ഇന്ത്യയുടെ ആഗോള വായു ഗുണനിലവാര റാങ്കിംഗിനെക്കുറിച്ചുള്ള പാർലമെന്ററി ചോദ്യത്തിന് മറുപടിയായി വസ്തുതാപരമായ അടിസ്ഥാന വിവരങ്ങൾ പോലും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്ന് ഡോ. വി. ശിവദാസൻ എംപി. ഐ ക്യൂ എയർ വേൾഡ് എയർ ക്വാളിറ്റി റാങ്കിംഗ്, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ എയർ ക്വാളിറ്റി ഡാറ്റാബേസ്, എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ് (EPI), ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (GBD) എന്നീ സൂചകങ്ങളിൽ ഇന്ത്യയുടെ നിലവിലെ അവസ്ഥയെപ്പറ്റിയുള്ള വിവരങ്ങൾ നല്കാൻ കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തയ്യാറായില്ല.ചോദ്യത്തിന് ഉത്തരം നൽകുന്നതിനുപകരം, “മലിനീകരണ നിലവാരത്തിനായുള്ള നഗരങ്ങളുടെ ആഗോള റാങ്കിംഗ് ഔദ്യോഗിക ഏജൻസികൾ നടത്തുന്നില്ല” എന്ന് മന്ത്രാലയം പറഞ്ഞു. എന്നാൽ ചോദ്യത്തിൽ പരാമർശിച്ചിരിക്കുന്ന എല്ലാ സൂചികകളും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടവയാണ്, ലോകമെമ്പാടുമുള്ള സർക്കാരുകളും ഗവേഷകരും പൊതുജനാരോഗ്യ വിദഗ്ധരും ഇവ ഉപയോഗിക്കുന്നുണ്ട്. ഈ റാങ്കിംഗുകളിൽ എല്ലാ വർഷവും ഇന്ത്യയും ഉൾപ്പെടുന്നുണ്ട് എന്നിരിക്കെ തികച്ചും സാങ്കേതികമായ ഒഴിവുകഴിവ് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് മന്ത്രാലയം ചെയ്തത്. ആഗോള വായു ഗുണനിലവാര സൂചികകളിൽ ഇന്ത്യയുടെ മോശം പ്രകടനം തുറന്നു സമ്മതിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും വി. ശിവദാസൻ എംപി വിമർശിച്ചു.ALSO READ; ഇന്‍ഡിഗോ പ്രതിസന്ധി: നഷ്ടപരിഹാരം പ്രഖ്യാപിച്ച് കമ്പനി, യാത്രക്കാർക്ക് 10,000 രൂപയുടെ ട്രാവൽ വൗച്ചർ നൽകുംദേശീയ മാനദണ്ഡങ്ങളെയും ഒരു ആന്തരിക റാങ്കിംഗ് സംവിധാനത്തെയും കുറിച്ച് മാത്രമാണ് മറുപടിയിലുള്ളത്. എന്നാൽ ചോദ്യത്തിൽ അവ ചോദിച്ചിട്ടില്ല. ഇത്തരത്തിലുള്ള മറുപടി ആദ്യമായല്ല എന്നും കേവല വസ്തുതകൾ പോലും തുറന്നു സമ്മതിക്കാനുള്ള മോഡി സർക്കാരിന്റെ മടി രാജ്യത്തിന്റെ അവസ്ഥ കൂടുതൽ വഷളാക്കും എന്നും വി ശിവദാസൻ പറഞ്ഞു. മിക്ക ചോദ്യങ്ങൾക്കും കേന്ദ്ര സർക്കാർ വകുപ്പുകൾ വ്യക്തമായ ഉത്തരങ്ങൾ നൽകാൻ വിസമ്മതിക്കുകയാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ എല്ലാ ദിവസവും വളരെ മലിനമായ വായുവാണ് ശ്വസിക്കുന്നത്. ഡാറ്റ മറച്ചുവെക്കുന്നത് യാഥാർത്ഥ്യത്തെ മാറ്റില്ല.ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാറിന് സുതാര്യത ആവശ്യമാണ്, ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നത് കൊണ്ട് നമ്മുടെ പരിസ്ഥിതി മെച്ചപ്പെടുത്താനോ പൊതുജനാരോഗ്യം സംരക്ഷിക്കാനോ കഴിയില്ലെന്നും എംപി പറഞ്ഞു. പാർലമെന്ററി ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകണമെന്നും, ഇന്ത്യയുടെ യഥാർത്ഥ ആഗോള റാങ്കിംഗ് പങ്കിടണമെന്നും, വസ്തുതാപരമായ വിവരങ്ങൾ മറച്ചു വെക്കുന്നത് അവസാനിപ്പിക്കണമെന്നും ഡോ. വി. ശിവദാസൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.The post വായു ഗുണനിലവാര റാങ്കിംഗ് വെളിപ്പെടുത്താൻ വിസമ്മതിച്ച് കേന്ദ്രം; ചോദ്യങ്ങളിൽ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമെന്ന് ഡോ. വി ശിവദാസൻ എംപി appeared first on Kairali News | Kairali News Live.