നാല് മാസം മുമ്പാണ് ട്രാവല്‍ വ്ലോഗറായ കനിക ദേവ്‌റാണി “ഇന്ത്യന്‍ റെയില്‍വേ സുരക്ഷിതമല്ല’ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഡല്‍ഹിയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രാ മധ്യേ ബ്രഹ്മപുത്ര എക്‌സ്പ്രസ്സില്‍ വെച്ച് ഒരു തസ്‌കരന്‍ അവരെ ബോധം കെടുത്തി ബാഗ് കവര്‍ച്ച ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ചെയ്തത്. കനികയുടെ ഈ വിമര്‍ശത്തെ സാധൂകരിക്കുന്നതാണ് ട്രെയിന്‍ യാത്രക്കാരുടെ ദുരനുഭവങ്ങളെക്കുറിച്ചുള്ള നിരന്തര വാര്‍ത്തകള്‍. ഞായറാഴ്ച രാത്രി വര്‍ക്കലയില്‍ വെച്ച് ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെ പത്തൊമ്പതുകാരിയെ മദ്യലഹരിയിലായിരുന്ന യാത്രക്കാന്‍ പുറത്തേക്ക് ചവിട്ടി തള്ളിയിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണ്.തൊട്ടടുത്ത ദിവസം തിങ്കളാഴ്ച ഐലന്റ് എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന കായംകുളം താമരക്കുളം സ്വദേശിയും ഭിന്നശേഷിക്കാരനുമായ നാസിര്‍ എന്ന വയോധികനും മറ്റൊരു യാത്രക്കാരനില്‍ നിന്ന് അകാരണമായി മര്‍ദനമേറ്റു. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് കോഴിക്കോട് കല്ലായിയില്‍ നിന്ന് തൃശൂര്‍ സ്വദേശിനിയായ അമ്മിണി ജോസ് എന്ന വയോധികയുടെ 85,000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടത്. ഫെബ്രുവരി ഏഴിന് തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ കാട്പാഡിയില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന നാല് മാസം ഗര്‍ഭിണിയായ യുവതിയെ, ഹേമരാജ് എന്ന യുവാവ് ബലാത്സംഗം ചെയ്ത ശേഷം ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പ്രതിവര്‍ഷം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. മോശം ഭക്ഷണം, ശുചിമുറികളുടെ ദയനീയാവസ്ഥ, ട്രെയിനുകളുടെ വൈകിയോട്ടം തുടങ്ങിയ പ്രശ്‌നങ്ങളും യാത്രക്കാരെ പ്രയാസത്തിലാക്കുന്നു.രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് റെയില്‍വേ സംവിധാനത്തില്‍ ഇന്ത്യ. ലക്ഷക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുന്നത്. എന്നാല്‍ ഒട്ടും സുരക്ഷിതമല്ല രാജ്യത്ത് ട്രെയിന്‍ യാത്ര. വിശിഷ്യാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും. മോഷണവും അതിക്രമങ്ങളും അശ്ലീല പെരുമാറ്റവും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നു. റെയില്‍വേ അധികൃതര്‍ പലവട്ടം സുരക്ഷാ പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും മിക്കതും വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയാണ്. 2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ സ്വദേശി സൗമ്യ ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് വനിതാ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റെയില്‍വേ ഒട്ടേറെ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് ആറിനും രാവിലെ ആറിനുമിടയില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ റെയില്‍വേ സുരക്ഷാ സേനയുടെ എസ്‌കോര്‍ട്ട്, ട്രെയിനിലും സ്റ്റേഷനുകളിലും കൂടുതല്‍ വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയോഗിക്കല്‍, കൂടുതല്‍ സ്റ്റേഷനുകളില്‍ സി സി ടി വി സംവിധാനം, റെയില്‍വേ പോലീസില്‍ കൂടുതല്‍ തസ്തിക, വനിതാ കോച്ചുകളുടെ സ്ഥാനം ട്രെയിനിന്റെ മധ്യത്തിലേക്ക് മാറ്റല്‍, പരാതികള്‍ രേഖപ്പെടുത്താന്‍ ടോള്‍ഫ്രീ നമ്പര്‍ തുടങ്ങിയ പ്രഖ്യാപനങ്ങളില്‍ സി സി ടി വി സംവിധാനവും ടോള്‍ഫ്രീ നമ്പറും മാത്രമാണ് അല്‍പ്പമെങ്കിലും നടപ്പായത്.