രാജീവ് ചന്ദ്രശേഖറിനെതിരെ ഭൂമി തട്ടിപ്പ് ആരോപണം; കർണാടകയിൽ 500 കോടി രൂപയുടെ കെഐഎഡിബി ഭൂമി ക്രമക്കേടിൽ പങ്കെന്ന് പരാതി

Wait 5 sec.

500 കോടി രൂപയുടെ കെഐഎഡിബി ഭൂമി ക്രമക്കേടിൽ ബിജെപി കേരളാ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പങ്കെന്ന് റിപ്പോർട്ട്. സൗത്ത് ഫസ്റ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് പുറത്ത് വിട്ടത്. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്‍റ് ബോർഡ് (കെഐഎഡിബി) രാജീവ് ചന്ദ്രശേഖറിന് ബന്ധമുള്ള ബിപിഎല്ലിന് ഭൂമി അനുവദിച്ചതിൽ വൻതോതിലുള്ള തിരിമറികൾ നടന്നതായും, ഇത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ കെഎൻ ജഗദേഷ് കുമാർ കർണാടക സർക്കാരിന് അപ്പീൽ സമർപ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.അജിത് ഗോപാൽ നമ്പ്യാർ, ബിജെപി കേരള മേധാവി രാജീവ് ചന്ദ്രശേഖർ, അഞ്ജലി രാജീവ് ചന്ദ്രശേഖർ, മുൻ മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു എന്നീ വ്യക്തികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് അഭിഭാഷകൻ കർണാടക സർക്കാറിനെ സമീപിച്ചത്. ALSO READ; ‘അനന്തു അജിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകം’: വി കെ സനോജ്1995 ൽ ദൊബ്ബാസ്പേട്ടിലെ നെലമംഗലയിൽ കർഷകരിൽ നിന്ന് ഏറ്റെടുത്ത 175 ഏക്കർ കൃഷിഭൂമി കെഐഎഡിബി, ബിപിഎൽ കളർ ടെലിവിഷൻ, ട്യൂബ്, ബാറ്ററി നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി അനുവദിച്ചതായി പരാതിയിൽ പറയുന്നു. കർഷകർക്ക് നഷ്ടപരിഹാരമായി ഏക്കറിന് 1.1 ലക്ഷം രൂപയാണ് നൽകിയത്. 1995 മെയ് 23 ന് 149 ഏക്കറും 5.5 ഗുന്‍റയും (Guntas) കൈവശാവകാശ സർട്ടിഫിക്കറ്റ് കെ‌ഐ‌എ‌ഡി‌ബി ബി‌പി‌എൽ ഇന്ത്യ ലിമിറ്റഡിന് നൽകി. തുടർന്ന് 1996 ഏപ്രിൽ 17 ന് രജിസ്റ്റർ ചെയ്ത ലീസ് ഡീഡ് നൽകി. എന്നാൽ, 2004 വരെ സ്ഥലത്ത് ഒരു വ്യാവസായിക വികസനവും നടന്നിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.പകരം, അജിത് ഗോപാൽ നമ്പ്യാരും അഞ്ജലി രാജീവ് ചന്ദ്രശേഖറും പ്രതിനിധീകരിക്കുന്ന ബി‌പി‌എൽ, ലഭിച്ച ഭൂമി ബാങ്ക് ഓഫ് ബഹ്‌റൈൻ ആൻഡ് കുവൈറ്റിന് പണയപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന് 2004 ജനുവരി 7 ന് കെ‌ഐ‌എ‌ഡി‌ബി അനുമതിയും നൽകി. പിന്നീട്, പാട്ടക്കരാർ ഒരു സമ്പൂർണ്ണ വിൽപ്പനയാക്കി മാറ്റാൻ അനുമതി തേടി കമ്പനി കെ‌ഐ‌എ‌ഡി‌ബിയെയും അന്നത്തെ മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡുവിനെയും സമീപിച്ചതായും പരാതിയിലുണ്ട്. തൽഫലമായി, 2006 നവംബർ 28 ന് ബി‌പി‌എൽ ഇന്ത്യ ലിമിറ്റഡിന് അനുകൂലമായി കെ‌ഐ‌എ‌ഡി‌ബി ഒരു സെയിൽ ഡീഡ് നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.ALSO READ; ട്രെയിൻ ചങ്ങല വലിച്ച് നിർത്തി, ഡോക്ടറെ വീഡിയോ കാൾ വിളിച്ചു; മുംബൈയിൽ യുവതിക്ക് പ്ലാറ്റ്ഫോമിൽ പ്രസവമെടുത്ത് വൈറലായി ‘റാഞ്ചോ’ബിപിഎൽ പിന്നീട് അനുവദിച്ച ഭൂമിയുടെ ഗണ്യമായ ഭാഗങ്ങൾ വമ്പൻ കമ്പനികൾക്ക് മറിച്ചു വിറ്റതായി പരാതിയിൽ പറയുന്നു. 2011 ഫെബ്രുവരിയിൽ മാരുതി സുസുക്കിക്കും ജിൻഡാൽ അലുമിനിയം ലിമിറ്റഡിനുമടക്കം ശതകോടികളുടെ ഭൂമിയാണ് ഇങ്ങനെ ബിപിഎൽ വിറ്റ് കാശാക്കിയത്. കഴിഞ്ഞ 55 വർഷത്തിനിടെ, കെഐഎഡിബി 1.55 ലക്ഷം ഏക്കറിലധികം കൃഷിഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ഈ ഏറ്റെടുക്കലുകളിൽ 70 ശതമാനത്തിലധികവും യഥാർത്ഥ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പരാതിയിൽ ആരോപിക്കുന്നു. പകരം, വികസനത്തിന്റെ മറവിൽ അവ വഴിതിരിച്ചുവിട്ടതായും വ്യാപകമായ റിയൽ എസ്റ്റേറ്റ്, കൃഷിഭൂമി അഴിമതികൾക്ക് വഴിയൊരുക്കിയതായും പരാതിയിൽ പറയുന്നതായും റിപ്പോർട്ടിലുണ്ട്.അതേസമയം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജീവ് ചന്ദ്രശേഖറിന് ബിപിഎല്ലുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞതായും സൗത്ത് ഫസ്റ്റ് ന്യൂസിന്‍റെ റിപ്പോർട്ടിലുണ്ട്. പരാതി വിശദമായി പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് ഇത് സംബന്ധിച്ച് അഭിഭാഷകൻ പറഞ്ഞത്.The post രാജീവ് ചന്ദ്രശേഖറിനെതിരെ ഭൂമി തട്ടിപ്പ് ആരോപണം; കർണാടകയിൽ 500 കോടി രൂപയുടെ കെഐഎഡിബി ഭൂമി ക്രമക്കേടിൽ പങ്കെന്ന് പരാതി appeared first on Kairali News | Kairali News Live.