ഹരിപ്പാട് വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്.പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തന്‍പുരയില്‍ പരേതനായ രഘുവിന്റെ ഭാര്യ സരള (64) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30 ന് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിലായിരുന്നു സംഭവം.ഇവരോടൊപ്പമുണ്ടായിരുന്ന പള്ളിപ്പാട് വടക്കേക്കര കിഴക്ക് നേര്യം പറമ്പില്‍ വടക്കതില്‍ ശ്രീലതയെ (52) ഗുരുതരമായി പൊള്ളലേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടത്തു നിന്ന് വിശ്രമിക്കാനായി കരയിലേക്ക് കയറുമ്പോള്‍ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ ഇവര്‍ പിടിക്കുകയായിരുന്നു.ആദ്യം സ്റ്റേ വയറില്‍ പിടിച്ച ശ്രീലത ഷോക്കേറ്റ് തെറിച്ചു വീണു. ഇവരെ രക്ഷിക്കാന്‍ വേണ്ടി എത്തിയ സരളയും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.