തിരുവനന്തപുരം | സംസ്ഥാനത്ത് ദേശീയപാത നിര്‍മാണം നടക്കുന്ന 378 സ്ഥലങ്ങളില്‍ നിര്‍മാണത്തിലെ അപകട സാധ്യത പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റി. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നതിന് പിന്നാലെയാണ് തീരുമാനം.മണ്ണിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ 18 ജിയോ ടെക്‌നിക്കല്‍ ഏജന്‍സികളെ നിയമിച്ചു. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായതും പുരോഗമിക്കുന്നതും ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും. 7-10 ദിവസത്തിനുള്ളില്‍ ഏജന്‍സികള്‍ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളില്‍ ഒരു മാസത്തിനുള്ളിലും ബാക്കിയുള്ള സ്ഥലങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കും.ഫീല്‍ഡ്, ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, നിര്‍മാണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും വീണ്ടും പരിശോധിക്കും. ആവശ്യമുള്ളിടത്ത് മതിലുകള്‍ പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കും. ദേശീയപാത 66ന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്കയുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തല്‍. പ്രശ്‌ന പരിഹാരത്തിനു പ്രേത്യേക പദ്ധതി നടപ്പാക്കുമെന്നു ദേശീയ പാത അതോറിറ്റി അറിയിച്ചു.കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ് റോഡ് തകരാന്‍ കാരണം ബെയറിംഗ് കപ്പാസിറ്റിയുടെ പരാജയമെന്ന് കണ്ടെത്തല്‍. മണ്ണ് നികത്തലിനെ പിന്തുണയ്ക്കാന്‍ കഴിയാത്തത്ര ദുര്‍ബലമായിരുന്നു ബെയറിംഗ്. സംഭവം ഉണ്ടായ ഉടനെ ദേശീയ പാത അതോറിറ്റി നടപടി സ്വീകരിച്ചു. കരാര്‍ കമ്പനിയെ താത്കാലികമായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തു. പ്രോജക്ട് മാനേജരെയും റസിഡന്റ് എന്‍ജിനീയറെയും പ്രോജക്റ്റ് സൈറ്റില്‍ നിന്ന് ഉടനടി നീക്കം ചെയ്‌തെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.