പത്തനംതിട്ട | കൈപ്പട്ടൂര്‍ പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം നാലാം ദിവസം ഫയര്‍ഫോഴ്സ് സ്‌കൂബ ടീം കണ്ടെടുത്തു. ചന്ദനപ്പള്ളി സ്വദേശി സന്ധ്യ(17)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ പത്തു മണിയോടെ ഓമല്ലൂര്‍ ആറാട്ടുകടവിന് ഒരു കിലോമീറ്റര്‍ താഴെ മുളങ്കൂട്ടത്തില്‍ കുടുങ്ങിയ നിലയില്‍ സ്‌കൂബ ടീം കണ്ടെടുത്തത്. എട്ടിന് വൈകിട്ട് ഏഴു മണിയോടെയാണ് പാലത്തില്‍ നിന്ന് പെണ്‍കുട്ടി ആറ്റിലേക്ക് ചാടിയത്. ചാടുന്നതിന് മുന്‍പായി വീട്ടിലേക്ക് വിളിച്ച് താന്‍ ചാടാന്‍ പോകുന്ന വിവരം പറഞ്ഞിരുന്നു. ഇതറിഞ്ഞ് കൈപ്പട്ടൂരില്‍ തന്നെയുണ്ടായിരുന്ന പിതാവ് ഓടിയെത്തി പാലത്തിന് താഴെ ചാടിയിറങ്ങി. ഇദ്ദേഹത്തിന് കാലിന് പരുക്കേറ്റു. പാലത്തിന് സമീപം താമസിക്കുന്നയാളാണ് കുട്ടി ചാടിയെന്ന് വിവരം സ്ഥിരീകരിച്ചത്.മൈലപ്ര ഐടിഐയില്‍ ഡീസല്‍ മെക്കാനിക് പഠിക്കുകയായിരുന്നു സന്ധ്യ. ചന്ദനപ്പളളിയില്‍ നിന്ന് ഓട്ടോയില്‍ എത്തിയാണ് പാലത്തില്‍ നിന്ന് ചാടിയതെന്ന് പറയുന്നു. അന്ന് രാത്രി 10 മണി വരെ ഫയര്‍ഫോഴ്സ് സ്‌കൂബ ടീം തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും രാവിലെ തൊട്ട് രാത്രി വരെ അരിച്ചു പെറുക്കിയിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ദേശീയ ദുരന്തസേനയുടെ ഒരു യൂണിറ്റും തെരച്ചിലിന് എത്തിയിരുന്നു. ബോട്ട് ഉപയോഗിച്ച് വെള്ളം ഇളക്കിയുള്ള പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്ന് രാവിലെയും നടന്നത്. ഇതു കാരണമാകാം മൃതദേഹം ഇന്ന് പൊങ്ങി മുളങ്കൂട്ടത്തില്‍ തങ്ങി നിന്നത്. 38 മണിക്കൂറിന് ശേഷവും മൃതദേഹം കിട്ടാതെ വന്നപ്പോള്‍ പെണ്‍കുട്ടി രക്ഷപ്പെട്ടുവെന്ന വാര്‍ത്തയും പടര്‍ന്നിരുന്നു.