കോഴിക്കോട് | കോർപറേഷൻ വാർഡിൽ സി പി ഐ സ്ഥാനാർഥിയെ മാറ്റണമെന്ന് സി പി എമ്മും അംഗീകരിക്കില്ലെന്ന് സി പി ഐയും നിലപാടെടുത്തതോടെ ഇടതുമുന്നണിയിൽ പ്രതിസന്ധി. മുന്നണി ധാരണ പ്രകാരം സി പി ഐക്കനുവദിച്ച കല്ലായ് വാർഡിലാണ് സ്ഥാനാർഥിയെ മാറ്റണമെന്ന് സി പി എം ജില്ലാ നേതൃത്വംആവശ്യപ്പെട്ടത്.സി പി ഐക്ക് സീറ്റ് അനുവദിച്ചതിനെ തുടർന്ന് സി പി ഐ മണ്ഡലം അസ്സി. സെക്രട്ടറി ഒ പ്രശാന്തിനെയാണ് ഇവിടെ സ്ഥാനാർഥിയാക്കിയത്. പ്രചാരണവുമായി സ്ഥാനാർഥി മുന്നോട്ട് പോകുകയും ചെയ്തു. എന്നാൽ ഇവിടെ കോൺഗ്രസ്സ് സ്ഥാനാർഥിയായി സംവിധായകൻ വിനുവിനെ പ്രഖ്യാപിച്ചതോടെയാണ് സ്ഥാനാർഥിയെ മാറ്റണമെന്ന ആവശ്യവുമായി സി പി എം ജില്ലാ നേതൃത്വം രംഗത്തുവന്നത്. പകരം തങ്ങൾ നിശ്ചയിക്കുന്ന സിനിമാ പ്രവർത്തകനെ നിർത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.എന്നാൽ സി പി എമ്മിന്റെ ആവശ്യം പ്രാദേശിക സി പി ഐ, സി പി എം നേതൃത്വം ഒരുമിച്ച് എതിർത്തു.പ്രദേശത്തെ സി പി എം, സി പി ഐ നേതൃത്വം കൂടിയാലോചിച്ചാണ് കല്ലായ് വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പ്രചാരണത്തിൽ മുന്നേറിയ സാഹചര്യത്തിൽ സ്ഥാനാർഥിയെ പിൻവലിക്കാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്.