ഹാബിലിന് എല്ലാം ഹോബിയാണ്

Wait 5 sec.

കുടുംബത്തോടെ വിരുന്നുപോകാനൊരുങ്ങിയപ്പോൾ കൂട്ടത്തിൽ നിന്ന് മാറി നിന്ന മകൻ ഉമ്മയോട് അവരോടൊപ്പം പോകാതിരിക്കാൻ പറഞ്ഞ കാരണം കേട്ട് ഉമ്മയൊന്ന് പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം. അവന്റെ കവിളിലൊന്ന് നുള്ളി ആളെ പറ്റിക്കാൻ ഓരോന്ന് പറയല്ലേ എന്ന് കൗതുകത്തോടെ ചിന്തിച്ചിട്ടുണ്ടാകണം. അന്ന് വൈകുന്നേരം ആ മകൻ തന്റെ ഫോണിലേക്ക് വിളിച്ചു പറഞ്ഞ കാര്യങ്ങൾ കേട്ട് ആ ഉമ്മ ഞെട്ടിത്തരിച്ചിട്ടുണ്ടാകണം. അവിശ്വസനീയമായ ഒരു കഥ കേട്ട ശേഷം സത്യമോ മിഥ്യയോ എന്നറിയാൻ സ്വന്തം കൈവെള്ളയിൽ സ്വയമൊന്ന് അമർത്തി നുള്ളിയിട്ടുണ്ടാകണം.പഠിപ്പിലും ഹാജർ നിലയിലും വളരെ പിന്നാക്കം നിന്ന മകനെ കുറിച്ചുള്ള പരാതികൾ കേട്ട് മകന്റെ കൈപിടിച്ച് നാണം കെട്ട് തലയും താഴ്ത്തി മാത്രം പടിയിറങ്ങി വന്ന അതേ സ്കൂളിന്റെ കവാടങ്ങൾക്ക് മുന്നിൽ അതേ മകന്റെ കൈകൾ അമർത്തിപ്പിടിച്ചു ഉയർന്ന ശിരസ്സും തെളിഞ്ഞ മുഖവുമായി ആ ഉമ്മ ഒരിക്കൽ കൂടി അഭിമാനത്തോടെ നിന്നിട്ടുണ്ടാകാം.ഇത്, ഒന്നിനും കൊള്ളരുതാത്തവൻ എന്ന് എല്ലാവരും വിധിയെഴുതി മാറ്റി നിർത്തപ്പെട്ട, സ്വന്തം ലോകത്തിരുന്ന് കൽപ്പിത കഥകളെ പോലും വെല്ലുന്ന വിജയം സ്വയം വെട്ടിപ്പിടിച്ച, ഒരു പതിമൂന്നുകാരന്റെ കഥകൾക്കുള്ള ആമുഖക്കുറിപ്പ്..!കോഴിക്കോട് ജില്ലയിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ താമരശ്ശേരി വാവാട് എന്ന പ്രദേശത്ത് താമസിക്കുന്ന അൻവർ – സഹീദ ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനായ മകൻ ഹബ്ബി എന്ന് വിളിക്കുന്ന ഹാബിൽ അൻവർ ഒറ്റക്ക് ശ്രമിച്ചു നേടിയെടുത്തത് വലിയൊരു നേട്ടം തന്നെയാണ്, ആ നേട്ടത്തിന് മാറ്റ് കൂട്ടുന്നത് നമ്മെ ഏറെ വിസ്മയിപ്പിക്കാനുതകുന്ന ആ കുട്ടിയുടെ അക്കാദമിക് വിദ്യാഭ്യാസ നിലവാരമാണ്.