കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ അഞ്ചാമത് ഹാദി ബിരുദദാന സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സുന്നി പ്രാസ്ഥാനിക കുടുംബം. അടുത്ത മാസം 7, 8, 9 തിയ്യതികളില്‍ കുറ്റ്യാടി സിറാജുല്‍ ഹുദയിലാണ് സമ്മേളനം നടക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയ എല്ലാ സംഘടനാ വിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.എസ് വൈ എസിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം മുഴുവന്‍ യൂണിറ്റുകളിലും ബോര്‍ഡുകളും ബാനറുകളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പോസ്റ്ററുകള്‍ പതിക്കാനും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ, ജാമിഅത്തുല്‍ ഹിന്ദിന്റെ ദാഇറ ഘടകങ്ങളുടെ കീഴില്‍ ബഹുമുഖ പദ്ധതികളും നടപ്പാക്കുന്നുണ്ട്. എല്ലാ ദാഇറ പരിധികളിലും വാഹന റാലി, വിളംബര റാലി, പ്രത്യേകം സംഗമങ്ങള്‍ തുടങ്ങിയ ഒട്ടനേകം പദ്ധതികള്‍ക്കാണ് ദാഇറ കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നത്.ബിരുദദാന സമ്മേളനത്തിന് ആഥിത്യമരുളുന്നു കുറ്റ്യാടി സിറാജുല്‍ ഹുദയുടെ കീഴില്‍ 1001 അംഗ സ്വാഗത സംഘം രൂപവത്കരിച്ചും വിപുലമായ പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന പ്രാസ്ഥാനിക സമ്മേളനം പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. റാഷിദ് ബുഖാരി വിഷയാവതരണം നടത്തി. റഷീദ് മുസ്‌ലിയാര്‍ ആയഞ്ചേരി, ഹുസൈന്‍ തങ്ങള്‍, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, ഇബ്‌റാഹീം സഖാഫി കുമ്മോളി, അബ്ദുല്ല പേരാമ്പ്ര, അഡ്വ. വി പി കെ ഉമറലി, അബ്ദുറസാഖ് ബദവി, ബഷീര്‍ കുട്ടമ്പത്ത് സംബന്ധിച്ചു.സിറാജുല്‍ ഹുദയുടെ കീഴിലുള്ള 60 മഹല്ലുകളുടെ നേതൃസംഗമം, മുല്‍തഖല്‍ അസാതിദ, സെന്‍ട്രല്‍ കോര്‍ മീറ്റ് അടക്കം വൈവിധ്യമാര്‍ന്ന സംഗമങ്ങള്‍ നടന്നു. സംഗമങ്ങള്‍ക്ക് സംയുക്ത മഹല്ല് സെക്രട്ടറി ഹമീദ് മാസ്റ്റര്‍ വളയന്നൂര്‍, എ ജി എം നസീര്‍ കുയ്തേരി, ബഷീര്‍ അസ്ഹരി പേരോട് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പ്രസ്ഥാനത്തിന് കീഴിലും സ്ഥാപനങ്ങളുടെയും ദാഇറകളുടെയും നേതൃത്വത്തിലും വ്യാപകമായ പ്രചാരണ പരിപാടികള്‍ നടക്കുമെന്ന് പ്രചാരണ വിഭാഗം ചെയര്‍മാന്‍ റഹ്മത്തുല്ല സഖാഫി എളമരം പറഞ്ഞു.