കെ. രാജേന്ദ്രൻഅറുപത്തഞ്ചുകാരി വയസ്സുകാരിയായ മല്ലി ഒരു ദിവസം വിറകുവെട്ടാൻ കാട്ടിലേയ്ക്ക് പോയി. തലയിൽ വിറകും അരയിൽ കുത്തിവെച്ച മൊബൈൽ ഫോണുമായി മല ഇറങ്ങുമ്പോൾ, പെട്ടെന്ന് ഒരു മോട്ടോർ സൈക്കിൾ പിറകിൽ വന്ന് നിർത്തി. നാട്ടിലെ ഒട്ടുമിക്ക ചെറുപ്പക്കാരേയും മല്ലിക്ക് നന്നായി അറിയാം. ചെറുപ്പക്കാർ പുറം നാട്ടുകാരാണ്. അവരിൽ ഒരാൾ ചിരിച്ചു കൊണ്ട് മല്ലിയോട് ചോദിച്ചു ‘അമ്മെ കുടിക്കാൻ കുറച്ച് വെള്ളം തരുമോ?’പാവം മല്ലി. വിറക് കെട്ട് താഴെ ഇറക്കി വെച്ചു. വിറകിന് മുകളിൽ കെട്ടിവെച്ചിരുന്ന വെളളക്കുപ്പിയെടുത്ത് ചെറുപ്പക്കാരൻറെ നേരെ നീട്ടി. പെട്ടെന്ന് രണ്ടാമത്തെ ചെറുപ്പക്കാരൻ ഉറക്കെ കൂവി – അയ്യോ… അതാ പാമ്പ് ‘ മല്ലി ശരിക്കും ഞെട്ടി. പെട്ടെന്ന് അവരിൽ ഒരാൾ മല്ലിയുടെ മടിക്കുത്തിലുണ്ടായിരുന്ന പേഴ്സ് വലിച്ചോടി. രണ്ടാമത്തെയാൾ ബൈക്ക് മുന്നോട്ടോടിച്ചു. രണ്ടു പേരും ബൈക്കിൽ രക്ഷപ്പെട്ടു. പേരക്കുട്ടിക്ക് നോട്ട്പുസ്തകം വാങ്ങാനുള്ള 300 രൂപയാണ് പേഴ്സിൽ ഉണ്ടായിരുന്നത്. പക്ഷെ, ആ ചെറുപ്പക്കാർക്ക് രക്ഷപ്പെടാനായില്ല. രണ്ട് ദിവസങ്ങൾക്ക് ശേഷം ഇരുവരും പൊലീസിൻറെ പിടിയിലായി. കള്ളൻമാരെ മല്ലി കുടുക്കിയത് ഇങ്ങനെയാണ്‘മൊബൈലിൽ 6 കാര്യങ്ങൾ എനിക്കറിയാം. ഫോൺ ഓണാക്കാം. ഫോൺ ഓഫാക്കാം. സമയം നോക്കാം. ഫോട്ടോ എടുക്കാം. വാട്ട്സാപ്പ് പ്രവർത്തിപ്പിക്കാം. മോഷണം നടന്നപ്പോൾ ഞാൻ ഒട്ടും പകച്ചില്ല. ഫോണെടുത്ത് ബൈക്കിൻ്റെ ഒരു ഫോട്ടോ എടുത്തു. ഫോട്ടോ ഉടനെ എൻറെ പേരക്കുട്ടിക്ക് വാട്ട്സാപ്പ് ചെയ്തു. ഈ കള്ളൻമാരെ പിടികൂടണം എന്നാവശ്യപ്പെട്ട് മോട്ടോർ സൈക്കിളിൻറെ ഫോട്ടോകൾ അട്ടപ്പാടിയിലെ നൂറുകണക്കിന് സമൂഹമാധ്യമ ഗ്രൂപ്പുകളിലെത്തി. പെട്ടെന്നു തന്നെ കള്ളൻമാരെ പിടികൂടാനായി.അറുപത്തഞ്ചുകാരിയായ മല്ലി എങ്ങനെ മൊബൈലിൽ ഫോട്ടോ എടുക്കാൻ പഠിച്ചു?ഇവിടെയാണ് കേരള സർക്കാർ നടപ്പിലാക്കിയ ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിൻറെ പ്രസക്തി വ്യക്തമാകുന്നത്. കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ആർജിക്കുന്നതിൻറെ ഭാഗമായുള്ള പ്രചാരണവും പരിശീലനവും ആരംഭിച്ചപ്പോൾ ഏറ്റവും വലിയ വെല്ലുവിളി അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലയായിരുന്നു. സന്നദ്ധ പ്രവർത്തകയായ ജ്യോതി മൊബൈൽ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുന്നതിനായി ഉന്നതികളിലെത്തിയപ്പോൾ, പ്രായമായ ആദിവാസി സ്ത്രീകൾ മുഖം തിരിച്ചു നിന്നു. അവരെ ജ്യോതി ഉപദേശിച്ചതിങ്ങനെ:-‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ മൊബൈൽ ഫോൺ സഹായിക്കും. ഈ സാങ്കേതിക വിദ്യ പരിശീലിക്കേണ്ടത് സർക്കാരിന് വേണ്ടിയല്ല. നിങ്ങൾക്ക് വേണ്ടിയാണ്. മൊബൈൽ നിങ്ങൾക്ക് നൽകുന്നത് വലിയ സുരക്ഷയാണ്’ജ്യോതിയുടെ ഉപദേശം കേട്ടാണ് മല്ലി അറുപതഞ്ചാം വയസ്സിൽ മൊബൈൽ ഫോൺ പരിശീലിച്ചത്. തൊഴിലുറപ്പ് കൂലിയായി കിട്ടിയ തുക സ്വരൂപിച്ച 8000 രൂപ മുടക്കി മണ്ണാർക്കാട്ടു നിന്ന് ഒരു സ്മാർട്ട് ഫോൺ വാങ്ങി. അതോടെ മല്ലി സ്മാർട്ടായി. മല്ലിക്ക് മൊബൈൽ ഇന്ന് ഒരു ആഡംബര വസ്തുവല്ല. അനിവാര്യതയാണ്.ഡിജിറ്റൽ സാക്ഷരതയും സ്ത്രീ സുരക്ഷയുംസ്ത്രീ സുരക്ഷയും ഡിജിറ്റൽ സാങ്കേതിക വിദ്യയും തമ്മിൽ ബന്ധമുണ്ടോ?ഉണ്ട് എന്നതാണ് മാറിയ കാലത്തിൻറെ മറുപടി. മനുഷ്യൻറെ അടിസ്ഥാന അവശ്യങ്ങളായ ഭക്ഷണവും പാർപ്പിടവും വസ്ത്രവും ലഭിച്ചാൽ ദാരിദ്ര്യംഅവസാനിച്ചെന്നത് കാലപ്പഴക്കം ചെന്ന ഒരു മുതലാളിത്ത സിദ്ധാന്തമാണ്. വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസം, ചികിത്സ എന്നു തുടങ്ങി വിനോദവും വിശ്രമവും വരെ ഉറപ്പുവരുത്തിയാൽ മാത്രമേ ഒരാൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതനാകൂ. ആധുനിക കാലത്ത് ഇവ മാത്രം പോര. ഡിജിറ്റൽ സാക്ഷരത കൂടി സ്വായത്തമാക്കണം. ഈ സാങ്കേതിക മികവ് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രത്യേകിച്ച പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി വിനിയോഗിക്കാൻ സാധിക്കണം. ഈ ലക്ഷ്യത്തോടെയാണ് കേരള സർക്കാർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം ആരംഭിച്ചത്. ഇതിൻറെ ഭാഗമായി കേരളത്തിലെ 80 ലക്ഷം വീടുകളിൽ സന്നദ്ധ പ്രവർത്തകർ സർവെ നടത്തി. 21 ലക്ഷം ഡിജിറ്റൽ നിരക്ഷരരെ കണ്ടെത്തി. 15,000 വിദഗ്ധർ 2.57 ലക്ഷം സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി. ഇവർ വീടുവീടാന്തരം കയറിയിറങ്ങി മൊബൈൽ ഡിജിറ്റൽ സംവിധാനത്തിൻറെ പ്രവർത്തനത്തെക്കുറിച്ച് പരിശീലനം നൽകി. അട്ടപ്പാടിയിൽ ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വിനീഷ് പ്രവർത്തനത്തിൻറെ കാര്യക്ഷമതയും സുതാര്യതയും ഇങ്ങനെ വിശദീകരിക്കുന്നു.‘മൊബൈൽ ഓൺ ചെയ്യുക,ഓഫാക്കുക, മെസേജ് അയയ്ക്കുക, വാട്ട്സപ്പ് ഉപയോഗിക്കുക എന്നിങ്ങനെ 15 കാര്യങ്ങളാണ് പഠിപ്പിച്ചിരുന്നത്. ഇവയിൽ 6 എണ്ണം പരസഹായം കൂടാതെ ചെയ്യാൻ സാധിച്ചാൽ ഡിജിറ്റൽ സാക്ഷരനാകും. പുറത്തു നിന്നുള്ള വിദഗ്ധരെത്തി പഠിതാവിൻറെ വൈദഗ്ധ്യം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇവരെ ഡിജിറ്റൽ സാക്ഷരരായി പ്രഖ്യാപിക്കൂ ‘രണ്ട് വർഷത്തോളം നീണ്ട യജ്ഞത്തിനൊടുവിൽ 99.98 % പേരെയും ഡിജിറ്റൽ സാക്ഷരരായി മാറ്റാൻ സാധിച്ചു. ആദിവാസി താലൂക്കായ അട്ടപ്പാടിയിലെ 25,000 കുടുംബങ്ങളും ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിൽ പങ്കാളിയായി. ഇവിടുത്തെ എല്ലാ ആദിവാസി ഊരുകളിലും പരിശീലകരെത്തി. അഗളി തൊഴിലുറപ്പ് തൊഴിലാളിയായ ചിണ്ടി ഡിജിറ്റൽ സാക്ഷരത ഉന്നതിയിൽ വരുത്തിയ മാറ്റങ്ങൾ ഇങ്ങനെ വിവരിക്കുന്നു. ‘മദ്യപാനമാണ് ഇന്നും ഊരുകളിലെ ഏറ്റവും വലിയ പ്രശ്നം. ചെറുപ്പക്കാരിൽ പലരും മയക്കുമരുന്നുകൾക്ക് അടിമകളാണ്. ഗാർഹിക പീഡനങ്ങൾക്ക് ഇരകളാവുന്ന പെൺകുട്ടികൾക്ക് അടിയന്തര സഹായമെത്തിക്കാൻ മൊബൈൽ അറിവ് സഹായിക്കും. ഒരു വാട്ട്സപ്പ് മെസേജിൽ പൊലീസ് വീട്ടിലെത്തും.’ഡിജിറ്റൽ സാക്ഷരയാണ്; പക്ഷെ, പഠനം നിർത്തിസ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഡിജിറ്റൽ സാക്ഷരത അനിവാര്യമാണെന്ന് അഗളി കാക്കുപ്പടി താഴെ ഊരിലെ 19 വയസ്സുകാരി സരസ്വതിക്ക് നന്നായി അറിയാം. സഹോദരൻ വിജേഷിൻ്റെ കൈവശം ഒരു സ്മാർട്ട് ഫോണുണ്ട്. ഫോൺ വിളിക്കാനും മെസേജ് അയയ്ക്കാനും ഫോട്ടോ എടുക്കാനും എല്ലാം നന്നായി അറിയാം. പക്ഷെ അതുകൊണ്ടു മാത്രം എങ്ങനെ സുരക്ഷ ഉറപ്പിക്കാനാകും. ജീവിതത്തിന് സുരക്ഷിതത്വം വേണമെങ്കിൽ നല്ല വിദ്യാഭ്യാസം വേണം. നല്ല തൊഴിൽ വേണം. പക്ഷെ സരസ്വതി പഠനം നിർത്തി. പത്തൊമ്പതാം വയസ്സിൽ വീട്ടിലിരിപ്പാണ്. ‘അച്ഛനും അമ്മയ്ക്കും തീരെ വയ്യ. ഞാൻ പഠിക്കാൻ പോയാൽ അവരെ ആരാണ് നോക്കുക?’ ഒരു വികസിത സമൂഹത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വിന്യാസവും സാധ്യതകളും വർധിക്കും. എന്നാൽ ഇതിനും പിരിമിതികൾ നിരവധിയുണ്ട്. അട്ടപ്പാടിയിലെ കാക്കുപടി താ‍ഴെ ഊരിലും മേലെ ഊരിലും പോയാൽ കാര്യങ്ങൾ ബോധ്യപ്പെടും.താ‍ഴെ ഊരിലാണ് 43 വയസ്സുകാരനായ ചന്ദ്രനും കുടംബവും താമസ്സിക്കുന്നത്. അസുഖബാധിതനായ ചന്ദ്രന് എണീറ്റ് നടക്കാനാകില്ല. ഭാര്യ 43 വയസ്സുകാരിയായ മല്ലി അരിവാൾ രോഗബാധിതയാണ്. രോഗം മൂർച്ഛിച്ച് മല്ലിക്ക് അടുത്തിടെ സംസാരശേഷി നഷ്ടപ്പെട്ടു. മൂത്തമകൻ വിജേഷ് പഠനം ഉപേക്ഷിച്ച് 21-ാം വയസ്സിൽ പണിക്ക് പോകുന്നു. മകൾ സരസ്വതി 19-ാം വയസ്സിൽ പഠനം നിർത്തി. സരസ്വതി പഠിക്കാൻ സ്ക്കൂളിൽ പോയാൽ നിത്യ രോഗികളായ അച്ഛനേയും അമ്മയേയും നോക്കാൻ വീട്ടിൽ ആരുമില്ല. ചന്ദ്രൻ- മല്ലി ദമ്പതികളുടെ മൂന്നാമത്തെ കുട്ടി രേവതി അട്ടപ്പാടി കൂക്കുപാളയം റെസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്നു. മകൻ വിജേഷിൻറെ പക്കൽ ഒരു മൊബൈൽ ഫോൺ ഉണ്ട്. പക്ഷെ ഈ സാങ്കേതിക വിദ്യ കുടുംബത്തിൻറെ ദുരിതങ്ങൾക്ക് പരിഹാരമാകുന്നില്ല. “പ്ലസ് ടു വരെ മാത്രമാണ് എനിക്ക് പഠിക്കാൻ സാധിച്ചത്. പഠിച്ച് മറ്റുളളവരെ പോലെ നല്ല ജോലി നേടണം എന്നതായിരുന്നു എൻറെ ആഗ്രഹം. പക്ഷെ ഞാൻ സ്ക്കൂളിൽ പോയാൽ കുടുംബം പട്ടിണിയിലാകും”ചന്ദ്രൻ- മല്ലികുടുംബം എന്തുകൊണ്ട് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടില്ല? പ്രദേശത്തെ പഞ്ചായത്ത് അംഗമായ ബിന്ദുവിൻറെ വിശദീകരണം ഇങ്ങനെ “അതിദരിദ്രരുടെ സർവെ ഇവിടെ നടത്തിരുന്നു. അന്ന് ചന്ദ്രന് ഇതുപോലുളള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ കുടുംബം അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടില്ല. അതിദരിദ്രരുടെ പട്ടിക പുതുക്കുമ്പോൾ ഈ കുടുംബത്തെ ഉൾപ്പെടുത്തും. ഇതിനായുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്”. സരസ്വതി ശുഭപ്രതീക്ഷയിലാണ്. കുടുംബത്തെ സർക്കാർ അതി ദരിദ്രരായി പ്രഖ്യാപിക്കും. അതോടെ തനിക്ക് പഠിക്കാൻ പോകാം. നല്ല വിദ്യാഭ്യാസവും തൊഴിലും നോടാം. ഡിജിറ്റൽ സുരക്ഷയ്ക്കപ്പുറത്തെ ജീവിത സുരക്ഷ നേടാം.The post ഫോണിൽ ഉറപ്പാണ് സുരക്ഷ; ഡിജിറ്റൽ സാക്ഷരതയുടെ അട്ടപ്പാടി വിജയഗാഥ appeared first on Kairali News | Kairali News Live.