കോട്ടക്കല്‍ | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കോട്ടക്കലില്‍ നടന്ന 17-ാം പതിപ്പ് പ്രൊഫ്‌സമ്മിറ്റിന് പ്രൗഢമായ പരിസമാപ്തി. ‘ബി ദ ബിയിംഗ് ബിയോണ്ട് ദ കംഫര്‍ട്ടബിള്‍’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മൂന്നു വേദികളിലായി നടന്ന പ്രൊഫ്‌സമ്മിറ്റ് സെഷനുകള്‍ പ്രതിനിധികളുടെ വൈജ്ഞാനികവും ബൗദ്ധികവും വൈയക്തികവും തൊഴില്‍പരവുമായ വളര്‍ച്ചക്ക് ഗുണകരമാകുന്ന രീതിയിലാണ് സജ്ജീകരിച്ചത്.പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി അലുംനി മീറ്റ്, ഗ്ലോബല്‍ സമ്മിറ്റ്, കരിയര്‍ ക്ലിനിക്ക്, ഐ പി ബി പുസ്തകലോകം എന്നിവ നടന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണല്‍ കോളേജുകളിലെ 2000 ത്തോളം വിദ്യാര്‍ഥികളാണ് പ്രതിനിധികളായി സംബന്ധിച്ചത്. മൂന്ന് വേദികളിലായി നടന്ന വിവിധ സെഷനുകളിലായി മതം, ആത്മീയം, ശാസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ഫിലോസഫി തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. രാജ്യത്തിനകത്തും പുറത്തുമുള്ള മതനേതാക്കള്‍, രാഷ്ട്രീയ പ്രമുഖര്‍, സംരംഭകര്‍, വ്യവസായികള്‍, അക്കാദമിഷ്യന്‍മാര്‍ എന്നീ പാനലിസ്റ്റുകളായി സംബന്ധിച്ചു.കൂടാതെ മള്‍ട്ടിനാഷനല്‍ കമ്പനി പ്രഫഷനലുകളുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാന്‍ പ്രൊഫ്‌സമ്മിറ്റ് അവസരമൊരുക്കി. സമാപന സംഗമം ഉദ്ഘാടനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായി സംസാരിച്ചു.സമസ്ത സെക്രട്ടറി മുഹ്യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദ്‌റുസ്സദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി ഡോ. ടി അബുബക്കര്‍, ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി, എസ് വൈ എസ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ഡോ. നൂറുദ്ദീന്‍ റാസി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സി ആര്‍ കെ മുഹമ്മദ്, ഷൗക്കത്തലി നഈമി അല്‍ ബുഖാരി കാശ്മീര്‍, സി കെ റാഷിദ് ബുഖാരി, ഇല്യാസ് സഖാഫി കൂമണ്ണ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.