കിഫ്ബിയെ നിരന്തരം ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ മണ്ഡലത്തിലും കിഫ്ബി വഴി നടപ്പാക്കുന്നത് കോടികളുടെ വികസനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ മണ്ഡലമായ പറവൂരില്‍ 47 കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നതെങ്കില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 433 കോടി രൂപയുടെ വികസനമാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. വിവരാവകാശ രേഖയിലാണ് ഈ കണക്കുകള്‍ വ്യക്തമായത്.കിഫ്ബി മുഖേന കേരളത്തിൽ സമൂലമാറ്റമുണ്ടാക്കുന്ന വികസന പദ്ധതികൾ തലയുയർത്തിയതോടെ അതിനെ തകര്‍ക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയവരില്‍ മുന്‍ പന്തിയിലായിരുന്നു കേരളത്തിലെ പ്രതിപക്ഷ നേതാക്കള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവസരം കിട്ടുമ്പോഴെല്ലാം കിഫ്ബിയെ ആക്ഷേപിച്ചുകൊണ്ടിരുന്നു. എന്നാല്‍ കേരളത്തിന്‍റെ മുഖഛായതന്നെ മാറ്റിയ കിഫ്ബി വികസനം ഇതേ പ്രതിപക്ഷ നേതാക്കളുടെ മണ്ഡലത്തിലും നടപ്പാക്കിയന്നതിന്‍റ തെളിവാണ് വിവരാവകാശ രേഖ സൂചിപ്പിക്കുന്നത്.വി ഡി സതീശന്‍റെ സ്വന്തം മണ്ഡലമായ പറവൂരില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 47.47 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിവരുന്നതെങ്കില്‍ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്കായി 433.90 കോടി രൂപയാണ് കിഫ്ബി ഫണ്ടില്‍ നിന്നും ചെലവഴിച്ചത്. പ്രതിപക്ഷ നേതാക്കളുടെ ഇരട്ടത്താപ്പിന് പ്രത്യക്ഷ ഉദാഹരണമാണിതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല പറഞ്ഞു.പറവൂര്‍ മണ്ഡലത്തില്‍ ചേന്ദമംഗലം,വരാപ്പുഴ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍, മാട്ടുപുറം ചേന്ദമംഗലം പാലം പറവൂര്‍ താലൂക്കാശുപത്രി പുതിയ വാര്‍ഡ് കെട്ടിടത്തിന്‍റെ നിര്‍മ്മാണംതുടങ്ങി 47.47 കോടി രൂപയുടെ വികസനമാണ് പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തില്‍ നടപ്പാക്കുന്നത്.അതേസമയം, രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തില്‍ സ്കൂള്‍ ആശുപത്രി വികസന പദ്ധതികള്‍ക്കു പുറമെ പൊതുമരാമത്ത്, ഫിഷറീസ് വകുപ്പുകള്‍ക്കു കീഴിലെ ഉള്‍പ്പെടെ 17 പദ്ധതികള്‍ക്കായി 433.90 കോടി രൂപയാണ് കിഫ്ബി ഫണ്ടില്‍ നിന്നും ചെലവഴിച്ചിരിക്കുന്നത്.കിഫ്ബി മുഖേന നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോയെന്നും കിഫ്ബി വഴി നാട്ടിലെ സ്കൂളുകളും ആശുപത്രികളും മറ്റ് സൗകര്യങ്ങളും ലോകോത്തരമാക്കുന്നതിനെപ്പറ്റി പ്രതിപക്ഷത്തിന്റെ നിലവിലെ നിലപാട് എന്താണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എഫ് ബി പോസ്റ്റിലൂടെ ചോദിച്ചിരുന്നു. ഇതിനിടെയാണിപ്പോള്‍ പ്രതിപക്ഷ നേതാക്കളുടെ മണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പാക്കിയ വികസന പദ്ധതികളുടെ വിവരം പുറത്തുവന്നിരിക്കുന്നത്.The post കിഫ്ബിയെ ആക്ഷേപിക്കുന്നത് നിരന്തരം: പ്രതിപക്ഷ നേതാക്കളുടെ മണ്ഡലത്തില് നടപ്പാക്കുന്നത് കോടികളുടെ വികസനം; വിവരാവകാശ രേഖ പുറത്ത് appeared first on Kairali News | Kairali News Live.