തിരുവനന്തപുരം| വര്‍ക്കലയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി തള്ളിയിട്ട 19കാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ തലയില്‍ പലയിടത്തും ചതവുകള്‍ ഉണ്ട്. തലച്ചോറിനേറ്റ പരുക്ക് ഗുരുതരമാണ്. ശ്രീക്കുട്ടി അപകടനില തരണം ചെയ്‌തെന്ന് നിലവില്‍ പറയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്ന കാര്യം ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് പെണ്‍കുട്ടി ചികിത്സയിലുള്ളത്.കേരള എക്‌സ്പ്രസില്‍വച്ചാണ് മദ്യപന്‍ പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ടത്. കേരള എക്‌സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെണ്‍കുട്ടികയെ പ്രതി സുരേഷ് കുമാര്‍ ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും.പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി പുകവലിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി സുരേഷ് കുമാറിനെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.