കോട്ടയം | കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ അഞ്ച് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് രക്ഷപ്പെട്ടത്.ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കൈവരി കെട്ടിയിട്ടില്ലാത്ത കിണറിന്റെ പരിസരത്തു നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.വീഴ്ചയില്‍ തന്നെ കുട്ടി കിണറ്റിലെ കയറില്‍ പിടിച്ചതിനാല്‍ വെള്ളത്തിലേക്ക് പൂര്‍ണമായി വീണില്ല. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാരും ഒപ്പം ചേര്‍ന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.കിണറ്റില്‍ വീണതിനെ തുടര്‍ന്ന് പേടിച്ചതല്ലാതെ കുട്ടിക്ക് സാരമായ പരുക്കൊന്നും പറ്റിയിട്ടില്ല.