അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം; നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി

Wait 5 sec.

തിരുവനന്തപുരം | കേരളത്തിന്റെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ അതി ദരിദ്രരില്ലാത്ത കേരളം പിറക്കുകയാണ്. കേരളപ്പിറവി ദിനത്തില്‍ ഈ സുപ്രധാന പ്രഖ്യാപനത്തിനായി കേരള നിയമസഭയുടെ പ്രത്യേക യോഗം ആരംഭിച്ചു.സഹകരിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ അറിയിച്ചു. ശബരിമല സ്വര്‍ണത്തട്ടിപ്പില്‍ സമരത്തില്‍ ആയതിനാലും അതിദരിദ്രമുക്ത പ്രഖ്യാപനം തട്ടിപ്പ് ആയതിനാലും സഭ ബഹിഷ്‌കരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്നു മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം പുറത്തേക്കുപോയി.പ്രതിപക്ഷത്തിന് കേരളത്തിന്റെ ഈ സുപ്രധാന നേട്ടം സഹിക്കാന്‍ കഴിയാത്തതിനാലാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശുദ്ധ തട്ടിപ്പ് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം സ്വന്തം പരിചയത്തില്‍ നിന്നുള്ള പ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ച് ഗുണഭോക്താക്കളെ കണ്ടെത്തിയാണ് ചരിത്ര പ്രധാനമായ ഈ നടപടിക്കു തുടക്കം കുറിച്ചത്. കരടുപട്ടിക ഗ്രാമസഭയില്‍ അവതരിപ്പിച്ചാണ് ഗുണഭോക്താക്കളായ വ്യക്തികളെ കണ്ടെത്തിയത്.ക്ലേശ ഘടകങ്ങള്‍ കണക്കാക്കി ഓരോ കുടുംബത്തിനും മൈക്രോ പ്ലാന്‍ തയ്യാറാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രത്യേകം പണം അനുവധിച്ചു. ഭവനത്തിനും ജീവനോപാധികള്‍ക്കുമാണ് ഈ തുക വിനിയോഗിച്ചത്. ഇന്നത്തെ കേരളം ജനന നിരക്കും മരണ നിരക്കും കുറക്കുന്നതില്‍ ഏറെ നേട്ടം കൈവരിച്ചു.ആരോഗ്യ വിദ്യാഭ്യസ മേഖലയിലെ പൊതു ഇടപെടല്‍ സുപ്രധാനമായി. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് കീഴെ ആയിരുന്നു. അവിടെ നിന്നാണ് കേരളം ഇന്നത്തെ നേട്ടത്തില്‍ എത്തിയത്.- മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ നിയമസഭാ സമ്മേളനം പ്രഹസനമാക്കി മാറ്റിയതായി സഭ ബഹിഷ്‌കരിച്ച ശേഷം വി ഡി സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ചയില്ലാതെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു മാത്രമായി ലക്ഷങ്ങള്‍ ചെലവാക്കി സഭ വിളിച്ചു ചേര്‍ത്തിരിക്കുന്നു. പത്രങ്ങളില്‍ പരസ്യം ചെയ്ത കാര്യമാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമല വിഷയത്തില്‍ തങ്ങള്‍ സമരത്തിലുമാണ്. അതി ദരിദ്ര വിമുക്ത പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണ്. എല്‍ ഡി എഫില്‍ പ്രകടന പത്രികയില്‍ പറഞ്ഞ അതി ദരിദ്രരുടെ എണ്ണം എങ്ങിനെ പെട്ടെന്ന് കുറഞ്ഞു എന്നു വ്യക്തമാക്കണം.ഈ പ്രഖ്യാപനം കൊണ്ട് കേന്ദ്ര പദ്ധതികളില്‍ നിന്ന് കേരളം പുറത്താവും. തിരഞ്ഞെടുപ്പിനു മുമ്പു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന പി ആര്‍ പരിപാടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.1000 കോടിയില്‍ അധികം രൂപയാണ് അതിദാരിദ്ര്യ മുക്തിക്കായി സംസ്ഥാന സര്‍ക്കാല്‍ ചെലവഴിച്ചതെന്നു മുഖ്യമന്ത്രി സഭയില്‍ വിശദമാക്കി. അതിദാരിദ്ര്യ മുക്ത പദവി സുസ്ഥിരമായി നിലനിര്‍ത്താനുള്ള പ്രവര്‍ത്തനമാണ് ഇനി ആവശ്യം. ദാരിദ്ര്യ മുക്തി നേടിയവര്‍ വീണ്ടും ദാരിദ്ര്യത്തിലേക്കു വീഴാന്‍ പാടില്ല. ഇവരുടെ ജീവനത നിലവാരം ഉയര്‍ത്തുന്നതിനും സാമൂഹിക നീതി തുല്യത എന്നിവ ഉറപ്പുവരുത്തുന്നതിനും ജാഗ്രതയോടെയുള്ള ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവും.ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു.