ഏത് അര്‍ഥത്തിലും ചരിത്ര വിജയമാണ് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് സുഹ്‌റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ട സംഭവം. അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഹൃദയമെന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍, ഇന്ത്യന്‍ വംശജനായ ആദ്യ മേയര്‍, ആദ്യ മുസ്‌ലിം മേയര്‍ തുടങ്ങി നിരവധി സവിശേഷതകളുണ്ട് സുഹ്‌റാന്‍ മംദാനിക്ക്. അമേരിക്കന്‍ രാഷ്ട്രീയത്തിലെ മത- വര്‍ഗീയ- വംശീയ മതിലുകളെ പൊളിച്ചെറിഞ്ഞാണ് മംദാനി അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രമായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനം എത്തിപ്പിടിച്ചത്. യു എസില്‍ ജൂത മതവിഭാഗം ഏറ്റവും കൂടുതല്‍ താമസിക്കുന്ന പ്രദേശം കൂടിയാണ് ന്യൂയോര്‍ക്കെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലെ വഴിത്തിരിവായാണ് രാഷ്ട്രീയ നിരീക്ഷകര്‍ മംദാനിയുടെ വിജയത്തെ വിലയിരുത്തുന്നത്. “സാധിച്ചെടുക്കുന്നതു വരെ എല്ലാം നമുക്ക് അസാധ്യമായി തോന്നും’ എന്ന നെല്‍സന്‍ മണ്ടേലയുടെ വാക്കുകളായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് മേയര്‍ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മംദാനി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. അതെ, അസാധ്യമെന്ന് നിനച്ചത് അദ്ദേഹം സാധിച്ചെടുത്തിരിക്കുന്നു.അമേരിക്കയിലെ ഫലസ്തീന്‍ അനുകൂല രാഷ്ട്രീയത്തിന് കരുത്തു പകരുന്നതാണ് മംദാനിയുടെ വിജയം. ദശാബ്ദങ്ങളായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇസ്‌റാഈല്‍ അനുകൂല നിലപാടാണ് നിലനിന്നിരുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ഒരു പോലെ ഇസ്‌റാഈലിനെ ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രമായി കണക്കാക്കുന്നു. മംദാനി ഫലസ്തീന്‍- ഇസ്‌റാഈല്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഫലസ്തീനിന്റെ അവകാശങ്ങള്‍ക്കായി അദ്ദേഹം ധീരമായി ശബ്ദിച്ചു. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തി വരുന്ന വംശഹത്യക്കെതിരെ ശക്തമായി പ്രതികരിക്കുകയും ഇതിന് ഉത്തരവാദിയായ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫലസ്തീനികളോടുള്ള നീതിയാണ് ലോകശാന്തിയുടെ അടിസ്ഥാനമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടിനോട് വിയോജിപ്പ് ഉയര്‍ന്നിരുന്നു. എങ്കിലും തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു.അമേരിക്കയുടെ പൊതുധാരാ ചിന്താഗതിക്ക് വിരുദ്ധമായ ഈ നിലപാട് മേയര്‍ തിരഞ്ഞെടുപ്പില്‍ ഹംദാനിക്ക് വിനയാകുമോ എന്ന് സംശയിക്കപ്പെട്ടിരുന്നെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തി മികച്ച വിജയാണ് അദ്ദേഹം നേടിയത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ സമൂഹത്തിന്റെ ചിന്താഗതിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട് മംദാനിയുടെ വിജയം. ഇസ്‌റാഈലിന്റെ ഗസ്സാ ആക്രമണത്തിനു ശേഷം ഫലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ ജനതയില്‍ വിശിഷ്യാ യുവസമൂഹത്തില്‍ പ്രകടമായ വഴിത്തിരിവ് അനുഭവപ്പെടുന്നുണ്ട്. ഗസ്സയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇസ്‌റാഈലിന്റെ കുടിയേറ്റ നയത്തിനുമെതിരെ ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, ഫിലാഡാല്‍ഫിയ, ബോസ്റ്റണ്‍ തുടങ്ങിയ നഗരങ്ങളില്‍ കൂറ്റന്‍ പ്രതിഷേധ പ്രകടനമാണ് നടന്നത്. “ഫലസ്തീനിനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം. ഈ മാറ്റം അമേരിക്കയിലെ ഫലസ്തീന്‍ അനുകൂല രാഷ്ട്രീയത്തിന്റെ അടിത്തറ കൂടുതല്‍ വ്യാപകമാക്കുകയും ഭാവിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയരൂപവത്കരണത്തില്‍ പ്രതിഫലിക്കുകയും ചെയ്യുമെന്നും നിരീക്ഷിക്കപ്പെടുന്നു.പ്രക്രിയയുടെ തുടക്കത്തില്‍ കേവലം ഒരു ശതമാനം മാത്രമായിരുന്നു മംദാനിയുടെ ജനപിന്തുണ. അതില്‍ നിന്ന് അമ്പത് ശതമാനത്തില്‍ കൂടുതല്‍ പിന്തുണയിലെത്തിയത് രാഷ്ട്രീയ വിദഗ്ധര്‍ അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഒട്ടും പരിഗണന നല്‍കിയിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ കവറേജ് ലഭിക്കാന്‍ മാധ്യമങ്ങള്‍ മത്സരത്തിലാണ്.ന്യൂയോര്‍ക്കിനെ സാധാരണക്കാര്‍ക്ക് ജീവിക്കാനാകുന്ന നഗരമാക്കുമെന്നായിരുന്നു മംദാനിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. സൗജന്യ ശിശുസംരക്ഷണം, സൗജന്യ സിറ്റി സര്‍വീസ്, കോര്‍പറേഷന്‍ ആഭിമുഖ്യത്തില്‍ പലചരക്കു കടകള്‍, ഭവനരഹിതര്‍ക്ക് താങ്ങാനാകുന്ന വാടക തുടങ്ങിയവയാണ് അദ്ദേഹം മുന്‍വെച്ച പദ്ധതികള്‍. ന്യൂയോര്‍ക്കിലെ ഓരോ സാധാരണക്കാരനും അവകാശപ്പെട്ടതാണ് തന്റെ വിജയമെന്നാണ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മംദാനിയുടെ പ്രതികരണം. “മാറ്റത്തിനുള്ള ജനവിധിയാണിത്. പുതിയ രാഷ്ട്രീയത്തിലേക്കുള്ള ജനവിധി. നമുക്ക് താങ്ങാനാകുന്ന നഗരം സൃഷ്ടിക്കുന്നതിനുള്ള ജനവധി’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡൊണാള്‍ഡ് ട്രംപിനും അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഇസ്‌റാഈല്‍ അനുകൂല വംശീയ വെറിക്കുമുള്ള കനത്ത പ്രഹരമാണ് മംദാനിയുടെ വിജയം. പതിനെട്ടടവും പയറ്റിയിരുന്നു മംദാനിയെ പരാജയപ്പെടുത്താന്‍ ട്രംപ്. മംദാനിയെ കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്ന് അധിക്ഷേപിച്ച ട്രംപ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി ക്യൂമോയെ പിന്തുണച്ച് രംഗത്തു വരികയും ചെയ്തു. ഇസ്‌ലാമോഫോബിക് സ്വഭാവമുള്ള പ്രചാരണങ്ങളും ഉയര്‍ന്നുവന്നു. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റിക്കുള്ള ഫെഡറല്‍ ഫണ്ട് തടഞ്ഞുവെക്കുമെന്നും ന്യൂയോര്‍ക്ക് കനത്ത സാമൂഹിക, സാമ്പത്തിക ദുരന്തം നേരിടേണ്ടി വരുമെന്നുമായിരുന്നു ട്രംപിന്റെ മറ്റൊരു ഭീഷണി.അടുത്ത വര്‍ഷം നവംബറില്‍ യു എസ് പ്രതിനിധി സഭയിലെ 435 സീറ്റിലേക്കും യു എസ് സെനറ്റിലെ 35 സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മംദാനിയുടെ വിജയം കനത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട് ട്രംപിനെയും കൂട്ടാളികളെയും.