അമേരിക്കൻ ജോർജ് മെഴ്‌സൺ യൂനിവേഴ്സിറ്റിയിൽ നിന്നും, ഗ്രാവിറ്റേഷൻ ഫിസിക്സിൽ പ്രബന്ധം അവതരിപ്പിച്ചതിന്റെ പേരിൽ സ്കോളർഷിപ് കരഗതമാക്കിയ ഹാബിൽ സ്കൂൾ തലത്തിൽ നാലാം ക്ലാസ്സ് വരെയാണ് പോയത്. ഹാബിലിന്റെ ഭാഷയിൽ പറഞ്ഞാൽ രണ്ടും മൂന്നും വല്യ കുഴപ്പമില്ലാതെ പോയി. നാലാം ക്ലാസ്സ് കൊവിഡ് മൂലം മുടങ്ങി. കൂടെയൊരു കൂട്ടുകാരനോ വഴി പറയാൻ ഒരു ഗുരുനാഥനോ ഇല്ലാതെ, തന്റെ ലോകത്ത് ഒറ്റക്കിരുന്ന് പൊരുതിയാണ് ഹാബിൽ സ്വപ്നതുല്യമായ ഈ നേട്ടം സ്വന്തമാക്കിയത്.പഠന കാര്യത്തിൽ ഒട്ടും താത്പര്യമില്ലാതെ, എല്ലാവരിൽ നിന്നും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞുമാറി ഒറ്റക്കൊരു ലോകത്തേക്ക് ഉൾവലിഞ്ഞിരിക്കുന്ന ഹാബിലിനെയും കൊണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും, കൗൺസലിംഗ് സെന്ററുകളുടെയും പടിക്കൽ എത്രയോ തവണ ഉമ്മ ഊഴം കാത്തിരുന്നിട്ടുണ്ട്; അലസതയും അന്തർമുഖത്വവും മാറി മറ്റേതൊരു സാധാരണ കുട്ടികളെയും പോലെ പെരുമാറുന്ന മകനായി കിട്ടാൻ. ഉമ്മയുടെ ഈ ആധിയും ബേജാറും കണ്ടിട്ടാകണം ഒരിക്കൽ, ഹാബിൽ തന്നോട് ചേർത്ത് നിർത്തി ഉമ്മയോട് പറയുന്നുണ്ട്. ടെൻഷൻ ആവണ്ട.. എനിക്ക് എന്റേതായ കഴിവുകളുണ്ട്. ഒരിക്കൽ ഞാനത് പ്രകടിപ്പിക്കുമെന്ന്. തന്റെ കാഴ്ചയിൽ സ്കൂളിൽ പോകാതെ റൂമിൽ ഒറ്റക്ക് ചടഞ്ഞു കൂടിയിരുന്ന് കാലം കഴിക്കുന്ന മകനെ നോക്കി പിതാവ് ഈ പറച്ചിൽ കേട്ടപാതി ചിരിച്ചു തള്ളുകയാണുണ്ടായത്. ചിരിച്ചു തള്ളിയ ബാപ്പയോടൊപ്പമായിരുന്നില്ല, ഒറ്റയ്ക്കു തന്റെ ലോകത്തിരുന്ന് തന്റെ കിനാക്കൾക്ക് പിറകെ പാഞ്ഞ ഹാബിലിനൊപ്പമായിരുന്നു, കാലവും ഭാഗ്യവും.സരസമായി കടന്നുപോയ ഈ നിമിഷങ്ങളെ ഓർത്താകണം, പലരും പലതും പറയും, നമ്മുടെ ഫോക്കസ് ഒരിക്കലും ലൂസാവരുത് എന്ന് ഹാബിൽ ആവർത്തിച്ചു പറയുന്നത്. സ്കോളർഷിപ്പിന് അർഹമായ പേപ്പറിന് മുമ്പ് മൂന്ന് തവണ പ്രബന്ധം അവതരിപ്പിച്ചെങ്കിലും അതെല്ലാം നിരസിക്കപ്പെട്ടത് തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറാൻ ഹാബിലിന് അതൊന്നും ഒരു കാരണമായിരുന്നില്ല എന്ന് മാത്രമല്ല അത് അവനിൽ കൂടുതൽ വാശിയും കഠിനാധ്വാനവും ഉണ്ടാക്കുകയാണ് ചെയ്തത്. ഈ നേട്ടത്തെ കുറിച്ച് ചോദിക്കുമ്പോൾ ഹാബിൽ നൽകുന്ന മറുപടിയിൽ ഉണ്ട്, കണ്ട കിനാവുകൾ എത്തിപ്പിടിച്ചേ അടങ്ങൂ എന്ന അവന്റെ വാശി. സ്കോളർഷിപ് ലഭിച്ചപ്പോൾ എല്ലാവർക്കും വല്യ സന്തോഷമായി.