തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് രാവിലെ 11 മണി മുതല്‍

Wait 5 sec.

തിരുവനന്തപുരം|സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും.രാവിലെ 11നും മൂന്നിനും ഇടയിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.സ്ഥാനാര്‍ഥിക്ക് നേരിട്ടോ നിര്‍ദ്ദേശകന്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. ഈ മാസം 21-നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. നവംബര്‍ 24 നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി.പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനുകളിലും മത്സരിക്കുന്നവര്‍ 5,000 രൂപയും കെട്ടിവെക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പകുതി പൈസ കെട്ടിവെച്ചാല്‍ മതിയാകും. വരണാധികാരിയുടെയോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി സ്ഥാനാര്‍ഥികള്‍ ഒപ്പിട്ട് നല്‍കേണ്ടതാണ്. വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പ്രവേശിക്കാന്‍ കഴിയും. സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ അനുവദിക്കുകയുള്ളൂ.മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബര്‍ 11നും നടക്കും.