വിവേചനം, നിര്‍ബന്ധിത ബാലവേല, വിദ്യാഭ്യാസ നിഷേധം, പഠന സമ്മര്‍ദം, ചൂഷണം, സാമൂഹിക മാധ്യമങ്ങളുടെ അമിത സ്വാധീനം തുടങ്ങി കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഒട്ടേറെയാണ്. തുല്യതക്കുള്ള അവകാശം, വിവേചനത്തിനെതിരായ അവകാശം, ജീവിക്കാനും ആരോഗ്യത്തിനുമുള്ള അവകാശം, വിദ്യാഭ്യാസ അവകാശം, ചൂഷണത്തില്‍ നിന്ന് സംരക്ഷണം തുടങ്ങി നിരവധി അവകാശങ്ങള്‍ ഭരണഘടന കുട്ടികള്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും നല്ലൊരു വിഭാഗത്തിനും അതെല്ലാം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷവും ശിശുദിനം കടന്നു വരുന്നത്.സൗജന്യ പ്രാഥമിക വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2014 ഡിസംബറില്‍ പുറത്തുവിട്ട കണക്കനുസരിച്ച് 11.7 ലക്ഷം കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്തവരാണ്. യഥാര്‍ഥ കണക്ക് ഇതിനുമെത്രയോ മീതെ വരും. സ്‌കൂളിന്റെ പടി കാണാത്ത 7.84 ലക്ഷം കുട്ടികളുള്ള ഉത്തര്‍പ്രദേശാണ് ഇക്കാര്യത്തില്‍ മുന്നില്‍. സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ തന്നെ നല്ലൊരു വിഭാഗത്തിന് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല. പാഠ്യപദ്ധതികളിലെ അപാകത, വിദഗ്ധരായ അധ്യാപകരുടെ അഭാവം, അടിസ്ഥാന സൗകര്യക്കുറവ് തുടങ്ങിയവയാണ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുന്നത്.അടുത്തിടെ പുറത്തുവന്ന പുതിയ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ 106ാം സ്ഥാനത്താണ്. കുട്ടികളാണ് രാജ്യത്തെ പട്ടിണിപ്പാവങ്ങളില്‍ നല്ലൊരു പങ്കും. കാര്‍ഷിക മേഖലയില്‍ രാജ്യം മികച്ച പുരോഗതി നേടിയെന്നവകാശപ്പെടുമ്പോഴും ലക്ഷക്കണക്കിന് കുട്ടികള്‍ ദാരിദ്ര്യവും പോഷകാഹാരക്കുറവും നേരിടുന്നു. തൊഴില്‍ രംഗത്തും തെരുവുകളിലും വീട്ടുജോലികളിലും പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്ന കുട്ടികളും നിരവധി. ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യവും നിരക്ഷരതയുമാണ് കുട്ടികളെ തൊഴില്‍ രംഗത്തെത്തിക്കുന്നത്. യുദ്ധങ്ങളിലും കലാപങ്ങളിലും വംശവെറിയിലും മറ്റുമായി ദിനംപ്രതി ശരാശരി 20 കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്നാണ് യൂനിസെഫിന്റെ 2023ലെ കണക്ക്. ഗസ്സയില്‍ രണ്ട് വര്‍ഷം നീണ്ട ഇസ്‌റാഈലിന്റെ വംശഹത്യയില്‍ കൊല്ലപ്പെട്ടത് 18,000 കുട്ടികളാണ്.ഇന്റര്‍നെറ്റ് അഡിക്്ഷനാണ് കുട്ടികള്‍ നേരിടുന്ന മറ്റൊരു ഗുരുതരമായ പ്രശ്‌നം. ഇതുവഴി അവര്‍ അനാവശ്യ വിവരങ്ങളിലേക്കും അപകടകരമായ ബന്ധങ്ങളിലേക്കും കടന്നു ചെല്ലുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍, സൈബര്‍ ബുള്ളിയിംഗ്, സ്വകാര്യതാ ലംഘനം തുടങ്ങിയവ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനും ആത്മവിശ്വാസക്കുറവിനും ബന്ധുക്കളോട് ശത്രുതക്കും കാരണമാകുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏറെനേരം മൊബൈലിലും ഇന്റര്‍നെറ്റിലും ചെലവിടുന്ന കൗമാരങ്ങളില്‍ ആത്മഹത്യാ ചിന്ത വളരുന്നതായി ജേണല്‍ ഓഫ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടില്‍ പറയുന്നു. ദളിത്- പിന്നാക്ക വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍ നേരിടുന്ന വിവേചനവും അവഗണനയും ഗുരുതരമായ അവകാശ ലംഘനമാണ്. ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് ശൗചാലയം കഴുകിക്കുകയും ഉച്ചഭക്ഷണത്തിന് വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുന്നത് മുതല്‍ മാനസിക പീഡനവും ശാരീരിക ആക്രമണവും വരെ നീളുന്നു വിവേചനം.ചില സ്‌കൂളുകളില്‍ അധ്യാപകര്‍ തന്നെ ദളിത് വിദ്യാര്‍ഥികളെ അകറ്റി നിര്‍ത്തുകയും ക്ലാസ്സുകളില്‍ പരസ്യമായി ജാതിവിവേചനം പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ജാതിയും മതവും ലിംഗവും അടിസ്ഥാനമാക്കിയുള്ള വിവേചനം ഭരണഘടന നിരോധിച്ചതാണ്. എങ്കിലും ജാതിവിവേചനത്തിന്റെ ദുരന്ത ഫലങ്ങള്‍ ഇന്നും അനുഭവിക്കുന്നു ദളിത് വിദ്യാര്‍ഥി സമൂഹം. എല്ലാ വിഭാഗം വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന സമൂഹ സമത്വം സൃഷ്ടിക്കപ്പെടുമ്പോള്‍ മാത്രമേ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മൂല്യം സംരക്ഷിക്കപ്പെടുകയുള്ളൂ.ജനീവയിലെ അന്തര്‍ദേശീയ ശിശുക്ഷേമ സംഘടനയുടെ നേതൃത്വത്തില്‍ 1953ലാണ് ആഗോളതലത്തില്‍ ശിശുദിനാഘോഷത്തിന് തുടക്കമിട്ടത്. അന്തര്‍ദേശീയ ശിശുദിനമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മലയാളിയുമായ വി കെ കൃഷ്ണ മേനോനാണ്. നവംബര്‍ 20നാണ് ആഗോളതലത്തില്‍ ശിശുദിനം. 1964 വരെ അന്നായിരുന്നു ഇന്ത്യയിലും ആചരണം. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണ ശേഷം ഇന്ത്യ ശിശുദിനാചരണം നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14ലേക്ക് മാറ്റുകയായിരുന്നു. കുട്ടികളോടുള്ള നെഹ്‌റുവിന്റെ അതിരറ്റ സ്‌നേഹവും വാത്സല്യവും പരിഗണിച്ചായിരുന്നു ഈ നടപടി. “ഇന്നത്തെ കുട്ടികളാണ് നാളെയുടെ പൗരന്മാര്‍’ എന്ന നെഹ്‌റുവിന്റെ വാക്കുകള്‍ കുട്ടികളില്‍ അദ്ദേഹം അര്‍പ്പിച്ച പ്രതീക്ഷയിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് തടയാനും പോഷകാഹാരക്കുറവ് പരിഹരിക്കാനും പഞ്ചവത്സര പദ്ധതിയില്‍ പ്രാഥമിക വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഭക്ഷണം നടപ്പാക്കിയത് നെഹ്‌റു സര്‍ക്കാറാണ്.കുട്ടികള്‍ നാളെയുടെ പ്രതീക്ഷകളാണ്. അവരുടെ കൈകളിലാണ് രാജ്യത്തിന്റെ ഭരണമുള്‍പ്പെടെ ഭാവിയുടെ ഉത്തരവാദിത്വം. ഒരു ജനതയുടെ സാംസ്‌കാരികവും ബൗദ്ധികവുമായ പുരോഗതി കുട്ടികളുടെ ശരിയായ വളര്‍ച്ചയിലൂടെയാണ് കൈവരുന്നത്. കുട്ടികളെ എങ്ങനെ വളര്‍ത്തുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഭാവി. ഈ അര്‍ഥത്തില്‍ കുടുംബത്തിന്റെ ഭാഗം മാത്രമല്ല, ദേശത്തിന്റെ സമ്പത്ത് കൂടിയാണ് കുട്ടികള്‍. ഈ ബോധ്യമുള്‍ക്കൊണ്ട് കുട്ടികള്‍ക്ക് ആവശ്യമായ സ്‌നേഹം, സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കടമയാണ്. ഇക്കാര്യം സമൂഹത്തെ ഓര്‍മപ്പെടുത്തുകയാണ് ശിശുദിനാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ കാര്യത്തില്‍ കരുതല്‍ കാണിച്ചതു കൊണ്ട് മാത്രമായില്ല. അവരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്.