അന്ന് ജ്വല്ലറി ഉടമ; പിന്നെ അതിദാരിദ്ര്യ കയത്തിൽ; സർക്കാരിന്റെ കൈത്താങ്ങിൽ ജീവിതം തിരിച്ചുപിടിച്ച 65-കാരൻ

Wait 5 sec.

തിരുന്നാവായ: “രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ” എന്ന പൂന്താനം വരികളുടെ വേദനാജനകമായ അനുഭവസാക്ഷ്യമായിരുന്നു മലപ്പുറം തിരുന്നാവായ നെല്ലോട്ടുപറമ്പിൽ 65-കാരനായ ഉണ്ണിക്കൃഷ്ണന് ജീവിതം. ഒരു നാൾ പ്രവാസി, പിന്നെ ജ്വല്ലറി ഉടമ; അവിടെ നിന്നും ഒന്നുമില്ലായ്മയുടെ അഗാധ ഗർത്തിലേക്ക്. ആ അവസ്ഥയിൽ നിന്നും അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ രക്ഷാതുമ്പിൽ പിടിച്ചു കരകയറിയ സംഭവബഹുലമായ ജീവിതമാണ് നാട്ടുകാർ ഉണ്ണ്യേട്ടൻ എന്ന് വിളിക്കുന്ന ഉണ്ണിക്കൃഷ്ണന്റേത്.25 വർഷം ഖത്തറിലും ദുബായിലുമായി ജോലി നോക്കിയ ഉണ്ണികൃഷ്ണൻ 2002 ലാണ് പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ വീട് വെച്ച അയാൾ സമ്പാദ്യം കൊണ്ട് കാദനങ്ങാടിയിൽ ‘തൃപ്തി ജ്വല്ലറി’ എന്ന സ്വർണ്ണക്കട തുടങ്ങി ജുവലറി മുതലാളിയായി. ഭാര്യയും നാല് പെണ്മക്കളുമൊത്ത് നല്ല രീതിയിൽ ജീവിച്ചുവരുന്നതിനിടെ കുടുബാംഗങ്ങളുമായി പ്രശ്നങ്ങൾ ഉടലെടുത്തു.വീടിന്റെയും 20 സെന്റ് പറമ്പിന്റെയും ഉടമസ്ഥതാവകാശത്തിന് തർക്കമായി, കോടതി കയറി. 2006 ൽ ഉണ്ണിക്കൃഷ്ണന് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. വെറും കയ്യോടെ ഇറങ്ങേണ്ടിവന്ന അയാൾ പുറത്തൂരിൽ അമ്മയുടെ പേരിലുള്ള വീട്ടിൽ തനിച്ച് താമസിക്കാൻ തുടങ്ങി.വൈകാതെ, 13 വർഷം നടത്തിയ ജ്വല്ലറിയും അടച്ചുപൂട്ടേണ്ടി വന്നു. “ജ്വല്ലറി കച്ചവടത്തിൽ നിന്ന് ഇനിയും മൂന്ന് ലക്ഷം രൂപ എനിയ്ക്ക് കിട്ടാനുണ്ട്. എല്ലാം പോയിരുന്നു. സമ്പൂർണ തകർച്ച,” ഉണ്ണികൃഷ്ണൻ ഓർത്തെടുത്തു.ജ്വല്ലറി ഉടമയായിരുന്ന അയാൾ പതിയെ ദാരിദ്ര്യ ത്തിന്റെ കയത്തിലേക്ക് പതിച്ചു. സാമ്പത്തികമായുള്ള വൻ വീഴ്ച്ച അയാളെ നാട്ടുകാരിൽ നിന്നും അകറ്റി. ആളുകളെ അഭിമുഖീകരിക്കാൻ മടിയായി. വാർദ്ധക്യ പെൻഷൻ മാത്രമായി ഏക സാമ്പത്തിക ആശ്രയം.അതിദാരിദ്ര്യ പദ്ധതി രക്ഷയ്ക്ക്സർവേ നടത്തി അതിദാരിദ്ര്യ പദ്ധതിയിൽ ഉൾപ്പെട്ടതോടെ ഉണ്ണികൃഷ്ണന്റെ ജീവിതം വീണ്ടും പച്ച തൊട്ടു. അയാൾ താമസിക്കുന്ന അമ്മയുടെ പേരിലുള്ള വീട് പുനരുദ്ധരിച്ചു. കക്കൂസ് നിർമിച്ചു നൽകി. ശ്വാസം മുട്ടിനും നട്ടെല്ലിന് സംഭവിച്ച അപകടത്തെ തുടർന്നുമുള്ള നിരന്തര അസുഖങ്ങൾക്കും സൗജന്യമായി മരുന്ന് ലഭിച്ചു തുടങ്ങി.തീർന്നില്ല, ഒരു ഉപജീവന മാർഗം എന്ന നിലയിൽ കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുന്നാവായ ഗ്രാമപഞ്ചായത്ത് വളപ്പിൽ ഒരു ചായക്കട ഇട്ടു നൽകി. ആറ് മാസം മുമ്പ് തുടങ്ങിയ, ‘ഉണ്ണ്യേട്ടൻസ് ഇടം’ എന്ന് പേരിട്ട ആ ചായക്കടയുടെ മുമ്പിലെ ആളുകളുടെ പൊട്ടിച്ചിരികളിലും കുശലഭാഷണങ്ങളിലും ഉണ്ണികൃഷ്ണൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നുതുടങ്ങി. ഇല്ലായ്മയുടെ ആഴത്തിൽ വീണ ഒരാളുടെ വയസുകാലത്തെ അവിശ്വസനീയമായ മടങ്ങിവരവ്.“ഇപ്പൊ നല്ല സമാധാനമുണ്ട്. പഞ്ചായത്തിലെ ജീവനക്കാരാണ് ഇപ്പോൾ എന്റെ കുടുംബം. സർക്കാരിനെയും എന്റെ പഞ്ചായത്തിനെയും മരിച്ചാലും മറക്കാൻ കഴിയില്ല. ആ രീതിയിൽ അവർ എനിയ്ക്കൊരു പുനർജ്ജന്മം തന്നു,” തൊണ്ടയിടറി ഉണ്ണികൃഷ്ണൻ പറയുന്നു. ഒറ്റ തടിയായ തന്റെ ചെലവിനുള്ളത് കട തരുന്നുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.ചായക്കട തുടങ്ങിയതിൽ പിന്നെ ആളുകളോട് മിണ്ടിപ്പറഞ്ഞും ഇടപഴകിയും ഉണ്ണികൃഷ്ണൻ നഷ്ടപ്പെട്ട സാമൂഹ്യജീവിതം വീണ്ടെടുത്തതായി തിരുന്നാവായ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പി ബാബുമോൻ പറയുന്നു.എല്ലാവരുടെയും സ്നേഹപരിലാളനയിൽ ഉണ്ണ്യേട്ടന് ചുറ്റുമുള്ള സ്നേഹം തിടം വെക്കുന്നതും അയാളുടെ ജീവിതം തളിർക്കുന്നതും ജീവനക്കാർ വിസ്മയത്തോടെ കാണുന്നു.