കുട്ടിക്കാലത്ത് (അത് 1967- 69 ആണ്) എന്നെ ഏറ്റവും കുഴക്കിയ ഒരു പ്രശ്നം അന്നത്തെ മുഖ്യമന്ത്രി ഇ എം എസും പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും തമ്മിൽ ഡൽഹിയിൽ നടന്നിരുന്ന ‘ഊഷ്മളമായ’ കൂടിക്കാഴ്ചകളാണ്.ഒരു കാര്യം ഓർക്കണം: വിമോചനസമരം കത്തിപ്പടരുന്ന കാലത്താണ് ഞാൻ ജനിച്ചത്. അന്ന് തിരിച്ചറിവില്ലെങ്കിലും പിന്നീട് കേട്ടതെല്ലാം കോൺഗ്രസ് – കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയസംഘർഷങ്ങളെക്കുറിച്ചാണ്. വായിച്ചു തുടങ്ങിയതാകട്ടെ ചെറുകാടിൻ്റെ “മുത്തശ്ശി”, “ശനിദശ” പോലുള്ള നോവലുകൾ. തോപ്പിൽ ഭാസിയുടെ “ഒളിവിലെ ഓർമ്മകൾ”. (ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ്റെ മകൾ ഭാർഗ്ഗവി എൻ്റെ ഹൃദയത്തെ മുറിപ്പെടുത്തിയ കാലം.) പറവൂർ ടി.കെ.നാരായണപിള്ള മുതൽക്കുള്ള കോൺഗ്രസ് സർക്കാരുകളുടെ ഭീകരമായ കമ്യൂണിസ്റ്റ് വേട്ടകൾ. എൻ്റെ മുത്തച്ഛനും അതിൻ്റെ ഇരയായിരുന്നു. അതിനിടയിലാണ് ഒരു കോൺഗ്രസ് നേതാവിനു മുന്നിൽ ചെന്ന് ഇ.എം.എസ്. കൈകൂപ്പുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി മോഡിയുമായും മറ്റ് കേന്ദ്രമന്ത്രിമാരും തമ്മിൽ നടത്തുന്ന ചർച്ചകളെ മുൻനിർത്തി കേരളത്തിലെ നമ്മുടെ മായാ മഴവിൽസഖ്യം നടത്തുന്ന വിമർശനങ്ങൾക്കിടെ ഞാൻ ആ പഴയ പത്തുവയസ്സുകാരനെ ഓർമ്മിച്ചു. മഴവിൽ സഖ്യശക്തികളെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ: 1960 കളിലെ നിലവാരത്തില്ല ഇക്കാലത്തെ പത്തുവയസ്സുകാർ. അവർ ലോകം കണ്ടവരാണ്.ബി.ജെ.പി.യും ഇടതുപക്ഷവും തമ്മിൽ യോജിപ്പിലാണ് എന്ന് സ്ഥാപിക്കാൻ നടക്കുന്ന ശ്രമമാണ് കേരളരാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ തമാശ. ഈ പാഴ്ശ്രമത്തിനു പിന്നിലെ ഉദ്ദേശം വളരെ വ്യക്തമാണ്. ആർ.എസ്.എസ്. ബി.ജെ.പി.ക്കെതിരായ കേരളത്തിൻ്റെ പ്രതിരോധത്തെ ദുർബ്ബലമാക്കാനാവുമോ എന്ന ശ്രമം. പക്ഷേ അതു നടക്കില്ല. മറ്റെന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും കേരളീയർ ബുദ്ധിശൂന്യരല്ല എന്നതുതന്നെ കാരണം. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ നീക്കത്തിൻ്റെ ഇവിടത്തെ ചാമ്പ്യൻ സി.പി.ഐ.