“സർപ്രൈസ് ആയിരുന്നു എനിക്ക് പക്ഷെ ഞാൻ പ്രതീക്ഷിച്ച ഒന്ന് കൈയിൽ കിട്ടിയ പോലൊരു സന്തോഷം മാത്രമേ തോന്നിയുള്ളൂ. യൂനിവേഴ്സിറ്റിയിൽ ആദ്യം അപേക്ഷ കൊടുത്ത് അതിന് ശേഷം അവർ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുത്തു അവർക്ക് ഇഷ്ടമായാൽ മാത്രമാണ് പേപ്പർ ക്ഷണിക്കുന്നതും ഗ്രാൻഡ് അനുവദിക്കുന്നതുമെല്ലാം. ഇതെല്ലാം വീക്ഷിച്ചു അതിനായി ഒറ്റക്ക് തന്റെതായ ലോകത്തിരുന്ന് നിരന്തരം പരിശ്രമിക്കുന്ന ഒരാൾ, താൻ നേടിയെടുത്ത നേട്ടത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞാൽ അതിൽ അത്രമേലൊന്നും അതിശയപ്പെടാനില്ല.ആൽബർട്ട് ഐൻസ്റ്റീനിലും അദ്ദേഹം 1905ൽ അവതരിപ്പിച്ച റിലീറ്റിവിറ്റി (ആപേക്ഷികതാ സിദ്ധാന്തം) തിയറിയിലും ആകൃഷ്ടനായാണ് താൻ ഭൗതിക ശാസ്ത്രത്തിന്റെ പിറകെ പോയതെന്നും റിലേറ്റിവിറ്റി തിയറി അവതരിപ്പിക്കുമ്പോൾ ഐൻസ്റ്റീന് യാതൊരു വിധ ഉന്നത ബിരുദങ്ങളൊന്നും ഇല്ലായിരുന്നുവെന്നതും അദ്ദേഹം അത് ഒറ്റക്കിരുന്നാണ് എല്ലാം ചെയ്തതും അവതരിപ്പിച്ചതും എന്നതുമെല്ലാം തനിക്ക് എല്ലാ അർഥത്തിലും പ്രചോദനമായിട്ടുണ്ടെന്ന് തന്റെയീ ഏകാന്തവാസത്തെ പോലും ഉദാഹരിച്ചു കൊണ്ട് ഹാബിൽ പറയുന്നു. ഭൗതിക ശാസ്ത്രത്തിൽ ഡിപ്ലോമ എടുത്തു, ഐൻസ്റ്റീൻ പഠിപ്പിച്ച പ്രിസ്റ്റോൺ യൂനിവേഴ്സിറ്റിയിൽ പോയി പഠിക്കണം എന്ന് പറയുമ്പോൾ ഭാവിയിൽ ആരാകണമെന്ന ചോദ്യത്തിന് ഹാബിൽ ഐൻസ്റ്റീന്റെ പേര് പറയുന്നത് കേവലം അതൊരു കൗമാരക്കാരന്റെ കൗതുകക്കാഴ്ചയല്ല, മറിച്ചു എല്ലാ അർഥത്തിലും താൻ പഠിച്ചുവെച്ച മഹാപ്രതിഭയോടുള്ള ആദരവ് തന്നെയാണെന്ന് എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കാം.