IFFK: ടി രാജീവ്‌ നാഥിൻ്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ആദരം, ‘ജനനി’ പ്രത്യേകമായി പ്രദർശിപ്പിക്കും

Wait 5 sec.

പ്രശസ്ത ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ്‌ നാഥിന്റെ 50 വർഷം നീണ്ടുനിൽക്കുന്ന സിനിമാജീവിതത്തിന് ഐഎഫ്എഫ്കെയിൽ ആദരം. അദ്ദേഹത്തിന് 2000ത്തിൽ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘ജനനി’ സിനിമ മേളയിൽ പ്രത്യേകമായി പ്രദർശിപ്പിക്കും.‎‎1951ൽ ചങ്ങനാശ്ശേരിയിൽ ജനിച്ച രാജീവ്‌ നാഥ്, 1978ലാണ് മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്. ‘തണൽ’ എന്ന സിനിമ സംവിധാനം ചെയ്തായിരുന്നു തുടക്കം. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ‘തണലി’ലെ അഭിനയത്തിന് എം ജി സോമന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.Also Read: ഐഎഫ്എഫ്കെ ലോകത്തിൻ്റെ അഭിമാനമെന്ന് ഡോ. ദിവ്യ എസ് അയ്യർ; ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്തു‎‎സാഹിത്യകാരൻ ഒ വി വിജയന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ കടൽത്തീരത്ത് ഉൾപ്പെടെ, അഹം, പകൽ നക്ഷത്രങ്ങൾ, ഡേവിഡ് ആൻഡ് ഗോലിയാത്ത്, രസം, സൂര്യന്റെ മരണം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻലാൽ അഭിനയിച്ച ‘പകൽ നക്ഷത്രങ്ങൾ’, ഹിന്ദി ചിത്രമായ ‘അനുഭവ്: ആൻ ആക്ടർസ് ടെയ്ൽ, ഹെഡ് മാസ്റ്റർ എന്നിങ്ങനെ വൈവിധ്യമാർന്ന പരീക്ഷണങ്ങൾ അദ്ദേഹം സിനിമയിൽ നടത്തി.‎‘ജനനി’: ആത്മീയതയും മാതൃത്വവും ചോദ്യചിഹ്നമാകുന്ന കഥ‎ഏഴ് കത്തോലിക്ക സന്യാസിനിമാരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു അനാഥശിശുവിന്റെ പരിപാലന പ്രശ്നത്തിലൂടെയാണ് ‎മേളയിൽ പ്രദർശിപ്പിക്കുന്ന ‘ജനനി’ ആരംഭിക്കുന്നത്. പ്രതിജ്ഞകളും ആത്മീയവിശ്വാസങ്ങളും മാതൃത്വത്തെക്കുറിച്ചുള്ള ധാരണകളും തമ്മിൽ പൊരുത്തപ്പെടാത്ത മുഹൂർത്തങ്ങളിൽ നടക്കുന്ന ഹൃദയസ്പർശിയായ നാടകീയതയാണ് സിനിമയുടെ ആകർഷണം. സംവിധാനത്തിന് പുറമെ രാജീവ്‌ നാഥ് നിർമാണവും നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ സക്കറിയയും രഞ്ജി പണിക്കരും ചേർന്നാണ് തയ്യാറാക്കിയത്.സുരേഷ് പി നായരുടെ ഛായാഗ്രഹണവും ബീനാ പോളിന്റെ എഡിറ്റിങും ഔസേപ്പച്ചൻ്റെ സംഗീതവും ചിത്രത്തെ മികച്ചതാക്കി. ഓസ്ലോ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ ‎ഫാദർ റോസ്ലിനായി സിദ്ദിഖും സിസ്റ്റർ വിക്ടോറിയയായി ശാന്തകുമാരിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.Also Read: IFFK: ലോകസിനിമയുടെ വിസ്മയക്കാഴ്ചകളുമായി 57 സിനിമകൾ; ക്വിയർ പാം പുരസ്‌കാരം നേടിയ ‘ദി ലിറ്റിൽ സിസ്റ്റർ’ പ്രധാന ആകർഷണംഅതേസമയം മലയാള സിനിമയ്ക്കുള്ള ദീർഘകാല സേവനത്തിനുള്ള അംഗീകാരമായാണ് മേളയിൽ ‘ജനനി പ്രദർശിപ്പിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർപേഴ്സണായിരുന്ന രാജീവ്‌ നാഥ്, മലയാള സിനിമയുടെ വളർച്ചയ്ക്കും അന്താരാഷ്ട്ര വേദികളിലെ പ്രതിച്ഛായ ഉയർത്തുന്നതിനും നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ അമ്പത് വർഷത്തെ സമ്പന്നമായ സൃഷ്ടിജീവിതത്തെയാണ് ഈ വർഷം ഐഎഫ്എഫ്കെ പ്രത്യേകം ആദരിക്കുന്നത്.The post IFFK: ടി രാജീവ്‌ നാഥിൻ്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ആദരം, ‘ജനനി’ പ്രത്യേകമായി പ്രദർശിപ്പിക്കും appeared first on Kairali News | Kairali News Live.