തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തി

Wait 5 sec.

ഹൈദരാബാദ്| തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തനിടെ 54 കോടി രൂപയുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന സില്‍ക്ക് ഷാളിലാണ് ക്യത്രിമമായ അഴിമതി വിജിലന്‍സ് കണ്ടെത്തിയത്. സില്‍ക്ക് ഷാള്‍ എന്ന പേരില്‍ പോളിസ്റ്റര്‍ ഷാളുകളാണ് വിതരണം ചെയ്തത്. ടെന്‍ഡര്‍ രേഖകളില്‍ ശുദ്ധമായ മള്‍ബറി സില്‍ക്ക് ഉല്‍പ്പന്നം നല്‍കണമെന്ന് രേഖപ്പെടുത്തിടുണ്ട്. എന്നാല്‍ കരാറുകാരന്‍ സില്‍ക്ക് ഷാള്‍ നല്‍കുന്നതിന് പകരം 100 ശതമാനം പോളിസ്റ്റര്‍ ഷാളാണ് സ്ഥിരമായി വിതരണം ചെയുന്നത്.തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് (ടിടിഡി) ചെയര്‍മാന്‍ ബി ആര്‍ നായിഡു കരാറില്‍ ക്രമക്കേട് ഉള്ളതായി സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ക്ഷേത്ര ആചാരങ്ങള്‍ക്ക് നിര്‍ബന്ധമായി ഉപയോഗിക്കേണ്ട സില്‍ക്ക് ഷാളുകള്‍ക്ക് പകരം വിലകുറഞ്ഞ പോളിസ്റ്റര്‍ മെറ്റീരിയലാണ് കരാറുകാരന്‍ വിതരണം ചെയ്തത്.  350 രൂപ വിലയുള്ള ഷാളിന്‍ 1,300 രൂപയാണ് വാങ്ങുന്നത്.ഷാളുകളുടെ സാമ്പിളുകള്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന് (സിഎസ്ബി) കീഴിലുള്ള രണ്ട് ലബോറട്ടറിയില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ട് പരിശോധനകളിലും മെറ്റീരിയല്‍ പോളിസ്റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡുവില്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായം ചേര്‍ത്തുവെന്ന ആരോപണവും അടുത്തിടെ വന്നിരുന്നു.