എമ്മും ഇടതുപക്ഷവുമാണെന്ന് അവർക്കറിയാം. അതിൻ്റെ ഭാഗമായ സ്നേഹമാണ് (വിരോധവുമാണ്) അവരുടെ രാഷ്ട്രീയനിലപാടിനെ നിർണ്ണയിക്കുന്നത്.Also Read: ‘ജനാധിപത്യത്തിന്റെ ദീപം’; ഗസ വംശഹത്യയില്‍ ഇസ്രയേലിനെ അനുകൂലിച്ച മച്ചാഡോയെ വാനോളം പുകഴ്ത്തി ലീഗ് മുഖപത്രം ചന്ദ്രികഇടതുപക്ഷത്തിൻ്റെ “ഹിന്ദുത്വ ചായ്വിനെ” സ്ഥാപിക്കാൻ ശബരിമലയിലും മറ്റ് ആരാധനാകേന്ദ്രങ്ങളിലും ഇടതുപക്ഷ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളെയും ചിലർ ഉദാഹരണമായി അവതരിപ്പിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാർ പാടെ മാറിയിരിക്കുന്നു എന്നാണ് വിമർശനം. വിശ്വാസിക്കാനും ആരാധിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തിനു വേണ്ടി നിന്ന ചരിത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിക്കുള്ളതെന്ന സത്യം അവർ സൗകര്യപൂർവ്വം മറക്കുന്നു. ക്ഷേത്ര പ്രവേശനവിളംബരം നടന്നിട്ട് കാലം കടന്നുപോയിട്ടും സവർണ്ണസനാതനികളെ ഭയപ്പെട്ട് അകന്നു നിന്നിരുന്ന അവർണ്ണജനതയെ കൈപിടിച്ച് ക്ഷേത്രത്തിനകത്ത് കയറ്റിയത് കമ്യൂണിസ്റ്റുകാരാണ്. മഹത്തായ ആ ദൗത്യം വൈക്കം, ഗുരുവായൂർ സത്യഗ്രഹകാലം മുതലേ തുടങ്ങുന്നുണ്ട്. അവർണ്ണജനതയുടെ ക്ഷേത്രപ്രവേശത്തിനു വേണ്ടി സമരംചെയ്ത് സനാതനികളുടെ മർദ്ദനമേറ്റ് ഗുരുവായൂർ നടവഴിയിൽ എ.കെ.ജി. വീണുകിടന്നത് “ഹിന്ദുത്വപ്രീണന”മാണെന്ന് ഇവർ വ്യാഖ്യാനിക്കുമോ ആവോ?കേരളത്തിലെ മായാ മഴവിൽസഖ്യത്തിൽ ചെന്നുപെട്ടിട്ടുള്ള ബുദ്ധിജീവികളുടെ ഉള്ളിൽ മുറിവേറ്റു കിടക്കുന്നത് വലിയൊരു നഷ്ടപ്രതാപമാണ്. തകർന്ന ജന്മിത്വത്തിൻ്റെ ബാക്കിപത്രങ്ങളാണ് അവരിൽ ഏറിയ പങ്കും. ഭൂനിയമത്തിനു പിറകെ കേരളത്തിൻ്റെ സാഹിത്യാന്തരീഷം മോഹഭംഗത്തിൻ്റെ കാർമേഘം കൊണ്ടു നിറഞ്ഞത് ഓർക്കുക. ഈ ദുഃഖവും മോഹഭംഗവും പിന്നീട് വലിയ രാഷ്ടിയശക്തിയായി മാറുന്നത് കാണാം. അതിൻ്റെ ഭാഗമായി വന്ന തീവ്ര സാഹസികരാഷ്ട്രീയം ഒരു തലമുറയിലെ യുവത്വത്തെ നിർവീര്യമാക്കി. ഉള്ളിൽ ഇരമ്പുന്ന ഗൃഹാതുര പ്രതികാരബോധത്തെ മറികടന്ന് ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ ജനകീയമുന്നണിയിൽ പങ്കു ചേരണമെന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു.The post കേരളത്തിലെ മായാ മഴവിൽസഖ്യത്തിൽ ചെന്നുപെട്ടിട്ടുള്ള ബുദ്ധിജീവികളോട്: അശോകൻ ചരുവില് appeared first on Kairali News | Kairali News Live.