പത്തനംതിട്ട | സംസ്ഥാനത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കുഞ്ഞുങ്ങളെ രോഗമുക്തരാക്കി ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. 21,11,010 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുള്ളിമരുന്ന് നല്‍കും. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് പ്രവര്‍ത്തിക്കുക. 44,766 വോളണ്ടിയര്‍മാര്‍ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒക്ടോബര്‍ 12ന് ബൂത്തുകളില്‍ തുള്ളിമരുന്ന് നല്‍കാന്‍ കഴിയാത്തവര്‍ക്ക് 13നും 14 നും വോളണ്ടിയര്‍മാര്‍ വീട്ടിലെത്തി തുള്ളിമരുന്ന് നല്‍കും. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജ്ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണം. കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് വാക്സിന്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.