വര്‍ഷങ്ങള്‍ നീണ്ട പഠന തപസ്യക്കുള്ള അംഗീകാരമാണ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍. ദീര്‍ഘകാല പരിശ്രമത്തിലൂടെ, ഉറക്കമില്ലാത്ത രാത്രികളിലൂടെ, വര്‍ഷങ്ങളുടെ സമര്‍പ്പണത്തിലൂടെ നേടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമൂഹത്തില്‍ വലിയ അംഗീകാരവും നിലയും വിലയുമുണ്ടായിരുന്നു. ഈ അംഗീകാരം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ പ്രളയം. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന റാക്കറ്റുകളെക്കുറിച്ചുള്ള വാര്‍ത്ത അടിക്കടി പുറത്തുവരുന്നു. ഏറ്റവുമൊടുവില്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന കേന്ദ്രം കണ്ടെത്തിയതും റാക്കറ്റ് പിടിയിലായതും.തിരൂര്‍ മീനടത്തൂര്‍ സ്വദേശി ധനീഷ് ധര്‍മന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ബന്ധമുള്ള ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റ്, പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് വില്‍പ്പന നടത്തിയതായാണ് പോലീസ് കണ്ടെത്തല്‍. 22 സര്‍വകലാശാലകളിലെ ഒരു ലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും നൂറോളം വ്യാജ സീലുകളും സര്‍ട്ടിഫിക്കറ്റ് അച്ചടിക്ക് ഉപയോഗിച്ചിരുന്ന പ്രിന്റിംഗ് മെഷീനുകളും കേന്ദ്രത്തില്‍ നിന്ന് പോലീസ് കണ്ടെത്തി. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും സംഘം വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. 75,000 മുതല്‍ ഒന്നര ലക്ഷം വരെ ഈടാക്കിയാണ് സര്‍ട്ടിഫിക്കറ്റ് വില്‍പ്പന. അതേസമയം ഒരു സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്‌തെടുക്കാന്‍ ഇവര്‍ക്ക് വരുന്ന ചെലവ് 800 രൂപ മാത്രം.2013ല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കല്‍പ്പകഞ്ചേരി പോലീസിന്റെ പിടിയിലായ ക്രിമിനലാണ് സംഘത്തലവന്‍ ധനീഷ് ധര്‍മന്‍. കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ പേരില്‍ ബി എ, ബികോം, ബി എസ്‌സി, പി ജി തുടങ്ങി നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തേ പലപ്പോഴായി പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാലിക്കറ്റ് സര്‍വകലാശാല അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത് 157 വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ്. വിദേശ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനായി സര്‍വകലാശാലകളിലേക്ക് അയക്കാറുണ്ട്. ഇങ്ങനെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നാണ് 157 വ്യാജന്മാരെ കണ്ടെത്തിയത്. ഡാര്‍ക് വെബിലും സോഷ്യല്‍ മീഡിയയിലുമുണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി കൊടുക്കുന്ന ലോബി. ഇന്ത്യ, യു എസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, ആസ്‌ത്രേലിയ തുടങ്ങി ഏത് രാജ്യത്തെയും പ്രമുഖ യൂനിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇവരുടെ വശം റെഡി. ഒറിജിനലിനെ വെല്ലുന്നവയാണ് ഈ വ്യാജന്മാര്‍.