ന്യൂഡൽഹി | ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൂഗിൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ആദ്യത്തെ എ ഐ ഹബ്ബിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ. വിശാഖപട്ടണത്ത് ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കേന്ദ്രവും സ്ഥാപിക്കുമെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ യു എസ് ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ എ ഐ ഹബ്ബാണിത്.വികസനത്തിലെ ഒരു നാഴികക്കല്ലാണ് ഈ സംരംഭമെന്ന് ഇന്ത്യൻ വംശജൻ കൂടിയായ സി ഇ ഒ സുന്ദർ പിച്ചൈ പറഞ്ഞു. ജിഗാവാട്ട് സ്കെയിലിലുള്ള കമ്പ്യൂട്ടിംഗ് ശേഷി, പുതിയ അന്താരാഷ്ട്ര അന്തർവാഹിനി കേബിൾ പ്രവേശന കവാടം, വലിയ ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ എന്നിവയെല്ലാം ഈ ഹബ്ബിൽ ഒരുമിക്കുന്നുണ്ടെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇതുവഴി, ഇന്ത്യൻ സംരംഭങ്ങളിലേക്കും ഉപയോക്താക്കളിലേക്കും തങ്ങളുടെ സാങ്കേതികവിദ്യ എത്തിക്കും. ഇത് രാജ്യത്തുടനീളം എ ഐ ഇന്നൊവേഷൻ ത്വരിതപ്പെടുത്തുകയും വളർച്ചയ്ക്ക് പ്രചോദനം നൽകുകയും ചെയ്യുമെന്നും പിച്ചൈ പറഞ്ഞു.എ ഐ ഡാറ്റാ സെന്റർ കാമ്പസിനായി ഗൂഗിൾ അദാനി ഗ്രൂപ്പുമായി സഹകരിച്ചിട്ടുണ്ട്. രാജ്യത്തെ ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്. എ ഐയിൽ അധിഷ്ഠിതമായ സേവനങ്ങളുടെ വികസനം ത്വരിതപ്പെടുത്താനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ വികസിത ഭാരത് 2047 വിഷനുമായി ഇത് യോജിച്ചു പോകുന്നതാണെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.വിശാഖപട്ടണത്തെ എ ഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റൽ ഭാവിക്കുള്ള സുപ്രധാന നിക്ഷേപമാണെന്ന് ഔദ്യോഗിക കരാറിൽ ഒപ്പിടുന്ന ചടങ്ങിൽ സംസാരിച്ച ഗൂഗിൾ ക്ലൗഡ് സി ഇ ഒ തോമസ് കുര്യൻ പറഞ്ഞു. ഉത്തരവാദിത്തത്തോടെ എ ഐ ഉപയോഗപ്പെടുത്താനും സമൂഹത്തിൽ പരിവർത്തനപരമായ സ്വാധീനം ചെലുത്താനും ഇന്ത്യാ – യു എസ് സർക്കാറുകളുടെ പങ്കാളിത്തത്തിലുള്ള പ്രതിബദ്ധതയെയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, അശ്വിനി വൈഷ്ണവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, സംസ്ഥാന ഐ ടി മന്ത്രി നാരാ ലോകേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.