എയ്ഡഡ് സ്‌കൂളിലെ ഭിന്നശേഷി സംവരണ നിയമനം: സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും, എന്‍എസ്എസിന് ലഭിച്ച വിധി മറ്റുള്ളവര്‍ക്കും ബാധകമാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Wait 5 sec.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക്, വിശേഷിച്ച് ഭിന്നശേഷിക്കാർക്ക്, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന ചില തർക്കങ്ങളും നിയമപ്രശ്‌നങ്ങളുമുണ്ട്. ഇത് കാരണം നിരവധി അധ്യാപകരുടെ നിയമനാംഗീകാരം തടസ്സപ്പെടുകയും ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് യഥാസമയം നിയമനം ലഭിക്കുന്നതിൽ കാലതാമസം നേരിടുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ആ തീരുമാനം അറിയിക്കുന്നതിനാണ് ഈ വാർത്താസമ്മേളനം എന്നും മന്ത്രി പറ‍ഞ്ഞു.എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ വിഷയത്തിന് ദീർഘമായ ചരിത്രമുണ്ട്. നിയമപരമായ അടിസ്ഥാനം 1995ലെ പി.ഡബ്ല്യൂ.ഡി ആക്ട് പ്രകാരം മൂന്ന് ശതമാനം സംവരണവും, 2016ൽ വന്ന ആർ.പി.ഡബ്ല്യൂ.ഡി. ആക്ട് പ്രകാരം ഇത് നാല് ശതമാനം സംവരണവുമാക്കി ഉയർത്തി. 1996 ഫെബ്രുവരി 7 മുതൽ 3 ശതമാനവും, 2017 ഏപ്രിൽ 19 മുതൽ 4 ശതമാനവും സംവരണം നൽകാനാണ് നിയമം അനുശാസിക്കുന്നത്.ALSO READ: ‘സ്മാര്‍ട്ട് ക്ലാസ് മുറികളും റോബോട്ടിക് ലാബുകളും ഉള്ള പൊതുവിദ്യാലയങ്ങള്‍ ഇന്ന് അതിശയോക്തിയല്ല’: മുഖ്യമന്ത്രിസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം,1996 മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നടത്തിയ നിയമനങ്ങളിലെ ബാക്ക്ലോഗ് കണ്ടെത്തി നികത്താൻ നിർദ്ദേശിച്ചു. ഇതാണ് ഈ വിഷയത്തിലെ ഒരു സുപ്രധാന സർക്കാർ ഇടപെടൽ. സർക്കാർ ഉത്തരവിനെതിരെ ചില മാനേജ്‌മെന്റുകൾ കേരള ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചു. എന്നാൽ, ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സർക്കാർ നിലപാട് ശരിവെച്ചു. മാനേജ്‌മെന്റുകൾ നൽകിയ എസ്.എൽ.പി. (8030/2021) സുപ്രീം കോടതി തള്ളിയതോടെ, സംവരണം നടപ്പാക്കേണ്ടത് അനിവാര്യമായി.ബാക്ക്ലോഗ് നികത്താത്തതിനാൽ, 2018 നവംബർ 18 മുതൽ നടന്ന പുതിയ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ തടസ്സങ്ങൾ നേരിട്ടു.ഇത് നിരവധി അധ്യാപകരെ പ്രതിസന്ധിയിലാക്കി. ഭിന്നശേഷി ഒഴിവുകളിൽ നിയമിക്കപ്പെട്ട പൊതുവിഭാഗത്തിലുള്ളവർക്ക് ശമ്പളത്തോടുകൂടിയ താൽക്കാലിക (പ്രൊവിഷണൽ) അംഗീകാരം നൽകാൻ തീരുമാനിച്ചു. ഭിന്നശേഷിക്കാർ ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് ഇവർക്ക് പുനർനിയമനത്തിന് അർഹത നൽകുന്ന വ്യവസ്ഥയും ഉൾപ്പെടുത്തി.നിയമനനടപടികൾ സുതാര്യവും കാര്യക്ഷമവുമാക്കാൻ, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം (SLP(C) 9566/2023), 2025 മാർച്ച് 24 ലെ ഉത്തരവിലൂടെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമിതികൾ രൂപീകരിച്ചു. 2025 ജൂൺ 28 മുതൽ നിയമന ശുപാർശ നൽകുന്നത് ഈ സമിതികളാണ്. വിവിധ മാനേജ്‌മെന്റുകൾ എൻ.എസ്.എസ്. വിധി തങ്ങൾക്കു കൂടി ബാധകമാക്കണം എന്ന ആവശ്യം ഉന്നയിക്കുകയുണ്ടായി.നിലവിലെ സാഹചര്യത്തിൽ, എൻ.എസ്.എസ് മാനേജ്‌മെന്റ് നൽകിയ കേസിൽ സുപ്രീം കോടതിയിൽ നിന്ന് അവർക്ക് അനുകൂലമായ ഒരു വിധി ലഭിക്കുകയുണ്ടായി. ഈ വിധി എൻ.എസ്.എസ് മാനേജ്‌മെന്റിന് മാത്രം ബാധകമായ ഒന്നാണെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. എന്നാൽ, ഈ വിഷയത്തിൽ ഒരു പൊതുവായതും ശാശ്വതവുമായ പരിഹാരം കാണേണ്ടതുണ്ട് എന്ന് സർക്കാർ മനസ്സിലാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, നിയമകാര്യ മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, അഡ്വക്കേറ്റ് ജനറൽ, നിയമ സെക്രട്ടറി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി.സുപ്രീം കോടതി എൻ.എസ്.എസ് മാനേജ്‌മെന്റിന് നൽകിയ വിധിയിലെ ഇളവുകളും ആനുകൂല്യങ്ങളും സംസ്ഥാനത്തെ മറ്റ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കുന്നതിന് ആവശ്യമായ നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഇതിനായി കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ ഈ നിലപാട് കോടതിയെ അറിയിക്കും. ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്‌മെന്റുകളുടെയും ന്യായമായ പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.ഇതുപോലെയുള്ള സമാന സ്വഭാവമുള്ള നിരവധി കേസുകൾ സുപ്രീം കോടതിയിൽ നിലനിൽക്കുകയാണ്. ഈ കേസ്സുകളിൽ അധ്യാപക നിയമനവും ഭിന്നശേഷി നിയമനവും ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കോടതിയുടെ അന്തിമവിധി വാങ്ങേണ്ടതാണ് എന്ന വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ. അതിന്റെ അന്തിമ വിധി വാങ്ങുന്നതിനുവേണ്ടി സുപ്രീംകോടതിയെ വീണ്ടു സമീപിക്കും എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു…The post എയ്ഡഡ് സ്‌കൂളിലെ ഭിന്നശേഷി സംവരണ നിയമനം: സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും, എന്‍എസ്എസിന് ലഭിച്ച വിധി മറ്റുള്ളവര്‍ക്കും ബാധകമാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി appeared first on Kairali News | Kairali News Live.