ് ലൈഫ്, തെയ്യം, കുംഭമേള അടക്കമുള്ള ഫോട്ടോകള്‍ കാഴ്ചക്കാരെ മായിക പ്രപഞ്ചത്തിലേക്കാണ് കൊണ്ടുപോയത്. നടപ്പുശീലങ്ങളെ പൊളിച്ചെഴുതുകയാണ് ഈ ഫോട്ടോകള്‍.ആനയും കടുവയും പുലിയും മൂര്‍ഖനും മാനുകളും ചെന്നായകളുമെല്ലാം അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന്റെ മുന്നിലെത്തി. വിവിധ ദേശങ്ങളിലെ ജീവിതം അനുഭവിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രയാണത്തിനിടെയാണ് ഇപ്പോള്‍ അധികവും ഫോട്ടുകളും പിറക്കുന്നത്. വൈല്‍ഡ് ലൈഫ് മാത്രമല്ല, എല്ലാ രീതിയിലുള്ള ഫോട്ടോകളും എടുക്കുന്നുണ്ടെന്ന് കൈരളി ന്യൂസ് ഓൺലൈനിനോട് സി കെ വിനോദ് പറഞ്ഞു.Read Also: യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെക്ക്; ഇനിയും ഒരുപാട് വര്‍ഷം റയലില്‍ തുടരാന്‍ ആഗ്രഹമെന്ന് താരംഅന്നൊരു നോര്‍ത്തിന്ത്യന്‍ യാത്രയില്‍വിദ്യാര്‍ഥിയായിരിക്കെ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ക്കായുള്ള ഒരു ഉത്തരേന്ത്യന്‍ യാത്രയിലാണ് ക്യാമറ സി കെ വിനീതിന്റെ സന്തതസഹചാരിയാകുന്നത്. അന്നൊരു വില്പനക്കാരന്‍ ട്രെയിനില്‍ കൊണ്ടുവന്ന ക്യാമറ വാങ്ങിയതാണ് വഴിത്തിരിവായത്. ഫിലിം ക്യാമറയായിരുന്നു അത്. ആയിരവും രണ്ടായിരവുമൊക്കെ വില്പനക്കാരന്‍ പറഞ്ഞെങ്കിലും 600ന് സാധനം ഒപ്പിച്ചു. ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റ് ആണോയെന്ന് അറിയില്ലായിരുന്നു. അതുപയോഗിച്ച് ഒരുപാട് ചിത്രങ്ങളെടുത്തു. എന്നാല്‍, ഫിലിം കഴുകാത്തതിനാല്‍ ആ ഫോട്ടോകളൊന്നും കൂടെയില്ല. അതിന്റെ സങ്കടം ഇപ്പോഴും വിനീതിനുണ്ട്.പിന്നീട്, ഫുട്ബോളില്‍ മേല്‍വിലാസമുണ്ടായതോടെ അത്യാധുനിക ക്യാമറകളും കൈകളിലെത്തി. വിവിധ ലെന്‍സുകളുമുണ്ട്. അടുത്ത ബന്ധുവാണ് ആദ്യ ക്യാമറ വാങ്ങാന്‍ സഹായിച്ചത്. ഫോട്ടോഗ്രഫിയില്‍ ആശാന്മാരൊന്നുമില്ലെങ്കിലും പ്രഗത്ഭരായ പല ഫോട്ടോഗ്രാഫര്‍മാരുടെയും സഹവാസവും അവരുടെ ഉപദേശനിര്‍ദേശങ്ങളും ഏറെ സഹായകരമായിരുന്നു. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഷാസ് ജങ്, എന്‍ എ നസീര്‍ അടക്കമുള്ളവര്‍ അതില്‍ പ്രധാനികളാണ്.തെയ്യക്കോലങ്ങളുടെ മാസ്മരിക കാഴ്ചകള്‍ഉത്തര മലബാറില്‍ ഇത് തെയ്യക്കാലമാണ്. ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട ദിനങ്ങള്‍. തെയ്യങ്ങളെ വിനീത് ഒരുപാട് പകര്‍ത്തിയിട്ടുണ്ട്. പെറ്റുവീണ മണ്ണിന്റെ മറുചീന്തായ തെയ്യത്തെ പകര്‍ത്താതിരിക്കാന്‍ ആകില്ലല്ലൊ. എന്നാല്‍, ഇപ്പോള്‍ അങ്ങനെ തെയ്യങ്ങളെ പകര്‍ത്താറില്ല. കാരണം, മറ്റൊന്നുമല്ല. ഫോട്ടോഗ്രാഫര്‍മാരുടെ അതിപ്രസരമാണ് തെയ്യക്കാവുകളില്‍. ആചാരാനുഷ്ഠാനങ്ങള്‍ അന്തര്‍ലീനമായ തെയ്യങ്ങളുടെ കെട്ടിയാടല്‍ നടക്കുന്ന വേളയില്‍ വിശ്വാസികള്‍ക്കും കാഴ്ചക്കാര്‍ക്കും ശല്യമുണ്ടാക്കുന്ന രീതിയില്‍ ഫോട്ടോഗ്രാഫര്‍മാരും വ്ളോഗര്‍മാരും എത്തുന്നതിനാലാണ് വിനീത് അകലം പാലിക്കുന്നത്. ഫോട്ടോ എടുക്കാനായി മാത്രമുള്ള യാത്രകളല്ല വിനീതിന്റെത്. എക്സ്പീരിയന്‍സ് ലക്ഷ്യമിട്ടുള്ള യാത്രകളില്‍ സംഭവിച്ചുപോകുന്നതാണ് ഫോട്ടോഗ്രഫി. അതിന് ശാന്തസുന്ദരമായ അനുഭവവേദ്യമായ അന്തരീക്ഷം അനിവാര്യമാണ്. അനാവശ്യ ബഹളങ്ങള്‍ അതിന് വിഘാതമാകുന്നതിനാലാണ് തെയ്യക്കാഴ്ചകള്‍ ഇപ്പോള്‍ പകര്‍ത്താത്തതെന്ന് സി കെ വിനീത് കൈരളി ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.ഇന്നും ഫുട്ബോള്‍ ലോകത്ത് തുടരുന്ന വിനീത് വര്‍ഷങ്ങളായി കരിയറിനൊപ്പം ഫോട്ടോഗ്രഫിയും കൊണ്ടുപോകുന്നുണ്ട്. വയനാട്ടിലും കോഴിക്കോട്ടും അക്കാദമികളില്‍ വരുംതലമുറക്ക് പരിശീലനം നല്‍കുന്നുമുണ്ട്. അതെ, സി കെ വിനീത് കാലില്‍ ഫുട്ബോളും കൈയില്‍ ക്യാമറയുമായി പ്രയാണം തുടരുകയാണ്. സുന്ദരമായ ബൈസിക്കിള്‍ കിക്കുകള്‍ക്കും സുന്ദരമായ ക്ലിക്കുകള്‍ക്കുമായി…The post കാലില് ഫുട്ബോളും കൈയില് ക്യാമറയും; കാണികളെയും കാഴ്ചക്കാരെയും വിസ്മയിപ്പിക്കുന്ന സി കെ വിനീത് appeared first on Kairali News | Kairali News Live.