വനിതാ കോച്ചുകളുടെ സ്ഥാനം ട്രെയിനിന്റെ മധ്യത്തിലേക്ക് മാറ്റുന്ന നടപടി ചില പാസഞ്ചര്‍ ട്രെയിനുകളില്‍ മാത്രമൊതുങ്ങി. എല്ലാ ട്രെയിനിലും എസ്‌കോര്‍ട്ട് നല്‍കാനുള്ള അംഗസംഖ്യ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സി(ആര്‍ പി എഫ്)നോ റെയില്‍വേ പോലീസിനോ ഇപ്പോഴുമില്ല. ഞായറാഴ്ച വര്‍ക്കലയില്‍ യുവതിയെ അക്രമി പുറത്തേക്ക് ചവിട്ടി തള്ളിയിട്ടപ്പോള്‍ ആര്‍ പി എഫ് സമീപത്തെങ്ങുമുണ്ടായിരുന്നില്ല. 1977ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ഇപ്പോഴും നിയമനം. പിന്നീട് നിരവധി പുതിയ ലൈനുകളും ട്രെയിനുകളും വരികയും യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്‌തെങ്കിലും സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് പറയപ്പെടുന്നു.ഓരോ വര്‍ഷവും വന്‍തുകയാണ് റെയില്‍വേക്കായി ബജറ്റില്‍ വകയിരുത്തുന്നത്. 2025-26 ബജറ്റിലെ തുക 2,52,000 കോടിയാണ്. ഇതില്‍ നല്ലൊരു വിഹിതം യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികള്‍ക്കായി നീക്കിവെക്കുന്നുണ്ട്. അത് പ്രായോഗികതലത്തില്‍ അനുഭവപ്പെടുന്നില്ല. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ പോലും നിയമിക്കുന്നില്ല. മാത്രമല്ല സുരക്ഷാ ഫണ്ടില്‍ വന്‍തോതില്‍ തിരിമറി നടക്കുന്നുണ്ടെന്നാണ് സി ഐ ജിയുടെ വെളിപ്പെടുത്തല്‍. 296 പേരുടെ മരണത്തിനിടയാക്കിയ 2023ലെ ഒഡിഷ ട്രെയിന്‍ ദുരന്തത്തിനു പിന്നാലെ സി എ ജി നടത്തിയ പരിശോധനയില്‍, റെയില്‍വേ സുരക്ഷക്കായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ മസ്സാജ് മെഷീനുകളും വിന്റര്‍ ജാക്കറ്റുകളും മണ്‍പാത്രങ്ങളും വന്‍തോതില്‍ വാങ്ങിയതായി കണ്ടെത്തിയിരുന്നു. 1987ലെ റെയില്‍വേ ആക്ട് പ്രകാരം ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമാണെങ്കിലും ഇത് പരിശോധിക്കാന്‍ സംവിധാനമില്ല. മദ്യലഹരിയിലാണ് ആക്രമണങ്ങളില്‍ നല്ലൊരു പങ്കും നടക്കുന്നത്. മദ്യപിച്ചുള്ള യാത്ര നിയന്ത്രിക്കാനായാല്‍ അക്രമങ്ങള്‍ ഗണ്യമായി കുറക്കാനാകും.സുരക്ഷിത യാത്ര അവകാശവും സാമൂഹിക നീതിയുടെ ഭാഗവുമാണ്. ജീവനും സുരക്ഷയും ഉറപ്പുള്ള യാത്രയാണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടയാളം. യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുമ്പോഴാണ് റെയില്‍വേയുടെ വികസനം സാര്‍ഥകമാകുന്നത്. ഇന്ത്യന്‍ റെയില്‍വേ ആക്ട് യാത്രാ സുരക്ഷിതത്വത്തില്‍ നിയമപരമായ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും പ്രാവര്‍ത്തികത അത്യന്തം ദുര്‍ബലമാണ്. അപകടത്തില്‍ പെട്ടാലുള്ള നിയമ നടപടികള്‍ അനിശ്ചിതമായി നീളുകയും പലപ്പോഴും ന്യായമായി പരിഹരിക്കപ്പെടാതെ അവസാനിക്കുകയും ചെയ്യുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്ക് അവബോധം കുറവാണ്. ഇതവരെ നിശബ്ദ ഇരകളാക്കി മാറ്റുന്നു. ഓരോ യാത്രക്കാരനും തങ്ങളുടെ അവകാശത്തെക്കുറിച്ച് ബോധവത്കരിക്കപ്പെടേണ്ടതുണ്ട്.