ഒട്ടേറെ സങ്കീർണമായ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുകയും ചെയ്യുന്ന റവന്യൂ വകുപ്പിനെ കഴിഞ്ഞ നാലര വർഷക്കാലം ജനാഭിമുഖ്യ തീരുമാനങ്ങളെടുത്തും നടപ്പാക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്ത റവന്യൂ സെക്രട്ടേറിയറ്റ് ഇന്ന് (14.10-25) 150 യോഗങ്ങൾ പൂർത്തിയാക്കി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ റവന്യു വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ നിന്നും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.വകുപ്പിന്റെ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ആധാരമായ നിയമ നടപടിക്രമങ്ങളുടെ സങ്കീർണ്ണത മൂലം പൊതുജനങ്ങളിൽ നിന്നും ഏറ്റവുമധികം വിമർശനങ്ങളും നേരിടേണ്ടി വരുന്ന റവന്യൂ വകുപ്പിലെ അതിസങ്കീർണമായ പല നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് നിയമ ഭേദഗതികളും ചട്ടങ്ങൾ പരിഷ്‌കരിക്കുകയും ചെയ്തു. ഭൂപതിവ് നിയമ ഭേദഗതിയും ചട്ട ഭേദഗതിയും ഉൾപ്പെടെ വിവിധ നിയമങ്ങളിലും ചട്ടങ്ങളിലും എട്ട് ഭേദഗതികൾ കൊണ്ടുവന്നു. മൂന്ന് ഭേദഗതികളുടെ ശിപാർശകൾ അന്തിമ ഘട്ടത്തിലാണ്.നാലര വർഷക്കാലയളവിൽ 223945 പട്ടയങ്ങൾ വിതരണം ചെയ്യാനായ നേട്ടങ്ങൾക്ക് പിന്നിലും റവന്യു സെക്രട്ടേറിയറ്റിന്റെ തീരുമാനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വലിയ പ്രചോദനമായി. സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണത്തിലും നേട്ടം കൈവരിക്കാനായതും റവന്യു സെക്രട്ടറിയറ്റിലെ തീരുമാനങ്ങളുടെ ഫലമാണ്. റവന്യൂ ഭവന നിർമ്മാണ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രി ചുമതല വഹിക്കുന്ന വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും മേധാവികൾ അടങ്ങുന്നതാണ് റവന്യൂ സെക്രട്ടേറിയറ്റിന്റെ ഘടന.റവന്യൂ വകുപ്പ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ, സർവെ ഡയറക്ടർ, ലാൻഡ് ബോർഡ് സെക്രട്ടറി, ഐഎൽഡിഎം ഡയറക്ടർ, ഹൗസിംഗ് കമ്മീഷണർ, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ എന്നിവർ അടങ്ങുന്നതാണ് റവന്യു സെക്രട്ടറിയറ്റ് സംവിധാനം.ഓരോ ആഴ്ചയിലും കൂടുന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൽ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അടുത്ത യോഗത്തിൽ അവതരിപ്പിക്കുകയും വിശകലനം ചെയ്തു കൊണ്ടുമാണ് പുതിയ അജണ്ടകൾ യോഗം ചർച്ചക്ക് എടുക്കുന്നത്.റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലവും ജനാഭിമുഖ്യപരവും മാക്കുന്നതിന് രൂപവത്കരിച്ച സമാനകളില്ലാത്ത മാതൃകയാണ് റവന്യു സെക്രട്ടറിയറ്റ്. 2021 ജൂലൈ ഏഴിനാണ് ആദ്യ റവന്യൂ സെക്രട്ടറിയറ്റ് യോഗം ചേർന്നത്. സാധാരണ രീതിയിൽ മന്ത്രിസഭാ യോഗം പോലെ സ്ഥിരമായി എല്ലാ ആഴ്ചയിലും യോഗം ചേരാറാണ് പതിവ്. മുണ്ടക്കൈ ചൂരൽമല, കൂട്ടിക്കൽ തുടങ്ങി വലിയ പ്രകൃതി ദുരന്തങ്ങൾ നേരിട്ട അവസരങ്ങളിൽ മാത്രമാണ് യോഗം തുടർച്ചയായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്.ഇതുവരെ 366 അജണ്ടകൾ യോഗത്തിന്റെ പരിഗണനക്ക് വന്നു.അതിൽ 306 അജണ്ടകൾ തീർപ്പാക്കി. 27 വിഷയങ്ങളിൽ നടപടികൾ തുടരുകയാണ്. ബാക്കിയുള്ളവ അതിസങ്കീർണ്ണവും ഗൗരവതരവുമായ കൂടുതൽ പരിശോധനകൾ ആവശ്യമുള്ള വിഷയങ്ങളാണ്. ഒട്ടേറെ നൂലമാലകൾ മറികടന്ന് പുതിയ നിയമ നിർമ്മാണങ്ങളിലൂടെയും പട്ടയ മിഷൻ, ഡിജിറ്റൽ റീസർവെ, പ്രവർത്തനങ്ങളും ഓൺലൈൻ, ഇ-സേവനങ്ങളും റവന്യു വകുപ്പിന് നൽകുന്ന ആവേശം ചെറുതല്ലെന്നും ഇക്കാലയളവിൽ ജനങ്ങളിൽ നിന്നും ലഭിച്ച നിവേദനങ്ങളും പരാതികളും പഠന വിധേയമാക്കിയാൽ റവന്യു വകുപ്പിന്റെ പരിഷ്‌കാരത്തിനുള്ള അടിസ്ഥാന രേഖയാക്കാമെന്നും മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.