മലപ്പുറം | ഇ കെ വിഭാഗത്തിലെ തര്‍ക്കം പരിഹരിക്കാന്‍ വീണ്ടും സമിതിയായി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലിം ലീഗിന്റെ കൂടി ശക്തമായ ആവശ്യത്തിലാണ് തര്‍ക്ക പരിഹാര സമിതി വീണ്ടും രൂപവത്കരിച്ചത്. ഇ കെ വിഭാഗവും ലീഗുമായുള്ള തര്‍ക്കവും ഇ കെ പക്ഷത്തെ ലീഗനുകൂലരും വിരുദ്ധരും തമ്മിലുള്ള വിഭാഗീയതയും പരിഹരിക്കാനാണ് സമിതി രൂപവത്കരിച്ചത്. ഇന്നലെ ഇ കെ വിഭാഗം പ്രസിഡന്റ്ജിഫ്രി മുത്തുക്കോയ തങ്ങളും ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്. പി കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ജിഫ്രി തങ്ങള്‍, സ്വാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എം ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, മൂസക്കുട്ടി ഹസ്രത്ത്, സൈനുല്‍ ആബിദീന്‍ സഫാരി, അബ്ദു സ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് അംഗങ്ങള്‍.നേരത്തേ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇ കെ പക്ഷത്തെ ഇരുവിഭാഗം പ്രതിനിധികളും ലീഗ് നേതാക്കളും ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തര്‍ക്കങ്ങള്‍ ലീഗിന് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. നൂറാം വാര്‍ഷിക സമ്മേളന പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നടക്കാത്ത സാഹചര്യം ഇ കെ വിഭാഗത്തെയും സമവായ നീക്കങ്ങള്‍ക്ക് സന്നദ്ധമാക്കി. തര്‍ക്ക പരിഹാരത്തിന് സ്വാദിഖലി തങ്ങളുടെയും ജിഫ്രി തങ്ങളുടെയും നേതൃത്വത്തില്‍ നേരത്തേ ഉപസമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് യോഗം നടക്കുകയും ലീഗ് വിരുദ്ധ വിഭാഗം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. തുടര്‍യോഗങ്ങള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. യോഗ ശേഷം പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും വീണ്ടും ചര്‍ച്ച ചെയ്യുമെന്നും പറയാറാണ് പതിവ്. എന്നാല്‍ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴും വിഭാഗീയത രൂക്ഷമായി തുടര്‍ന്നു.മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്വിയുടെ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഉണ്ടെന്ന വിവാദ പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലീഗ് വിരുദ്ധ വിഭാഗം നേതാക്കള്‍ രംഗത്തുവന്നിരുന്നു. നദ്വിയെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്ന് ആരോപിച്ച് ചെമ്മാട് ദാറുല്‍ ഹുദയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ മലപ്പുറത്ത് പരിപാടി സംഘടിപ്പിക്കുകയും മറുവിഭാഗത്തെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ജംഇയ്യത്തുല്‍ ഖുത്വബ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നാസര്‍ ഫൈസി കൂടത്തായിയെ പുറത്താക്കുന്ന സാഹചര്യവുമുണ്ടായി.എസ് എം എഫ് ലീഗനുകൂലികള്‍ പിടിച്ചടക്കുകയും സമാന്തര പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്തിരുന്നു. സി ഐ സി പ്രശ്നം അതേ പോലെ തുടരുകയുമാണ്. ഇങ്ങനെ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന തിരിച്ചറിവിലാണ് ഇ കെ വിഭാഗം നേതാക്കളും ലീഗ് നേതാക്കളും ഒരുമിച്ചിരുന്ന് വീണ്ടും ഉപസമിതി രൂപവത്കരിച്ചിരിക്കുന്നത്.