അസമില്‍കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു

Wait 5 sec.

ഗുവാഹത്തി| അസമിലെ വനാതിര്‍ത്തികളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍  പുനരാരംഭിച്ചു. ഗോല്‍പാര ജില്ല ഭരണകൂടവും വനംവകുപ്പും ചേര്‍ന്നാണ് വീടുകളും മറ്റും തകര്‍ക്കുന്നത്. 153 ഹെക്ടര്‍ ഭൂമിയാണ് ഈ ഘട്ടത്തില്‍ ഒഴിപ്പിക്കുന്നതെന്ന് അധിക്യതര്‍ പറഞ്ഞു.അടുത്ത രണ്ടുദിവസം നടപടി തുടരുമെന്നും 580 കുടുംബങ്ങള്‍ക്കാണ് ഇതിനകം നോട്ടീസ് നല്‍കിയിട്ടുള്ളതെന്നും ഗോല്‍പാര ജില്ല കലക്ടര്‍ പ്രദീപ് തിമുങ് അറിയിച്ചു. ദഹികാട റിസര്‍വ് വനമേഖലയിലുളള കയ്യേറ്റഭൂമിയാണ് കുടിയൊഴിപ്പിക്കുന്നത്.പുറത്താക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായക്കാരായ ബംഗാളി വംശജനാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍  പരമാവധി എത്തിയെങ്കിലും ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടപടി താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നടപടി വീണ്ടും ആരംഭിച്ചു.രണ്ട് ദിവസം മുമ്പ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.  ഞായറാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി 1,000-ത്തിലധികം ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു. ഗോല്‍പാര ജില്ലയില്‍ മാത്രം ഈ വര്‍ഷം കുടിയൊഴിപ്പിക്കലിലൂടെ 900 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചതായും അറിയിച്ചു.