തിരുവനന്തപുരം | തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവിച്ച ശേഷം യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. പ്രസവത്തിന് ശേഷം നാല് ദിവസത്തിനുള്ളില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.ശിവപ്രിയയുടെ മരണത്തെ തുടര്‍ന്ന് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കുകയാണ്. പ്രസവത്തിന് ശേഷം ആശുപത്രി വിട്ട യുവതിയെ നാല് ദിവസങ്ങള്‍ക്ക് ശേഷം പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.കഴിഞ്ഞ മാസം 22നാണ് പ്രസവവേദനയെ തുടര്‍ന്ന് ശിവപ്രിയയെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രസവം നടന്നതിന് ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ തുടരുകയും ചെയ്തിരുന്നു. 25നാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതോടെ വീണ്ടും തിരികെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശരീരത്തില്‍ അണുബാധയുണ്ടെന്നും എത്രയും വേഗം ഐ സി യുവില്‍ പ്രവേശിപ്പിക്കണമെന്നും പറഞ്ഞതോടെ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് അണുബാധയേറ്റതെങ്കില്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നാണ് കുടുംബം ചോദിക്കുന്നത്. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയെ സാധൂകരിക്കുന്ന തെളിവുകള്‍ കുടുംബത്തിന്റെ പക്കലുണ്ടെന്നാണ് സൂചന. മരണത്തെ തുടര്‍ന്ന് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കുകയാണ്.