പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ചരിത്രത്തിൽ ഇതുവരെയില്ലാത്ത കുതിപ്പാണ് കേരളം കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കുള്ളിൽ നേടിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്‌ബിക്ക് വായ്പ എടുക്കുന്നതിൽ കേന്ദ്രം അടിച്ചേൽപ്പിച്ച നിയന്ത്രണം അടക്കം നിരവധി വൈഷമ്യങ്ങൾ നേരിടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ എല്ലാ കടമ്പകളേയും നേരിട്ട് കേരളത്തിന്റെ വികസനക്കുതിപ്പിന്റെ പ്രധാന ചാലക ശക്തിയായി കിഫ്‌ബി തുടരും. ഈ നാട് ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ചരിത്രത്തിൽ ഇതുവരെയില്ലാത്ത കുതിപ്പാണ് കേരളം കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കുള്ളിൽ നേടിയിരിക്കുന്നത്. നൂതനമായ സൗകര്യങ്ങളുള്ള പാലങ്ങളും റോഡുകളും സർക്കാർ സ്കൂളുകളും ആശുപത്രികളും പൊതുജനാരോഗ്യ കേന്ദ്രങ്ങളുമെല്ലാം സംസ്ഥാനത്ത് ഉടനീളം ഉയർന്നു വന്നത് കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് എന്ന കിഫ്ബിയുടെ സഹായത്താലാണ്. ബജറ്റിന് പുറത്ത് പണം കണ്ടെത്തി സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തെ ഉയിർപ്പിച്ചുകൊണ്ടുവരാനുള്ള ധീരമായ പരീക്ഷണമായിരുന്നു കിഫ്‌ബി. 1999 ൽ അന്നത്തെ ഇടതുപക്ഷ സർക്കാർ രൂപം നൽകിയ കിഫ്ബിക്ക് ഇന്ന് ഇരുപത്തിയഞ്ച് വയസ്സ് തികഞ്ഞിരിക്കുന്നു.എന്നാൽ, പല കാരണങ്ങളുംകൊണ്ട് കിഫ്ബിക്ക് അതിന്റെ ആദ്യ 15-16 വർഷങ്ങളിൽ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതിനുമാറ്റം കൊണ്ടുവന്നത് 2016 ൽ അധികാരമേറ്റ എൽഡിഎഫ് സർക്കാരാണ്. നിയമസഭ ഐകകണ്‌ഠേന പാസാക്കിയ കിഫ്ബി ഭേദഗതി നിയമത്തിലൂടെ അത് ശാക്തീകരിക്കപ്പെട്ടു. പിന്നീട് കേരളം കണ്ടത് സമാനതകളില്ലാത്ത വികസനമുന്നേറ്റമാണ്. പാലങ്ങൾ, റോഡുകൾ, റെയിൽവേ ഓവർബ്രിഡ്ജുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, കുടിവെള്ള പദ്ധതികൾ, തുടങ്ങി മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന വികസനമാണ് സംസ്ഥാനത്തുണ്ടായത്.50,000 കോടിയുടെ പദ്ധതികൾ ലക്ഷ്യമിട്ട സ്ഥാനത്ത് ഇന്നത് 90,000 കോടിയും കടന്ന് മുന്നോട്ടുപോകുന്നു. പദ്ധതികളുടെ എണ്ണമാകട്ടെ 1,200 ൽ എത്തിനിൽക്കുന്നു. 40,000 കോടി രൂപയോളം തുക വിവിധ പദ്ധതികൾക്കായി ചെലവഴിച്ചും കഴിഞ്ഞു. ഇങ്ങനെ ഒരു സംവിധാനമുണ്ടായിരുന്നതുകൊണ്ടു മാത്രമാണ്, പതിറ്റാണ്ടിനപ്പുറം പോലും യാഥാർത്ഥ്യമാകാൻ ഇടയില്ലാത്ത, അടിസ്ഥാന സൗകര്യ വികസനം കേരളത്തിൽ സാധ്യമായിക്കൊണ്ടിരിക്കുന്നത്.ഇങ്ങനെ കേരളത്തിന്റെ സർവ തലങ്ങളെയും ഗ്രാമ-നഗര ഭേദമില്ലാതെ വികസനത്തിലേക്ക് ഉയർത്തുകയാണ് കിഫ്ബിയിലൂടെ സർക്കാർ. കടുത്ത വിമർശകരുടെ മണ്ഡലങ്ങളുടെ പോലും മുഖച്ഛായ അതിവേഗത്തിൽ മാറുന്നത് അവിടങ്ങളിലെ ജനങ്ങൾക്കുതന്നെ ബോധ്യമുള്ള കാര്യമാണ്. അതുകൊണ്ട് കിഫ്ബി പദ്ധതികളെ ആർക്കും എതിർക്കാനാവാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇത് കിഫ്ബിയുടെ വിശ്വാസ്യത ആവർത്തിച്ചുറപ്പിക്കുകയാണ്.കിഫ്‌ബിക്ക് വായ്പ എടുക്കുന്നതിൽ കേന്ദ്രം അടിച്ചേൽപ്പിച്ച നിയന്ത്രണം അടക്കം നിരവധി വൈഷമ്യങ്ങൾ നേരിടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ എല്ലാ കടമ്പകളേയും നേരിട്ട് കേരളത്തിന്റെ വികസനക്കുതിപ്പിന്റെ പ്രധാന ചാലക ശക്തിയായി കിഫ്‌ബി തുടരും. ഈ നാട് ഇനിയും ഉയരങ്ങളിലേക്ക് കുതിക്കും.The post ‘കിഫ്‌ബി തുടരും, ഈ നാട് ഇനിയും ഉയരങ്ങളിലേക്ക് കുതിക്കും’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.