തിരുവനന്തപുരം | കൊല്ലം സ്വദേശി വേണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കാനിടയായ സംഭവത്തില്‍ ചികിത്സയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജോയിന്റ് ഡി എം ഇയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വേണുവുമായി സുഗമമായ ആശയ വിനിമയം നടത്തുന്നതില്‍ അപകാത ഉണ്ടായിട്ടുണ്ടാവാമെന്നും അക്കാര്യം വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കേസ്ഷീറ്റിലോ – ചികിത്സ പ്രോട്ടോകോള്‍ പാലിക്കുന്നതിലോ പോരായ്മകള്‍ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരില്‍ നിന്നുള്ള വിവരങ്ങളുടെയും വേണുവിന്റെ ചികിത്സ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വേണുവിന്റെ കേസ്ഷീറ്റില്‍ പോരായ്മകള്‍ കണ്ടെത്താനായില്ല. ചികിത്സ പ്രോട്ടോകോള്‍ പാലിച്ചിട്ടുണ്ട്. ചികിത്സയില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഡോക്ടമാരുടെ മൊഴി.വേണു ശബ്ദ സന്ദേശം അയക്കാന്‍ ഇടയായ സാഹചര്യവും വിശദമായി പരിശോധിച്ച് കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതിന് ബന്ധുക്കളില്‍ നിന്നടക്കം വിവരം ശേഖരിക്കേണ്ടതുണ്ട്. ഈ കണ്ടെത്തലുകള്‍ വിലയിരുത്തി നാളെ ആരോഗ്യമന്ത്രിക്ക് ഡി എം ഇ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ആരോഗ്യവകുപ്പിന്റെ തുടര്‍ നടപടികള്‍.വേണുവിനോട് ഡ്യൂട്ടി നഴ്‌സുമാര്‍ കൃത്യമായി കാര്യങ്ങള്‍ പറയാന്‍ തയ്യാറായില്ലെന്നും ഇതു വേണുവിനെ ഏറെ വിഷമിപ്പിച്ചിരുന്നതായും വേണുവിന്റെ ഭാര്യ പ്രതികരിച്ചിരുന്നു. വേണുവിനെ മരണത്തിലേക്കു നയിച്ച സംഭവത്തില്‍ നിയമപരമായി മുന്നോട്ടു പോകാനാണ് വേണുവിന്റെ കുടുംബത്തിന്റെ തീരുമാനം.