പറ്റ്‌ന| വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ബിഹാറില്‍ ഇന്ന് നിശബ്ദ പ്രചാരണം. 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണ്. ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു.മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ജനവിധി തേടുന്നത്. ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്നതായിരുന്നു മഹാസഖ്യത്തിന്റെ പ്രധാന വാഗ്ദാനം. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും താര പ്രചാരകര്‍ സംസ്ഥാനത്തുണ്ട്. തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍, ഉള്‍പ്പെടെയുള്ളവരാണ് ആദ്യഘട്ട മത്സരത്തിലെ പ്രധാന താരനിര.ആദ്യഘട്ട മണ്ഡലങ്ങളില്‍ പരമാവധി സീറ്റുറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന് നടക്കും. പതിനാലിനാണ് ഫലപ്രഖ്യാപനം. ബിഹാറില്‍ ആര് ഭരിക്കുമെന്ന് അന്നറിയാം.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ ഇറക്കിയായിരുന്നു എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങി.അതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം രാഹുല്‍ ഉയര്‍ത്തിയ ഒബിസി ജാതി രാഷ്ട്രീയം വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേനയിലും ജാതി മേധാവിത്വമുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. പത്ത് ശതമാനം വരുന്ന ഉന്നത ജാതിക്കാരാണ് പ്രതിരോധ സേനയേയും നിയന്ത്രിക്കുന്നത്. പിന്നോക്കക്കാരും ദളിതരും ന്യൂനപക്ഷങ്ങളും അടങ്ങുന്ന 90 ശതമാനത്തിനും പ്രതിരോധ സേനയിലും പ്രധാന സ്ഥാനങ്ങള്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നത്.