വെറുതെയെന്തിനാ കുറേ നൂലാമാലകൾ?!

Wait 5 sec.

കൂട്ടരേ.. നമ്മുടെ സമയം ആവശ്യങ്ങൾക്കുള്ളതാണ്. അത് അനാവശ്യമായ ആലോചനകൾക്കോ സംസാരത്തിനോ ഇടപെടലുകൾക്കോ ഉള്ളതല്ല. ഓരോ നിമിഷവും മികച്ചത് ചെയ്യുന്നവനാകുകയെന്നതാണ് മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം. അവന്റെ ഓരോ ചലനവും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാകും. സൂറ: യാസീൻ 12 അതാണ് സൂചിപ്പിക്കുന്നത്. “നിശ്ചയം നാം മൃതിയടഞ്ഞവരെ പുനരുജ്ജീവിപ്പിക്കുന്നതാണ്. അവരുടെ മുൻ കർമങ്ങളും പിൻ കർമങ്ങളും രേഖപ്പെടുത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും മുഖ്യഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നു’.ശരിക്കുമൊന്ന് ചിന്തിച്ച് നോക്കൂ.നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ നമുക്ക് വിന മാത്രമാണ് വരുത്തുകയല്ലേ. ഒന്നുകിൽ ഇഹലോകത്ത് കുറേ ടെൻഷനുകൾ അതല്ലെങ്കിൽ പരലോകത്തെ അലോസരങ്ങൾ. എന്തിനാണ് വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ കഴുത്തിലെടുത്തിടുന്നത്. സമയവും സമ്പത്തും വെറുതെ കളഞ്ഞ് നഷ്ടവും ശിക്ഷയും നേടുന്ന ഗതികേടാണ് അനാവശ്യ കാര്യങ്ങളിൽ കൈവെക്കുമ്പോൾ സംഭവിക്കുന്നത്. അതുമിതും ആലോചിക്കുന്നതിന് പകരം, എന്തെല്ലാമോ ചെയ്തുകൂട്ടുന്നതിന് പകരം കൃത്യമായ ലക്ഷ്യബോധത്തോട് കൂടിയ ചിന്തയും പ്രവൃത്തിയുമാണ് നമുക്കുണ്ടാകേണ്ടത്.കൃത്യമായ അജൻഡകളില്ലാത്ത മീറ്റിംഗുകളും ആസൂത്രണങ്ങളില്ലാത്ത പദ്ധതികളും ആലോചനകളില്ലാത്ത യാത്രകളും കുളമായ അനുഭവങ്ങൾ നമുക്കോരോരുത്തർക്കും ധാരാളമുണ്ടാകുമല്ലോ? തഥൈവ ഭൗതിക ലോകത്ത് അനാവശ്യങ്ങളിൽ ചിലവിടുന്നവരുടെ പരലോകവും പരാജയമായിരിക്കും. നമുക്കൊരു വിവരവുമില്ലാത്ത കാര്യത്തെ പ്രതി അഭിപ്രായം പറയാനും നിലപാടെടുക്കാനും മുതിരുന്നത് അബദ്ധമാണ്. “നിനക്ക് വിവരമില്ലാത്ത കാര്യങ്ങൾ അനുഗമിക്കരുത്. തീർച്ച കേൾവി, കാഴ്ച, മനസ്സ് എല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’ എന്നതാണ് സൂറ: ഇസ്റാഇന്റെ പാഠം. അനാവശ്യ വ്യവഹാരങ്ങളിൽ നിന്ന് മാറി നിൽക്കുകയെന്നത് നല്ല മനുഷ്യരുടെ സ്വഭാവഗുണമാണ്.സൂറ: മുഅ്മിനൂൻ മൂന്നും സൂറ: ഫുർഖാൻ 72 ഉം അക്കാര്യത്തിലേക്ക് ചൂണ്ടുന്നുണ്ട്. അനാവശ്യങ്ങൾ ത്യജിച്ചാൽ തന്നെ കുറേയേറെ പ്രശ്നങ്ങൾക്കും പരിഹാരമാകും. വഴക്കും വക്കാണവും ഉണ്ടാകില്ല. ജീവിതത്തിൽ സ്വസ്ഥതയും സന്തോഷവും വന്നു ചേരും. തിരുദൂതർ (സ) പഠിപ്പിച്ചത് കേൾക്കൂ… “ആവശ്യമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കുകയെന്നത് ഒരാൾക്കുണ്ടാകേണ്ട ഇസ്്ലാമിക സൗന്ദര്യത്തിൽപ്പെട്ടതാണ്’ (തിർമുദി 2318).ആവശ്യമില്ലാത്തതിൽ ഇടപെടാതിരിക്കുമ്പോൾ നന്മകൾ ചെയ്യാൻ ധാരാളം സമയം ലഭിക്കും. യഥാർഥത്തിൽ നന്മകൾ ധാരാളം ചെയ്യാനുള്ള അവസരത്തെയാണ് ദീർഘായുസ്സ് വർധിക്കാനുള്ള പ്രാർഥനയിലൂടെ വിശ്വാസികൾ ലക്ഷ്യമിടുന്നത്. ഒരു നന്മ കഴിഞ്ഞാൽ മറ്റൊരു നന്മ ചെയ്യൂ എന്നാണ് സൂറത്തു ശർഹ് നമ്മെ പഠിപ്പിക്കുന്നതും. എല്ലാ ലോകകാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറഞ്ഞേ ഞാനടങ്ങൂവെന്നും എല്ലാരുടെയും പോസ്റ്റും റീലും കണ്ടേ കിടന്നുറങ്ങൂയെന്നുമുള്ള തീരുമാനങ്ങളൊക്കെ തിരുത്താൻ നേരമായിട്ടുണ്ട്. വെറുതെയെന്തിനാ തലയിൽ കുറേ നൂലാമാലകൾ ?!