വോട്ടെടുപ്പ് ദിവസം സർവേ ഫലം പ്രസിദ്ധീകരിച്ചു: ബി ജെ പി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി; പോസ്റ്റ് നീക്കം ചെയ്തു

Wait 5 sec.

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തിൽ ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ് സർവേ ഫലം പ്രസിദ്ധീകരിച്ച തിരുവനന്തപുരം കോർപറേഷനിലെ ബി ജെ പി സ്ഥാനാർഥി ആർ ശ്രീലേഖ ഐ പി എസിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി തുടങ്ങി. പോളിംഗ് അവസാനിക്കുന്നത് വരെ സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് ചട്ടപ്രകാരം അനുവദനീയമല്ല. ഈ ചട്ടം ലംഘിച്ച് സ്ഥാനാർഥി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഇടപെടലിനെ തുടർന്ന് നീക്കം ചെയ്തു.തിരുവനന്തപുരം കോർപറേഷനിൽ എൻ ഡി എക്ക് മുൻതൂക്കം ലഭിക്കുമെന്ന സർവേ ഫലമാണ് ശാസ്തമംഗലം വാർഡിലെ ബി ജെ പി സ്ഥാനാർഥിയായ ആർ ശ്രീലേഖ രാവിലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പോളിംഗ് കഴിയും മുൻപ് പ്രീ പോൾ സർവേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രീംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷൻ്റെയും മാർഗനിർദേശം നിലനിൽക്കെയായിരുന്നു ഈ നടപടി. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ഇടപെടുകയും സൈബർ പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതേത്തുടർന്നാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.ഇതിനു മുൻപും ചട്ടലംഘന വിവാദങ്ങൾ ശ്രീലേഖക്കെതിരെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ പേരിനൊപ്പം ഐ പി എസ് എന്ന പദവി ഉപയോഗിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.