എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരൻ്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിൻ്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.ALSO READ: പി നിഖിൽ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥിനിക്ക് മതവിശ്വാസത്തിൻ്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിൻ്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിദ്യാർത്ഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15-ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർത്ഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.The post പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ‘വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടു’ മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.