കെയര്‍ സ്റ്റാര്‍മറുടെ സന്ദര്‍ശനം ലക്ഷ്യമിടുന്നത്‌

Wait 5 sec.

കഴിഞ്ഞ എട്ടിനാണ് മുംബൈയില്‍ യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനായി വന്നിറങ്ങിയത്. മാറിക്കൊണ്ടിരിക്കുന്ന വ്യാപാര തന്ത്രങ്ങള്‍, ഭൗമരാഷ്ട്രീയ പുനഃക്രമീകരണങ്ങള്‍, മൂലധന നിക്ഷേപം, യു കെയിലെ ആഭ്യന്തര രാഷ്ട്രീയത്തിലെ ഇന്ത്യന്‍ സ്വാധീനം എന്നിവയുടെ അടയാളപ്പെടുത്തലായി വേണം സ്റ്റാര്‍മറുടെ ഇന്ത്യാ സന്ദര്‍ശനത്തെ വിലയിരുത്തേണ്ടത്. ഒരു പതിവ് നയതന്ത്ര സന്ദര്‍ശനത്തിനപ്പുറത്തേക്ക് ഇന്ത്യയുടെ യു കെയുമായുള്ള നയതന്ത്ര- വ്യാപാര സഹകരണം നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കെയര്‍ സ്റ്റാര്‍മറുടെ സന്ദര്‍ശനം. ഇന്ത്യയുമായുള്ള സഹകരണത്തില്‍ അമേരിക്ക കൂടുതല്‍ കഠിനമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് യു കെ ഇന്ത്യയുമായി ഉദാരപരമായ സമീപനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.കൊളോണിയലാനന്തര ക്ലീഷേകള്‍ക്കോ ഇടപാട് നയതന്ത്രത്തിനോ അപ്പുറത്തേക്ക് വ്യാപാരം, ഊര്‍ജം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവയെ ചുറ്റിപ്പറ്റിയുള്ള യു കെ- ഇന്ത്യ ബന്ധങ്ങള്‍ പുനഃക്രമീകരിക്കാന്‍ അദ്ദേഹത്തിന്റെ ലേബര്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി തോന്നുന്നു.ഈ വര്‍ഷം ആദ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഇന്ത്യ- യു കെ സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇരുപക്ഷവും സഹകരണത്തിന്റെ പുതിയൊരു പാതയിലേക്ക് കടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കെയര്‍ സ്റ്റാര്‍മറുടെ സന്ദര്‍ശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും നടന്നിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 23-24 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു കെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് യു കെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. ജൂലൈയില്‍ ഇരു രാജ്യങ്ങളും ചരിത്രപ്രധാനമായ ഇന്ത്യ- യു കെ സമഗ്ര സാമ്പത്തിക വ്യാപാര കരാറില്‍ ഒപ്പുവെക്കുകയും ഇന്ത്യ- യു കെ വിഷന്‍ 2035, പ്രതിരോധ വ്യാവസായിക റോഡ്മാപ്പ് എന്നിവക്ക് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും കയറ്റുമതി ചെയ്യുന്ന മിക്ക സാധനങ്ങളുടെയും സേവനങ്ങളുടെയും താരിഫ് നീക്കം ചെയ്യുകയോ കുറക്കുകയോ ചെയ്യുമെന്ന് ഇരുവരും കഴിഞ്ഞ ജൂലൈ 24ന് ഔദ്യോഗികമായി ഒപ്പുവെച്ച കരാര്‍ അംഗീകരിക്കുന്നു. ഈ കരാറുകളുടെ പൂര്‍ത്തീകരണം ലക്ഷ്യമിട്ടാണ് യു കെ പ്രധാനമന്ത്രി വലിയൊരു സന്നാഹത്തോടൊപ്പം ഇന്ത്യയിലെത്തിയത്. കേവലം വ്യാപാരം മാത്രമല്ല സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. താരിഫ് ലൈനുകള്‍ക്കും വ്യാപാര അളവുകള്‍ക്കും അപ്പുറമുള്ള തന്ത്രപരമായ പങ്കാളിത്തം സ്ഥാപനവത്കരിക്കുക, യു കെ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ അവസരം വര്‍ധിപ്പിക്കുക, ഇന്ത്യന്‍ കമ്പനികള്‍ യു കെയിലെ ഫിന്‍ടെക്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയവും ലക്ഷ്യമിടുന്നുണ്ട്. അതേസമയം, നിക്ഷേപകരുടെ സംരക്ഷണം, നികുതി വ്യക്തത, ഫലപ്രദമായ തര്‍ക്ക പരിഹാരം എന്നിവ ഉറപ്പാക്കുന്നതിന് ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെയര്‍ സ്റ്റാര്‍മറിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. എങ്കിലും തുടര്‍ ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും അനുകൂല തീരുമാനങ്ങളുണ്ടായേക്കും. കുടിയേറ്റം, വ്യാപാരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ യു എസ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്ന ഘട്ടത്തിലാണ് ബ്രിട്ടന്‍ കൂടുതല്‍ സൗമ്യമായ ഒരു നിലപാട് വാഗ്ദാനം ചെയ്യുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കുറഞ്ഞ വിസ ഫീസ്, ഇന്ത്യന്‍ ടെക് പ്രൊഫഷനലുകള്‍ക്ക് അനുകൂലമായ സമീപനം എന്നിവ ഇന്ത്യക്ക് ഗുണകരമാകും. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരണത്തിനുള്ള ചര്‍ച്ചകളും സ്റ്റാര്‍മറിന്റെ മുംബൈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സംയുക്ത അഭ്യാസങ്ങള്‍, പരിശീലനം എന്നിവയിലൂടെ ഇന്ത്യയുടെയും യു കെയുടെയും സായുധ സേനകള്‍ തമ്മിലുള്ള ഉഭയകക്ഷി വിനിമയങ്ങള്‍ വികസിപ്പിക്കാന്‍ ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ ധാരണയായി. ഇന്തോ- പസഫിക് സമുദ്ര സുരക്ഷാ കൂട്ടായ്മയുടെ കീഴില്‍ റീജ്യണല്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ, ഇന്തോ- പസഫിക്കില്‍ ശക്തമായ സമുദ്ര സുരക്ഷാ സഹകരണത്തിന് ഇരുപക്ഷവും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യയിലെ വിവിധ കമ്പനികളുമായി യു കെ കമ്പനികള്‍ ചര്‍ച്ച നടത്തുകയും ധാരണയാകുകയും ചെയ്തിട്ടുണ്ട്.കെയര്‍ സ്റ്റാര്‍മറുടെ ഇന്ത്യാ സന്ദര്‍ശനത്തിന് വ്യക്തമായ ഒരു രാഷ്ട്രീയ ഭാഗവുമുണ്ട്. അത് വ്യാപാര ചര്‍ച്ചകള്‍ക്കും നിക്ഷേപ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറത്തുള്ളതാണ്. ഇന്ത്യയുമായും ഇന്ത്യന്‍ പ്രവാസികളുമായും ലേബര്‍ പാര്‍ട്ടിക്ക് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധം പുനഃസ്ഥാപിക്കാനുള്ള ഒരു ആസൂത്രിതമായ നീക്കം കൂടിയാണ് ഈ സന്ദര്‍ശനം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ ബി ജെ പി നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി സ്വീകരിച്ചിരുന്നത്. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സമയത്ത് ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. ഈ നീക്കം മോദി സര്‍ക്കാറില്‍ നിന്നും ബ്രിട്ടീഷ്- ഇന്ത്യന്‍ സമൂഹത്തിലെ ബി ജെ പി പിന്തുണക്കുന്ന വിഭാഗങ്ങളില്‍ നിന്നും വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടീഷ്- ഇന്ത്യന്‍ വോട്ടര്‍മാരില്‍ ഒരു പ്രധാന ഭാഗം ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് കണ്‍സര്‍വേറ്റീവുകളിലേക്ക് നീങ്ങാന്‍ തുടങ്ങി. ഋഷി സുനക് ഉള്‍പ്പെടെയുള്ളവരുടെ രംഗപ്രവേശനവും ഇതിന് കാരണമായി. ലേബര്‍ പാര്‍ട്ടി പാകിസ്താന്‍ അനുകൂലമാണെന്ന പ്രചാരണം ശക്തമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബിസിനസ്സ് നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, നയതന്ത്ര വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു സംഘത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഇന്ത്യാ സന്ദര്‍ശനം ബ്രിട്ടനിലെ ആഭ്യന്തര രാഷ്ട്രീയത്തിലും സ്വാധീനങ്ങളുണ്ടാക്കും.