തുടര്‍ പഠനത്തിനും ജോലികള്‍ക്കുമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലും ഉപയോഗപ്പെടുത്തുന്നത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ കയറിപ്പറ്റുന്ന വ്യാജ ഡിഗ്രിക്കാരും കുറവല്ല. കേരളത്തിലെ ഒരു താലൂക്ക് ആശുപത്രിയില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത ഡോക്ടര്‍ പിടിയിലായിരുന്നു. എം ബി ബി എസ് ബിരുദം നേടിയ ഇവര്‍ ജോലിയില്‍ കയറിയ ശേഷം ഡിപ്ലോമ ഇന്‍ ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയുടെ (ഡി ജി ഒ) വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗൈനക്കോളജിസ്റ്റായി നിയമനം നേടുകയായിരുന്നു. ബിഹാറില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ജോലിയില്‍ കയറിയ 1,400 പ്രൈമറി അധ്യാപകര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത് അടുത്തിടെയാണ്. വ്യാജ വിദ്യാഭ്യാസ ബിരുദങ്ങളുമായി ജോലി ചെയ്യുന്നവര്‍ നിയമ നടപടികള്‍ നേരിടാതിരിക്കാന്‍ സ്വയം ജോലി ഉപേക്ഷിക്കണമെന്ന പാറ്റ്‌ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു കൂട്ടരാജി. രാജസ്ഥാനിലെ സര്‍ക്കാര്‍ സര്‍വീസില്‍ നിരവധി വ്യാജ ഡിഗ്രിക്കാരെ പിടികൂടുകയും ഇതടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജോലിയില്‍ പ്രവേശിച്ച മൂന്ന് ലക്ഷം ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമുണ്ടായി.അര്‍ഹതപ്പെട്ടവരുടെ അവസരങ്ങള്‍ അയോഗ്യര്‍ തട്ടിയെടുക്കുന്നുവെന്നത് മാത്രമല്ല വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വരുത്തി വെക്കുന്ന വിപത്ത്; തൊഴില്‍ മേഖലയുടെ നിലവാരത്തെയും സുരക്ഷയെയും ഇത് തകര്‍ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പി എസ് സി പോലുള്ള റിക്രൂട്ട്‌മെന്റ് സംവിധാനത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. യോഗ്യതകള്‍ക്ക് വിലയില്ലാതാകുന്നു. കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ അധ്വാനം വൃഥാവിലാകുന്നു. പലപ്പോഴും പൗരന്മാരുടെ ജീവനും സമൂഹത്തിന്റെ ഭാവിയും അപകടത്തിലാകുന്നു. സമൂഹത്തിന്റെ സുരക്ഷയും ശുഭപ്രതീക്ഷയുമാണ് വ്യാജന്മാര്‍ നഷ്ടമാക്കുന്നത്. രാജ്യത്തിന്റെ മികച്ച ഭാവി ഉറപ്പാക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അതിനെ ജീര്‍ണിതമാക്കുന്നു. ദേശീയ സുരക്ഷാ പ്രശ്‌നവും ഒരു തലമുറയെ തകര്‍ക്കുന്ന സാമൂഹിക കുറ്റകൃത്യവും കൂടിയാണിത്.സര്‍ട്ടിഫിക്കറ്റുകളുടെ കൈകാര്യകര്‍തൃത്വവും പരിശോധനയും കാര്യക്ഷമമല്ലാത്തതാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് റാക്കറ്റിന് വിലസാന്‍ അവസരമേകുന്നത്. മിക്ക സര്‍വകലാശാലകളും സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് സ്വന്തം സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടില്ല. സ്വകാര്യ സോഫ്റ്റ് വെയര്‍ വഴിയാണ് നിലവില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത്. സര്‍വകലാശാലകള്‍ക്ക് ഏകീകൃത വെരിഫിക്കേഷന്‍ സംവിധാനവുമില്ല. റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പരിശോധനയും കാര്യക്ഷമമല്ല പലപ്പോഴും. സൈബര്‍ ക്രൈം വിഭാഗങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് മതിയായ പിന്തുണയും ലഭിക്കുന്നില്ല. ഏകീകൃത വെരിഫിക്കേഷന്‍ സംവിധാനം, സൈബര്‍ അന്വേഷണ സംവിധാനം ശക്തിപ്പെടുത്തല്‍, വ്യാജലോബികള്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കല്‍, സാമൂഹിക ബോധവത്കരണം തുടങ്ങിയവയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിന് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്.