കുറച്ചു കാലം മുമ്പ് കോഴിക്കോട്ടുള്ള കമ്പ്യൂട്ടർ സ്ഥാപനത്തിൽ ചെന്ന് തനിക്ക് ആവശ്യമുള്ള സൗകര്യങ്ങളടങ്ങിയ ഒരു കമ്പ്യൂട്ടർ ഉണ്ടാക്കാൻ ഹാബിൽ പറഞ്ഞേൽപ്പിച്ചതിനെ കുറിച്ച് ഉമ്മ വിളിച്ചു അന്വേഷിക്കുന്നുണ്ട്. ഭീമമായ ഒരു തുകയുടെ സിസ്റ്റം ഉണ്ടാക്കാൻ പറഞ്ഞു ഒറ്റക്കൊരു കുട്ടി വന്നു ആവശ്യപ്പെടുമ്പോൾ അതേ കുറിച്ച് വിളിച്ചന്വേഷിക്കാൻ ബാധ്യതയില്ലേ എന്ന് ചോദിക്കുമ്പോൾ സ്ഥാപന ഉടമകൾ നൽകിയ മറുപടിയിൽ മകന്റെ ആവശ്യത്തിന്റെ ആധികാരികത ഉണ്ടായിരുന്നു. ഹാബിൽ പറഞ്ഞ കാര്യങ്ങൾ കൃത്യവും കണിശവും അത്രതന്നെ സൂക്ഷ്മവുമായത് കൊണ്ടും അവന്റെ ആവശ്യങ്ങൾ തീർത്തും ജനുവിൻ ആണെന്ന് ബോധ്യപ്പെട്ടതുകൊണ്ടുമാണ് അതിന് തയ്യാറായത് എന്നായിരുന്നു കോഴിക്കോട്ടുള്ള സ്ഥാപനത്തിൽ നിന്ന് ആ ഉമ്മക്ക് കിട്ടിയ മറുപടി.ഒരു ആപ്പിൾ തലയിൽ വീണതാണ് ഐസക് ന്യൂട്ടന് ഭൂഗുരുത്വാകർഷണ സിധാന്തത്തിന് കാരണമായത് എങ്കിൽ, ഹാബിൽ അവതരിപ്പിച്ച ബ്ലാക്ക് ഹോൾ തിയറിയുടെ കാരണം കേൾക്കുമ്പോൾ നമുക്കത് സമാനമായ കൗതുക വിശേഷം ആയി തോന്നിയേക്കാം. വാട്ടർ ബോട്ടിലിൽ നിന്ന് തണുത്ത വെള്ളം കുടിക്കുമ്പോൾ തൊണ്ടയിൽ ഐസ് ക്യൂബ് കുടുങ്ങിയപ്പോഴാണ് താൻ ആദ്യമായി ഈ സിദ്ധാന്തത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നത് എന്നു ഹാബിൽ പറയുന്നു.എല്ലാവരും വിരുന്നു പോകാനൊരുങ്ങിയ ഒരു ദിവസം വരാൻ കൂട്ടാക്കാതെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇന്ത്യൻ റീജിയണൽ ഹെഡിനൊപ്പം ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുണ്ടെന്ന കാരണം പറഞ്ഞു മാറി നിന്ന മകനെ കളിയാക്കി തനിച്ചു വീട്ടിൽ ഇട്ടുപോയ അതേ സായാഹ്നത്തിൽ തന്നെയാണ് അന്നോളം ഹാബിൽ പറഞ്ഞതും ചെയ്തതുമെല്ലാം ഇൻട്രോവെർട്ട് ആയ ഒരു കൗമാരക്കാരന്റെ വെറും വാക്കുകൾ മാത്രമായിരുന്നില്ല എന്നവർക്ക് ബോധ്യപ്പെട്ടത്.ഇന്റർവ്യൂ അറ്റൻഡ് ചെയ്തുവെന്നും തന്റെ പ്രബന്ധം ഗ്രാൻഡോടെ തിരഞ്ഞെടുത്തുവെന്നും ഫോണിൽ വിളിച്ചു പറയുമ്പോഴും ഒറ്റയടിക്ക് വിശ്വസിക്കാൻ അവർക്ക് സാധിച്ചില്ല എന്നത് ഒരതിശയോക്തിയല്ല. ഇനിയങ്ങോട്ട് ഹാബിൽ തന്റെ ലക്ഷ്യം കൈവരിക്കുമ്പോഴും മാറ്റമില്ലാത്ത ഒരു സത്യമുണ്ടാകും. അന്തർമുഖത്വം അപഹാസ്യമായ കുറ്റമല്ല എന്ന് തെളിയിച്ചു കൊണ്ടാണ് ഹാബിൽ തന്റെ ഓരോ ചുവടും മുന്നോട്ടു വെക്കുന്നത് എന്നത് കാലം മായ്ക്കാത്ത സത്യം.