ദുബൈ | ദുബൈ സാമ്പത്തിക മേഖല തന്ത്രത്തിന് ദുബൈയുടെ ഒന്നാം ഉപ ഭരണാധികാരിയും യു എ ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഇക്കോണമിക് ആൻഡ് ഫിനാൻഷ്യൽ സെക്ടർ ഡെവലപ്മെന്റ് ഉന്നത സമിതി ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബൈയുടെ ജി ഡി പിയിലേക്കുള്ള സാമ്പത്തിക മേഖലയുടെ സംഭാവന ഇരട്ടിയാക്കാനും ആസ്തികളുടെ വലുപ്പം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര റോഡ് മാപ്പാണിത്.ലോകത്തിലെ പ്രമുഖ സാമ്പത്തിക കേന്ദ്രങ്ങളിൽ ദുബൈയുടെ സ്ഥാനം ഉറപ്പിക്കാനും എമിറേറ്റിന്റെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഈ മേഖലയുടെ സംഭാവന വർധിപ്പിക്കാനുമാണ് തന്ത്രം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മക്തൂം പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 15 സുപ്രധാന പദ്ധതികൾ ആരംഭിക്കും. ഇത് നിക്ഷേപകർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ദുബൈയുടെ ബിസിനസ്സ് അന്തരീക്ഷത്തിലുള്ള അവരുടെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും. ഈ പദ്ധതികൾ വളർച്ചക്ക് ആക്കം കൂട്ടുകയും ആഗോള ധനകാര്യത്തിന്റെ ഭാവി രൂപപ്പെടുത്തുകയും ചെയ്യും. ക്യാപിറ്റൽ മാർക്കറ്റുകൾ, അസറ്റ്, വെൽത്ത് മാനേജ്മെന്റ‌്, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ് എം ഇ) ധനസഹായം, വെർച്വൽ ആസ്തികൾ, ഫിൻടെക് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കും.ദുബൈയിലെ വിർച്വൽ അസറ്റ്‌സ് റെഗുലേറ്ററി അതോറിറ്റി (വി എ ആർ എ) ഈ വർഷം ഉണ്ടാക്കിയ പുരോഗതി ശൈഖ് മക്തൂം ബിൻ മുഹമ്മദ് വിലയിരുത്തി. ദുബൈയിൽ ഇന്ന് 40-ൽ അധികം ലൈസൻസുള്ള വിർച്വൽ അസറ്റ്‌സ് സർവീസ് പ്രൊവൈഡർമാരുണ്ട്.2.5 ട്രില്യൺ ദിർഹമിന്റെ ഇടപാടുകൾ: ശൈഖ് മുഹമ്മദ്വെർച്വൽ ആസ്തികൾക്കായുള്ള ഏറ്റവും വലിയ ലൈസൻസുള്ള വിപണിയായി ദുബൈ ഇപ്പോൾ ലോകത്തെ നയിക്കുന്നുവെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഈ വർഷം ആരംഭം മുതൽ 2.5 ട്രില്യൺ ദിർഹത്തിലധികം ഇടപാടുകൾ നടന്നിട്ടുണ്ട്.“മൂന്ന് വർഷത്തിനുള്ളിൽ നമ്മുടെ ദേശീയ സമ്പദ്്വ്യവസ്ഥയിലേക്ക് പൂർണമായും പുതിയൊരു സാമ്പത്തിക മേഖല കൂട്ടിച്ചേർക്കപ്പെട്ടു. നന്ദി, മക്തൂം ബിൻ മുഹമ്മദ്. നിങ്ങളോടൊപ്പം, നമ്മുടെ ദേശീയ സമ്പദ്്വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പുണ്ട്.’ ശൈഖ് മുഹമ്മദ് പറഞ്ഞു.